രണ്ട് മക്കൾ കാനഡയിൽ, ഒരു മകന് നാട്ടിലെ ആശുപത്രിയിൽ ജോലി; ദമ്പതികൾ ദാരിദ്ര്യത്തിൽ വലഞ്ഞ് ജീവനൊടുക്കി

Friday 08 May 2026 2:42 PM IST

ന്യൂഡൽഹി: ദാരിദ്ര്യവും ജീവിതത്തിലെ സന്തോഷമില്ലായ്‌‌മയും കാരണം മരിക്കുകയാണെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി ദമ്പതികൾ. പഞ്ചാബ് ലുധിയാനയിലെ പമാലിലാണ് ദാരുണ സംഭവമുണ്ടായത്. ഗുർമീത് സിംഗ് (55) ഭാര്യ നരീന്ദർ കൗർ (50) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ദമ്പതികളുടെ രണ്ട് മക്കൾ കാനഡയിൽ സ്ഥിരതാമസമാണ്. മറ്റൊരു മകൻ ലുധിയാനയിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുന്നു. മക്കളെ കുറ്റപ്പെടുത്തരുതെന്നും കത്തിൽ പറയുന്നുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് കടുത്ത തീരുമാനത്തിലേയ്ക്ക് കടക്കുന്നത്. മക്കളെ പൊലീസ് ഉപദ്രവിക്കരുത്. ദാരിദ്ര്യത്തിലാണ് ഞങ്ങൾ ജനിച്ചത്. ദാരിദ്ര്യത്തിലാണ് മരിക്കുന്നതെന്നും കത്തിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം, മരണത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറയുന്നു.

ദമ്പതികളുടെ മൂത്ത മകനും മകളുമാണ് കാനഡയിലുള്ളത്. ഇവരെ കാനഡയിലേയ്ക്ക് അയക്കാൻ രണ്ടര ഏക്കർ ഭൂമി ദമ്പതികൾ വിറ്റതായി നാട്ടുകാർ പറയുന്നു. ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജിൽ വാർഡ് അറ്റൻഡറായി ജോലി ചെയ്യുന്ന ഇളയ മകനൊപ്പമാണ് ദമ്പതികൾ കഴിഞ്ഞിരുന്നത്. ജോലി കഴിഞ്ഞെത്തിയ ഇളയ മകനാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളും മാതാപിതാക്കളും തമ്മിൽ നല്ല അടുപ്പമായിരുന്നുവെന്നും മക്കൾ ഇവരെ ഉപദ്രവിക്കാറില്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.