 രേവന്ത് റെഡ്ഡിക്കെതിരെ വിമർശനം തെലങ്കാനയിൽ വനിതാ മാദ്ധ്യമപ്രവർത്തകർ അറസ്റ്റിൽ

Thursday 13 March 2025 1:38 AM IST

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് മാദ്ധ്യമപ്രവർത്തകർ അറസ്റ്റിൽ.

മുതിർന്ന മാദ്ധ്യമപ്രവർത്തക രേവതി പൊഗദാദന്തയും ഇവരുടെ സഹപ്രവർത്തക തൻവി യാദവുമാണ് അറസ്റ്രിലായത്. ഇന്നലെ പുലർച്ചെ ഹൈദരാബാദിലെ ഇവരുടെ വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോൺഗ്രസ് ഭരണത്തിൻ കീഴിലുള്ള കഷ്ടപ്പാടുകളെക്കുറിച്ച് ഒരു കർഷകൻ സംസാരിക്കുന്നതിന്റെ വീഡിയോ യൂട്യൂബ് ചാനലിലും സമൂഹ മാദ്ധ്യമങ്ങളിലും മാദ്ധ്യമപ്രവർത്തകർ പങ്കുവച്ചതാണ് വിവാദമായത്. കർഷകൻ രേവന്ത് റെഡ്ഡിക്കും സർക്കാരിനുമെതിരെ പറയുന്നുണ്ട്. ഈ വീഡിയോ എക്സിൽ പങ്കുവച്ച രേവന്ത് റെഡ്ഡി നിയമനടപടിയുമായി പോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ കേസെടുക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ നാലോടെയാണ് രേവതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ വീഡിയോ രേവതി പങ്കുവച്ചിരുന്നു. യൂട്യൂബ് ചാനലിന്റെ ഓഫീസ് സീൽ ചെയ്തു. രേവതിയുടെയും ഭർത്താവ് ചൈതന്യയുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പൊലീസ് എന്റെ വാതിലിനരികെ എന്ന അടിക്കുറിപ്പോടെ രേവതി സമൂഹ മാദ്ധ്യമത്തിൽ വീഡിയോ പങ്കിട്ടു. അവരെന്നെ കൊണ്ടുപോകും. രേവന്ത് റെഡ്ഡി എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നും അവർ കുറിച്ചു. അറസ്റ്രിനെത്തുടർന്ന് സംസ്ഥാനത്ത് വൻ പ്രതിഷേധമാണ്. സംഭവത്തെ അപലപിച്ച ബി.ആർ.എസ് നേതാക്കൾ സർക്കാരിന്റേത് സ്വേച്ഛാധിപത്യമാണെന്ന് പറഞ്ഞു.

ഒരു കർഷകൻ തന്റെ കഷ്ടപ്പാടിനെക്കുറിച്ചു പറയുന്നതിന് മാദ്ധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് സ്വേച്ഛാധിപത്യമാണ്.

ഇത് കോൺഗ്രസിന്റെ അടിയന്തരാവസ്ഥ കാലത്തെ നടപടികൾ ഓർമ്മിപ്പിക്കുന്നു -കെ.ടി രാമറാവു

ബി.ആർ.എസ് നേതാവ്