ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശി ഭീകരരുടെ സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. പ്രതിഷേധത്തിനിടെ ബംഗ്ലാദേശികൾ നുഴഞ്ഞുകയറി സംഘർഷമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം മന്ത്രാലയം നടപടികളെടുക്കും. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ മന്ത്രാലയം സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം ബംഗാളിലെ സംഘർഷമണഞ്ഞിട്ടില്ല. മുർഷിദാബാദിന് പിന്നാലെ 24 സൗത്ത് പർഗാനസിലും സംഘർഷമുണ്ടായി. രണ്ടിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രത തുടരുകയാണ്. മുർഷിദാബാദിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷം വ്യാപിക്കാതെയിരിക്കാൻ മാൾഡ ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് ഇന്റർനെറ്റ് നിരോധനം നീട്ടി.
മുർഷിദാബാദിൽ കേന്ദ്രസേനയെത്തിയതോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്.
മതത്തിന്റെ പേരിൽ അക്രമങ്ങൾ പാടില്ലെന്നും നിയമം കൈയിലെടുക്കരുതെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതിനിടെ സംഘർഷത്തിൽ ടി.എം.സി ബി.ജെ.പി പോര് രൂക്ഷമാകുകയാണ്. സംഘർഷങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നും തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് ശ്രമമെന്നും തൃണമൂൽ വക്താവ് കുണാൽ ഘോഷ് ആരോപിച്ചു. അതേസമയം പൊലീസ് തൃണമൂൽ പ്രവർത്തകരെ പോലെ പെരുമാറുകയാണെന്നും ഹിന്ദുകൾക്ക് എതിരെ ആക്രമം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
200ലേറെ അറസ്റ്റ്
തിങ്കളാഴ്ച വരെ 200ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും 11 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സാഹചര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
ഇടപെട്ട് മനുഷ്യാവകാശ
കമ്മിഷൻ
മുർഷിദാബാദ് സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |