ചെന്നൈ: തമിഴ്നാട് ബി.ജെ.പിയുടെ വൈസ് പ്രസിഡന്റായി നടി ഖുശ്ബു സുന്ദറിനെ നിയമിച്ചു. എം. ചക്രവർത്തി,വി. പി ദുരൈസാമി,കെ. പി. രാമലിംഗം എന്നിവരുൾപ്പെടെ 14 പേരെയാണ് വൈസ് പ്രസിഡന്റുമാരായി ബി.ജെ.പി നിയമിച്ചത്. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് ഖുശ്ബുവിനു ഈ പദവി നൽകിയത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായ ഖുശ്ബു അടുത്തയിടെ പാർട്ടി പരിപാടികളിൽ നിന്ന് അകലം പാലിച്ചിരുന്നു. രാഷ്ട്രീയത്തിൽ സജീവമായി തുടരുമോയെന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെയാണു പുതിയ നിയമനം. തനിക്ക് അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സംസ്ഥാന മേധാവി നൈനാർ നാഗേന്തിരനും ഖുശ്ബു എക്സിലൂടെ നന്ദി പറഞ്ഞു.
എന്നിൽ വിശ്വസിച്ച് തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്വം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്തിരനോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ ഒരു കാര്യകർത്താവ് എന്ന നിലയിൽ, കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്നും വാഗ്ദാനം ചെയ്യുമെന്നും - ഖുശ്ബു എക്സ് പോസ്റ്റിൽ കുറിച്ചു. തന്നെ പിന്തുണച്ചതിന് ബി. എൽ. സന്തോഷ്, അരവിന്ദ് മേനോൻ, പൊങ്കുലേട്ടി സുധാകർ റെഡ്ഡി എന്നിവരോടും അവർ നന്ദി പറഞ്ഞു. ഡി.എം.കെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഖുഷ്ബു, പിന്നീട് കോൺഗ്രസിൽ പ്രവർത്തിച്ച ശേഷം 2020ൽ ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അതേസമയം, ബി.ജെ.പി കേശവ വിനായകനെ ദക്ഷിണ സംസ്ഥാന ജനറൽ സെക്രട്ടറിയായി (സംഘടന) നിയമിച്ചു. ജെ.പി നദ്ദയുടെ അംഗീകാരത്തോടെ, തമിഴ്നാട് ബി.ജെ.പിക്ക് പുതിയ സംസ്ഥാന ഭാരവാഹികളെ നിയമിച്ചതായി ഭാരവാഹികളുടെ പട്ടിക പങ്കുവച്ചുകൊണ്ട് ബി.ജെ.പി തമിഴ്നാട് അറിയിച്ചു. 2026ൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി ഭാരവാഹികളിൽ അഴിച്ചുപണി നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |