ചെന്നൈ: തിരുനെൽവേലി ദുരഭിമാനക്കൊലക്കേസിൽ മരിച്ച ദളിത് യുവാവിന്റെ കാമുകിയുടെ മാതാപിതാക്കളെ പൊലീസ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർമാരായ ശരവണനും കൃഷ്ണകുമാരിക്കുമെതിരേയാണ് നടപടി. ഐ.ടി ജീവനക്കാരനായ കെവിൻ കുമാറിനെ (27) കൊലപ്പെടുത്തിയ കാമുകി സുഭാഷിണിയുടെ സഹോദരൻ സുർജിതിനെ ഗുണ്ടാചട്ടം ചുമത്തി ജയിലിടച്ചു. സുഭാഷിണിയുടെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം കേസന്വേഷണം പൊലീസിൽനിന്നും ക്രൈംബ്രാഞ്ച് സി.ഐ.ഡി ഏറ്റെടുത്തു.
തൂത്തുക്കുടിയിലെ ഇറാൽ സ്വദേശിയായ കെവിൻ കുമാർ ചെന്നൈയിലുള്ള ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പാളയംകോട്ടയിലെ കെ.ടി.സി നഗറിലെ സുഭാഷിണിയുമായി സ്‌കൂൾ കാലംമുതൽ അടുപ്പത്തിലായിരുന്നു കെവിൻ. സുഭാഷിണിയുടെ കുടുംബം ബന്ധത്തെ ശക്തമായി എതിർത്തു. 25ന് കെ.ടി.സി നഗറിൽ വച്ച് സുഭാഷിണിയുടെ സഹോദരൻ സുർജിത് കെവിൻ കുമാറിനെ വടിവാൾകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. തുടർന്ന് പൊലീസിൽ കീഴടങ്ങിയ സുർജിത്തിനെ അറസ്റ്റുചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ശരവണനെയും കൃഷ്ണകുമാരിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തന്റെ മകന്റെ മരണത്തിൽ നീതിനടപ്പാക്കാൻവേണ്ടി അഭ്യർത്ഥിച്ച കെവിൻ കുമാറിന്റെ അച്ഛൻ ചന്ദ്രശേഖർ സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരത്തുക നിരസിക്കുകയും മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. സത്യം പുറത്തുകൊണ്ടുവരാൻ പെൺകുട്ടിയെയും ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
മാതാപിതാക്കൾക്ക് പങ്കില്ലെന്ന് പെൺകുട്ടി
കെവിന്റെ കൊലപാതകക്കേസിൽ തന്റെ അച്ഛനമ്മമാർക്ക് യാതൊരു ബന്ധവുമില്ലെന്ന് സുഭാഷിണി. പെൺകുട്ടി പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് അച്ഛനമ്മമാർക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരെയും വെറുതെ വിടണമെന്നും പറയുന്നത്. തനിക്കും കെവിനും ഇടയിൽ സംഭവിച്ചത് തങ്ങൾക്ക് മാത്രമേ അറിയൂ. പലരും പലതും പറയുന്നുണ്ട്. തന്റെ സാഹചര്യം കൂടി മനസ്സിലാക്കണമെന്നും പെൺകുട്ടി പറയുന്നു. കെവിനും തനിക്കും ഇടയിൽ ഉണ്ടായിരുന്നത് യഥാർഥ പ്രണയമാണ്. കുറച്ചുനാൾ കൂടി കാത്തിരിക്കാനായിരുന്നു കെവിൻ പറഞ്ഞിരുന്നത്. അടുത്തിടെയാണ് അച്ഛൻ ഞങ്ങളുടെ കാര്യം ചോദിച്ചത്. അപ്പോൾ തങ്ങൾക്കിടയിൽ ഒന്നുമില്ലെന്നാണ് മറുപടി നൽകിയത്. അത് കെവിന്റെ നിർദ്ദേശ പ്രകാരമായിരുന്നെന്നും പെൺകുട്ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |