ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം നയിക്കുന്ന അണ്ണാ ഡി.എം.കെ വിമത വിഭാഗം എൻ.ഡി.എയിലെ സഖ്യം ഉപേക്ഷിച്ചു. ഒ.പി.എസ് ഇനി എങ്ങോട്ട് എന്ന ചർച്ച പുരോഗമിക്കുന്നതിനിടെ ഇന്നലെ രാവിലെയും വൈകിട്ടും അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ട് സംസാരിച്ചു. രാവിലെ സ്റ്റാലിൻ പ്രഭാത സവാരി നടത്തുന്നിടത്ത് എത്തിയും വൈകിട്ട് ഓഫീലെത്തിയുമായാണ് സ്റ്റാലിനെ ഒ.പി.എസ് കണ്ടത്. വൈകിട്ട് നടന്ന കൂടിക്കാഴ്ചയിൽ സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും പങ്കെടുത്തു.
കഴിഞ്ഞ 26നും 27നും തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിന് ഒ.പി.എസ് അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇത് ഒ.പി.എസിനെ വേദനിപ്പിച്ചുവെന്നും ഇതാണ് സഖ്യം വിടാൻ പ്രേരിപ്പിച്ചതെന്നുമാണ് സൂചന. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എത്തിയപ്പോഴും ഒ.പി.എസിനെ കാണാൻകൂട്ടാക്കിയിരുന്നില്ല. എടപ്പാടി പളനിസാമി നയിക്കുന്ന അണ്ണാ ഡി.എം.കെ ഔദ്യോഗിക വിഭാഗവുമായി ബി.ജെ.പി സഖ്യം ചേർന്ന ശേഷമാണ് ഒ.പി.എസിന് അവഗണനയുണ്ടായത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ രാമേശ്വരത്ത് എൻ.ഡി.എ സ്വതന്ത്രസ്ഥാനാർത്ഥിയായി പനീർശെൽവം മാത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഒ.പി.എസ് എൻ.ഡി.എ വിട്ടകാര്യം അദ്ദേഹത്തിന്റെ വിശ്വസ്തനായ പി. രാമചന്ദ്രൻ സ്ഥിരീകരിച്ചു. ഭാവിപരിപാടിൽ ഒ.പി.എസ് തന്നെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നന്ദി പറഞ്ഞ് സ്റ്റാലിൻ
''ഹൃദയത്തോട് സംവദിച്ചതിനും ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചതിനും നന്ദി!"" എന്നാണ് ഒ.പി.എസുമായ സന്ദർശനത്തെ കുറിച്ച് എം.കെ.സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. സ്റ്റാലിൻ ആശുപത്രിയിൽ നിന്നും എത്തിയ ശേഷം ഡി.എം.കെ സഖ്യത്തിലല്ലാത്ത പാർട്ടി നേതാക്കളും അദ്ദേഹത്തെ കാണാൻ എത്തുന്നുണ്ട്. ഡി.എം.ഡി.കെ അദ്ധ്യക്ഷ പ്രേമലത വിജയകാന്തും ഇന്നലെ സ്റ്റാലിനെ കാണാൻ എത്തിയിരുന്നു. ഡി.എം.കെ സഖ്യത്തിലേക്കോ വിജയുടെ ടി.വി.കെ നയിക്കുന്ന സഖ്യത്തിലേക്കോ ഒ.പി.എസ് എത്തുമെന്ന തരത്തിലുള്ള രാഷ്ട്രീയ ചർച്ചകളാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |