ന്യൂഡൽഹി: ഇക്കൊല്ലമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിൽ വോട്ടർ പട്ടിക പുതുക്കാൻ വോട്ടർമാർ പൗരത്വ, ജനന രേഖകൾ സമർപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം വിവാദത്തിൽ. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസാം സംസ്ഥാനങ്ങളിലും സമാന പരിശോധന നടത്തും.
വോട്ടർപട്ടിക ശുദ്ധീകരിക്കലാണ് ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിക്കുന്നുണ്ടെങ്കിലും ദുരുദ്യേശമെന്നാണ് ആർ.ജെ.ഡി, സി.പി.ഐ-എം.എൽ (ലിബറേഷൻ) തുടങ്ങിയ ബിഹാറിലെ പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകളില്ലെന്നും അവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഢാലോചനയാണെന്നും ആർ.ജെ.ഡി നേതാവ് ചിത്തരഞ്ജൻ ഗഗൻ പറഞ്ഞു. കേന്ദ്രസർക്കാരിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ എൻ.ആർ.സി (ദേശീയ പൗരത്വ രജിസ്റ്റർ) നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ-എംഎൽ (ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഇത്രയും വലിയ ജോലി അസാദ്ധ്യമാണെന്നും എല്ലാവരെയും ഉൾപ്പെടുത്തി ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബി.എൽ.ഒ (ബൂത്ത് ലെവൽ ഓഫീസർ) ജൂലായ് 26 വരെ വീടുതോറും പരിശോധിച്ച് വോട്ടർപട്ടിക പരിഷ്‌കരിക്കുമെന്നാണ് കമ്മിഷൻ അറിയിച്ചിട്ടുള്ളത്. പലയിടത്തും ആളുകൾ സ്ഥലം മാറുന്നതും വിദേശികൾ വരുന്നതും പരിശോധിക്കലാണ് ലക്ഷ്യമെന്ന് കമ്മിഷൻ വ്യക്തമാക്കുന്നു. 18വയസ് പൂർത്തിയായ അതത് മണ്ഡലങ്ങളിലെ സ്ഥിരം താമസക്കാരെ മാത്രമെ പട്ടികയിൽ ഉൾപ്പെടുത്തൂ.
രേഖാ പരിശോധന ഇങ്ങനെ:
1987 ജൂലായ് ഒന്നിന് മുൻപ് ജനിച്ച വോട്ടർമാർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകൾ നൽകണം.
ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖയും നൽകണം.
1987 ജൂലായ് ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ ജനനത്തീയതി, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖയാണ് നൽകേണ്ടത്. മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റും നൽകണം.
2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ച വോട്ടർമാർ തങ്ങളുടെയും മാതാപിതാക്കളുടെയും ജനന സർട്ടിഫിക്കറ്റ് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |