നീറ്റലായി നീറ്റ് റദ്ദാക്കൽ: പുകയുന്നത് 22.79 ലക്ഷം വിദ്യാർത്ഥികൾ
ന്യൂഡൽഹി: രാജ്യവ്യാപകമായി ചോദ്യപേപ്പർ ചോർന്നെന്ന സംശയത്തിനിടെ, 22.79 ലക്ഷം വിദ്യാർത്ഥികളുടെ നെഞ്ചിൽ തീകോരിയിട്ട് ഈ വർഷത്തെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി. കേരളത്തിൽ ഒന്നേകാൽ ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പുനഃപരീക്ഷ എന്നു നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിക്കാത്തത് ആശങ്ക ഇരട്ടിയാക്കി. പുതിയ പരീക്ഷാത്തീയതിയും അഡ്മിറ്റ് കാർഡ് വിതരണം ചെയ്യൽ സംബന്ധിച്ചും പത്ത് ദിവസത്തിനുള്ളിൽ അറിയിക്കുമെന്നാണ് എൻ.ടി.എ പറയുന്നത്. കേന്ദ്ര ഏജൻസികൾ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. ചോദ്യപേപ്പർ ചോർച്ചയുടെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സംഭവത്തിൽ ഇന്നലെ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. അന്വേഷണവുമായി സഹകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. മേയ് മൂന്നിനായിരുന്നു നീറ്റ് യു.ജി പരീക്ഷ. 2024ലും നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി വീണ്ടും നടത്തിയിരുന്നു. പരീക്ഷയുടെ വിശ്വാസ്യതയെയും പരിശുദ്ധിയെയും കളഞ്ഞുകുളിക്കുന്നതിനെ സുപ്രീംകോടതി അന്ന് രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ 24 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളുടെ ഭാവി മുൻനിറുത്തി പുനഃപരീക്ഷയ്ക്ക് ഉത്തരവിട്ടിരുന്നില്ല. പഴുതടച്ച സംവിധാനത്തിന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നിട്ടും ചോദ്യ പേപ്പർ ചോർച്ചയിൽ നിന്ന് എൻ.ടി.എയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും പാഠം പഠിച്ചില്ല. ഇത്തവണ വിഷയം പരമോന്നത കോടതിക്കു മുന്നിലെത്തും മുൻപു തന്നെ പരീക്ഷ റദ്ദാക്കി.
'ഊഹപ്പേപ്പറും" കേരള ബന്ധവും
നാസിക്കിലെ പ്രിന്റിംഗ് പ്രസിൽ നിന്നുള്ള ഒരു സെറ്റ് ചോദ്യപേപ്പർ ആയിരക്കണക്കിന് പകർപ്പുകളായി മാറിയെന്ന സംശയമാണ് ആദ്യം ഉയർന്നത്. ഇതിനു പുറമെ, പരീക്ഷയ്ക്ക് വരാൻ സാദ്ധ്യതയുള്ള ചോദ്യങ്ങൾ എന്ന നിലയിൽ കൈ കൊണ്ടെഴുതിയ 'ഊഹപ്പേപ്പർ" (ഗസ് പേപ്പർ) രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. നീറ്റ് യു.ജി പരീക്ഷയിലെ 150 ചോദ്യങ്ങൾ അതേപോലെ ഇതിലുണ്ടായിരുന്നത് അന്വേഷണ സംഘത്തെ ഞെട്ടിച്ചു. കേരളത്തിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. മേയ് ഒന്നിന് രാജസ്ഥാനിലുള്ള സികറിലെ തന്റെ കൂട്ടാളിക്ക് കൈ കൊണ്ടെഴുതിയ ചോദ്യപേപ്പർ ഈ വിദ്യാർത്ഥി അയച്ചുവെന്നാണ് നിഗമനം.
50ൽപ്പരം പേർ കസ്റ്റഡിയിൽ
1. മുഖ്യ സൂത്രധാരൻ മനീഷ് യാദവ്, കോച്ചിംഗ് സെന്റർ ഉടമകൾ, കരിയർ കൺസൾട്ടന്റുമാരടക്കം 50ൽപ്പരം പേർ കസ്റ്റഡിയിൽ
2. ചോദ്യപേപ്പർ വിറ്റത് 30,000 മുതൽ 5 ലക്ഷം രൂപയ്ക്ക്. തരികിട വഴി കണ്ടെത്താൻ സി.ബി.ഐ രംഗത്ത്
3. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, തെലങ്കാന, ആന്ധ്രാപ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ തട്ടിപ്പ് ശൃംഖല
തട്ടിപ്പിന്റെ ആഴം
ആകെ മാർക്ക് 720
ആകെ ചോദ്യം 180
ഓരോ ചോദ്യത്തിനും 4 മാർക്ക്
ഊഹപ്പേപ്പറിൽ വന്നത് 150 ചോദ്യങ്ങൾ
അതിനു കിട്ടുന്ന മാർക്ക് 600
പത്തനംതിട്ടയിലും കോഴിക്കോട്ടും ചോർന്നു
തിരുവനന്തപുരം: ദേശീയമെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ കോഴിക്കോട്ടും പത്തനംതിട്ടയിലും ചോർന്നതായി സൂചന. രാജസ്ഥാൻ പൊലീസാണ് ഇതു സംബന്ധിച്ച വിവരങ്ങൾ കേരള പൊലീസിന് കൈമാറിയത്. പത്തനംതിട്ടയിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തെളിവ് കിട്ടിയിട്ടില്ല.കോഴിക്കോട്ടെ മെഡിക്കൽ വിദ്യാർത്ഥിനി നീറ്റ് പരീക്ഷയ്ക്ക് നാലു ദിവസം മുൻപ് ചോദ്യപേപ്പർ ചോർത്തിയതായും വിവരമുണ്ട്. രാജസ്ഥാൻ സ്വദേശിയാണ്. ചോദ്യം വാങ്ങിയ നിരവധി പേരെ കണ്ടെത്തിയതായും സൂചനയുണ്ട്. വിശദമായ അന്വേഷണത്തിന് രാജസ്ഥാൻ പൊലീസ് ഉടൻ കേരളത്തിലെത്തും.ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്ത സി.ബി.ഐ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൊച്ചി സി.ബി.ഐ യൂണിറ്റ് പ്രാഥമികമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
രാജസ്ഥാൻ പൊലീസ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേരളത്തിലെ വിവരങ്ങൾ അവരാണ് കണ്ടെത്തിയത്. അന്വേഷണത്തിന് എല്ലാവിധ സഹായവും നൽകും -റവാഡ ചന്ദ്രശേഖർ, പൊലീസ് മേധാവി