ഡൽഹിയിൽ ബ്രിക്സ് യോഗം സൗഹൃദം ശക്തമാക്കി ഇന്ത്യയും ഇറാനും

Friday 15 May 2026 12:51 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയശേഷം ആദ്യമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. ഹോർമുസ് കടലിടുക്ക് പ്രതിസന്ധി ഉൾപ്പെടെ ചർച്ച ചെയ്‌തു. ഭാരത് മണ്ഡപത്തിൽ ഇന്നലെ ആരംഭിച്ച രണ്ടുദിവസത്തെ ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനെത്തിയതാണ് അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷം പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിഷയമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ബ്രിക്‌സ് യോഗത്തിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക്,ചെങ്കടൽ എന്നിവയുൾപ്പെടെയുള്ള രാജ്യാന്തര സമുദ്രപാതകളിലൂടെ സുരക്ഷിതവും തടസമില്ലാത്തതുമായ കപ്പൽ സഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട്. ഏകപക്ഷീയമായ ഉപരോധങ്ങൾ ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന്, യു.എസിനെ ഉന്നംവച്ച് ജയശങ്കർ പറഞ്ഞു. പാലസ്‌തീൻ പ്രശ്‌നത്തിന് 'ദ്വിരാഷ്ട്രമാണ്" പരിഹാരം. ഇന്ത്യ അതിനെ പിന്തുണയ്‌ക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

യു.എസിനെതിരെയുള്ള ചെറുത്തുനിൽപ്പ് തങ്ങളുടെ മാത്രം പോരാട്ടമല്ലെന്നും പല ലോകരാജ്യങ്ങളും അവരുടെ ബലപ്രയോഗത്തിന് വിധേയമാകുന്നുവെന്നും അരാഗ്ചി പറഞ്ഞു. അത്തരം രീതികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്ന് യു.എസിനെ ബോദ്ധ്യപ്പെടുത്തണം. അതിനായി ഒരുമിച്ചിറങ്ങേണ്ട സമയമാണിതെന്നും വ്യക്തമാക്കി.

'ഹിന്ദി റൂസി ഭായ് ഭായ്'

ഓർമ്മപ്പെടുത്തി റഷ്യ

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും മോദിയുമായി കൂടിക്കാഴ്ച നടത്തി. യുക്രെയിനിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം ഉൾപ്പെടെ ചർച്ച ചെയ്‌തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ആശംസകൾ കൈമാറണമെന്ന് മോദി അഭ്യർത്ഥിച്ചു. ഇന്ത്യയുടെ ഊ‌ർജ്ജ താത്പര്യം റഷ്യ സംരക്ഷിക്കുമെന്ന് ലാവ്‌റോവ് പറഞ്ഞു. ഇന്ത്യയും റഷ്യയുമായുള്ളത് ഉറച്ച ബന്ധമാണ്. ഊർജ്ജ സഹകരണത്തിലെ മികച്ച ഉദാഹരണമാണ് കുടംകുളത്തെ ആണവോർജ്ജ പ്ലാന്റ്. ഹിന്ദി റൂസി ഭായ് ഭായ് എന്ന പഴയ മുദ്രാവാക്യവും അദ്ദേഹം മുഴക്കി. ദക്ഷിണാഫ്രിക്കൻ വിദേശകാര്യമന്ത്രി റൊണാൾഡ് ലമോല,​ ബ്രസീലിയൻ വിദേശകാര്യമന്ത്രി മൗരോ വിയേറ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. ചൈനയെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫെയിഹോംഗ്, യു.എ.ഇയിൽ നിന്ന് ഖലീഫ ഷഹീൻ അൽ മരാർ, ഇന്തോനേഷ്യയിലെ സുഗിയോനോ എന്നിവരടക്കം ബ്രിക്‌സ് യോഗത്തിനെത്തി.