മൂന്നാംഘട്ടം എസ്ഐആർ പ്രഖ്യാപിച്ച് തിര. കമ്മിഷൻ; 16 സംസ്ഥാനങ്ങൾ, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾ
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുടെ മൂന്നാംഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ തുടങ്ങി 16 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്.ഐ.ആർ തുടങ്ങുന്നത്.
ഡൽഹി, ഒഡിഷ, മിസോറം, സിക്കിം, ദാദ്ര ആൻഡ് നാഗർ ഹവേലി, ഡാമൻ ആൻഡ് ഡിയു, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഹരിയാന, ചണ്ഡിഗർ,തെലങ്കാന, കർണാടക, മേഘാലയ, മഹാരാഷ്ട്ര, ജാർഖണ്ഡ്, നാഗാലാൻഡ്, ത്രിപുര എന്നിവയടക്കമാണിത്. എസ്.ഐ.ആർ പ്രക്രിയയ്ക്കായി ഇവിടങ്ങളിൽ 3.94 ലക്ഷം ബി.എൽ.എമാരെ നിയോഗിക്കും. 3.42 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരേയും. ഇവിടങ്ങളിൽ ആകെയുള്ളത് 36.73 കോടി സമ്മതിദായകർ. അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരണം ഇവിടങ്ങളിൽ വിവിധ തീയതികളിലായിരിക്കും. ത്രിപുരയിലായിരിക്കും അവസാനം വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. ഡിസംബർ 23ന്.
ഇനി ബാക്കിയുള്ള ഹിമാചൽ പ്രദേശ്, ജമ്മു കാശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ശൈത്യവും പരിഗണിച്ച് ഈ ഘട്ടത്തിൽ എസ്.ഐ.ആർ നടത്തില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ആദ്യഘട്ടം ബീഹാറിലായിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ,ഉത്തർപ്രദേശ് എന്നിവിടങ്ങളിലായിരുന്നു രണ്ടാംഘട്ടം.