മദ്യനയക്കേസ്: ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ പിന്മാറി

Friday 15 May 2026 1:14 AM IST

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലുള്ള സി.ബി.ഐ അപ്പീലിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ പിന്മാറി. കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്‌താണ് സി.ബി.ഐയുടെ അപ്പീൽ. ഇതിൽ സ്വരാന കാന്ത ശർമ്മ വാദം കേൾക്കരുതെന്ന് കേജ്‌രിവാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ജ‌ഡ്‌ജി വിസമ്മതിച്ചിരുന്നു. തുടർന്ന് വാദംകേൾക്കലിൽ നിസഹകരിക്കാൻ കേജ്‌രിവാൾ തീരുമാനിച്ചു. ഇതിനിടെയാണ്,​ തനിക്ക് വ്യക്തിപരമായ വൈരാഗ്യമുണ്ടെന്ന് കേജ്‌രിവാളും മറ്റു പ്രതികളും വിചാരിച്ചേക്കുമെന്ന് വ്യക്തമാക്കി ഇന്നലെ ജ‌ഡ്‌ജി നാടകീയമായി പിന്മാറിയത്. അതേസമയം,​ തനിക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ആരോപണമുന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി ജ‌ഡ്‌ജി,​ കേജ്‌രിവാൾ അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യനടപടിക്കും തുടക്കമിട്ടു. ആർ.എസ്.എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ നിരന്തരം പങ്കെടുക്കുന്ന ജഡ്‌ജിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് കേജ്‌രിവാളിന്റെ വാദം. ജഡ്‌ജിയുടെ രണ്ട് മക്കളും കേന്ദ്രസർക്കാ‌ർ പാനലിലെ അഭിഭാഷകരാണ്. ‌ജഡ്‌ജിയുടെ നിഷ്‌പക്ഷതയിൽ പൊതുജനങ്ങളിൽ സംശയമുണ്ടെന്നും ആംആദ്മി നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.