ബീഹാറിൽ ട്രെയിനിന് തീപിടിച്ചു
പാട്ന: ബീഹാറിലെ സസാറാം സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു കോച്ചിന് തീപിടിച്ചു. സസാറാമിൽ നിന്ന് പട്നയിലേക്ക് പുറപ്പെടാനിരുന്ന പാസഞ്ചർ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ഇന്നലെ രാവിലെ ആറോടെയാണ് സസാറാം റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ തീപ്പിടിച്ചത്. കോച്ചിൽ പെട്ടെന്ന് തീപടർന്നത് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആളപായമില്ല.സംഭവത്തിൽ റെയിവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റെയിൽവേ പൊലീസും അഗ്നിശമനസേനയും ഉടനടി സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ട്രെയിന്റെ ഒരു കോച്ച് പൂർണമായും കത്തിയമർന്നു. തകരാർ സംഭവിച്ച കോച്ച് വേർപെടുത്തി, പരിശോധനകൾക്ക് ശേഷം ട്രെയിൻ സർവീസും പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ രത്ലാമിൽ വച്ച് ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന്റെ എസി കോച്ചിൽ തീപിടിത്തമുണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവം.