ടി.വി.കെ കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചു; സ്റ്റാലിൻ

Tuesday 19 May 2026 12:44 AM IST

ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാദ്ധ്യമങ്ങളെയും കുട്ടികളെയും ടി.വി.കെ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. ഇതാണ് ടി.വി.കെ വിജയത്തിന് അനുകൂലമായത്. ഇനി മുതൽ അത്തരം പ്രവൃത്തികളെ പരാജയപ്പെടുത്താൻ പാർട്ടി തന്ത്രങ്ങൾ ആവിഷ്‌കരിക്കും. ഇന്നലെ തഞ്ചാവൂരിൽ

തിരുവാരൂർ എം.എൽ.എ പൂണ്ടി കലൈവാനന്റെ കുടുംബ ചടങ്ങിൽ

പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം നഷ്ടപ്പെട്ടിട്ടും ഡി.എം.കെ രാഷ്ട്രീയമായി പ്രസക്തമായി തുടരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. 'ഇവിടെ സംസാരിച്ച പലരും ദുഃഖിതരായിരുന്നു. വിഷമിക്കേണ്ട കാര്യമില്ല, ഞങ്ങൾ ഇപ്പോഴും അധികാരത്തിലാണ്'. പാർട്ടിയുടെ നയങ്ങളാണ് ഇപ്പോഴും സംസ്ഥാനത്ത് ഭരണത്തെ രൂപപ്പെടുത്തുന്നതിന്റെ തെളിവ്. നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ പരാജയപ്പെടുമ്പോൾ ഡി.എം.കെ ഒരു ഫീനിക്സ് പക്ഷിയായി മാറും. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം താൻ തകർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നയുടനെ പാർട്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.