ഓപ്പറേഷൻ സിന്ദൂർ 2.0യ്ക്ക് സജ്ജം: കരസേനാമേധാവി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്നും ഓപ്പറേഷൻ സിന്ദൂർ 2.0യ്ക്ക് രാജ്യം സജ്ജമാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ശത്രുതയിൽ താത്കാലിക വിരാമം ഉണ്ടായിട്ടുണ്ട്. എങ്കിലും ഭാവിയിലുണ്ടായേക്കാവുന്ന ഏതൊരു സാഹചര്യത്തെയും നേരിടാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും ഒരു വാർത്താ ഏജൻസിയോട് അദ്ദേഹം വ്യക്തമാക്കി.
പുതിയ സാഹചര്യം വന്നാൽ കരസേനയും വ്യോമസേനയും നാവികസേനയും തയ്യാറാണ്. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ യുദ്ധമുറകളുടെ ആവശ്യകതകൾക്കനുസരിച്ച് പോരാട്ടവീര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത്. ആധുനിക യുദ്ധക്കളങ്ങൾ അത്യന്തം സുതാര്യമാണ്. നിരീക്ഷണ സംവിധാനങ്ങളുടെ കരുത്തിൽ ശത്രുക്കളുടെ ഓരോ നീക്കവും 24 മണിക്കൂറും തത്സമയം അറിയാനാകും.
ഇന്റലിജൻസ് കഴിവുകൾ വർദ്ധിച്ചതോടെ അതിർത്തി മേഖലകളിലെ സൈനിക വിന്യാസത്തിലും ആസൂത്രണത്തിലും കൂടുതൽ ജാഗ്രതയും സുരക്ഷയും ആവശ്യമാണ്. അതിർത്തി പ്രദേശങ്ങളിലെ നമ്മുടെ സൈനികരെയും പൗരന്മാരെയും സംരക്ഷിക്കുന്നതിനായി വളരെ ജാഗ്രത പാലിക്കണം. വിവരങ്ങൾക്കുവേണ്ടി വിശ്വസനീയമായ സ്രോതസുകളെ വിശ്വാസമർപ്പിക്കുന്നത് വിജയത്തിന് അത്യന്താപേക്ഷിതമാണ്. ജനങ്ങൾക്കിടയിലുള്ള വിശ്വാസവും ഐക്യവുമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മേയ് 7ന് അർദ്ധരാത്രിയിലാണ് പാക് ഭീകരതയ്ക്കുള്ള പ്രതികാര നടപടിയായ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്.