കോടതി ഉത്തരവിട്ടിട്ടും കസ്റ്റഡിയിൽ; തടവുകാരന് 11 ലക്ഷം രൂപ നഷ്‌ടപരിഹാരം

Sunday 31 May 2026 1:22 AM IST

വ്യക്തി സ്വാതന്ത്ര്യം നിസാര കാര്യമല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോടതി ഉത്തരവിട്ടിട്ടും 24 ദിവസം അന്യായ കസ്റ്റഡിയിൽ സൂക്ഷിച്ച തടവുകാരന് 11 ലക്ഷം നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. രാജസ്ഥാൻ സർക്കാരിനാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ,അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. വ്യക്തി സ്വാതന്ത്ര്യം നിസാര കാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ക്രിമിനൽ കേസിൽ നാലുവ‌ർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗദയാലിന് 2024 നവംബറിൽ രാജസ്ഥാൻ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജയിലിൽ നിന്ന് മോചിപ്പിച്ചില്ല. 24 ദിവസം പിന്നെയും ജയിലിൽ കിടന്നു. ഹൈക്കോടതിയുടെ കർശന നിലപാടിനെ തുടർന്നാണ് മോചനം സാദ്ധ്യമായത്. ഇതിനുപിന്നാലെ എട്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം സർക്കാരിൽ നിന്ന് ഈടാക്കി നൽകണമെന്നാവശ്യപ്പെട്ട് ദൗദയാൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.