പി.എഫ് പെൻഷൻ പ്രോ റേറ്റ റദ്ദാക്കി പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഇ.പി.എഫ്.ഒയ്‌ക്ക് തിരിച്ചടി

Sunday 31 May 2026 1:34 AM IST

ന്യൂഡൽഹി: ഉയർന്ന പെൻഷൻ കണക്കാക്കാൻ പ്രോ റേറ്റാ രീതി നിർബന്ധമാക്കിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) സർക്കുലർ പഞ്ചാബ് - ഹരിയാന ഹൈക്കോടതി റദ്ദാക്കി. പ്രോ റേറ്റ ബാധകമാക്കികൊണ്ട് ഇ.പി.എഫ്.ഒ നൽകിയ 2024 ഫെബ്രുവരി 14ലെ ഇമെയിലും 2025 ജനുവരി 18ലെ സർക്കുലറുമാണ് റദ്ദാക്കിയത്.

പെൻഷൻകാർ സമർപ്പിച്ച

ഒരുകൂട്ടം ഹർജിയിലാണ് ജസ്റ്റിസ് ഹർപ്രീത് സിങ് ബ്രാറിന്റെ നിർണായക ഇടപെടൽ. കേരള ഹൈക്കോടതിയിൽ അടക്കം പെൻഷൻകാർ നടത്തുന്ന നിയമപോരാട്ടത്തിൽ പുതിയ വിധി തുണയാകും. ഇതോടെ, ഉയർന്ന പി.എഫ് പെൻഷൻ തന്നെ നൽകാൻ സാഹചര്യം ഒരുങ്ങിയെങ്കിലും ഇ.പി.എഫ്.ഒ അപ്പീൽ നൽകും.

2025 സെപ്‌തംബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും സമാന നിലപാട് സ്വീകരിച്ചിരുന്നു. സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തിരിക്കുകയാണ്. ഇ.പി.എഫ്.ഒയുടെ അപ്പീൽ പരിഗണിച്ചായിരുന്നു നടപടി.

കുടിശ്ശികയ്ക്ക് 8% പലിശ

പ്രോ റേറ്റ രീതി നടപ്പാക്കിയതു കാരണം നഷ്‌ടമായ പെൻഷൻ തുക എട്ടു ശതമാനം പലിശ സഹിതം നൽകണമെന്നാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ നിർദേശം. ഹർജിക്കാർക്ക് മാത്രമല്ല,​ ഇതേ ബുദ്ധിമുട്ട് നേരിടുന്ന എല്ലാവർക്കും വിധിയുടെ ആനുകൂല്യം ലഭിക്കുമെന്നും കൂട്ടിച്ചേർത്തു.

പ്രോ റേറ്റ ?

സർവീസ് കാലവളവിനെ രണ്ടായി വിഭജിച്ച് പെൻഷൻ കണക്കാക്കുന്നതാണ് പ്രോ റേറ്റ വ്യവസ്ഥ. പെൻഷൻ കണക്കാക്കുന്നതിനായി പരിഗണിക്കുന്ന ശരാശരി ശമ്പളം 2014 ആഗസ്റ്റ് 31 വരെ പരമാവധി 6500 രൂപയും, അതിനുശേഷമുള്ള കാലത്തേത് 15000 രൂപയുമായി കണക്കാക്കും. 2014 ആഗസ്റ്റ് 31 വരെയുള്ള സർവീസിന് പ്രോ റേറ്റ ഏർപ്പെടുത്തിയതിനാൽ പെൻഷനിൽ 35%ൽപ്പരം കുറവു വരുന്നതാണ് കേസുകൾക്ക് കാരണമാകുന്നത്.