നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; തീരുമാനം ഉന്നതതല യോഗത്തിൽ
ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് പിന്നാലെ റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ ജൂൺ 21 ഞായറാഴ്‌ച നടത്തും. ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (എൻടിഎ) ഉന്നത ഉദ്യോഗസ്ഥർ, സിബിഎസ്‌ഇയിലെ ഉന്നതർ ഉൾപ്പെടെ പങ്കെടുത്ത യോഗം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എക്‌സ് പോസ്റ്റിലൂടെ എൻടിഎ തീയതി പ്രഖ്യാപിച്ചത്.
പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കണമെന്ന് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും എൻടിഎ അഭ്യർത്ഥിക്കുകയും ചെയ്‌തു. neet-ug@nta.ac.in, neet-ug@nta.ac.in എന്നിവയാണ് ഔദ്യോഗിക വെബ്‌സൈറ്റുകൾ. കേന്ദ്ര സർക്കാർ അംഗീകാരത്തോടെയാണ് പരീക്ഷാ തീയതി തീരുമാനിച്ചതെന്നും എൻടിഎയുടെ പോസ്റ്റിൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ, അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ എന്നിവയെല്ലാം അവഗണിക്കണമെന്നും എൻടിഎ നിർദേശിച്ചു.
2026 മേയ് മൂന്നിനാണ് നേരത്തേ നീറ്റ് യു ജി പരീക്ഷ നടന്നത്. 23 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. സിബിഐയാണ് ചോദ്യപ്പേപ്പർ ചോർച്ചാ കേസ് അന്വേഷിക്കുന്നത്. ചോദ്യപ്പേപ്പർ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ചോർന്നതെന്നാണ് വിവരം. നിലവിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള 2024ലെ നിയമപ്രകാരം ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.