ലാൻഡിംഗിനിടെ സുഖോയ് യുദ്ധവിമാനം അപകടത്തിൽപ്പെട്ടു; സാങ്കേതിക തകരാറെന്ന് സൂചന

Saturday 18 April 2026 10:28 AM IST

പൂനെ: വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി 10.25ഓടെയായിരുന്നു സംഭവം. വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ പൂനെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചത്.

ലാൻഡിംഗിനിടെ വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. പതിവ് രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു വിമാനം റൺവേയിൽ ഇടിച്ചിറങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണെന്നും മറ്റ് നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.

അപകടത്തെത്തുടർന്ന് പൂനെ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പൂർണമായും തടസപ്പെട്ടിരുന്നു. നിരവധി വിമാവങ്ങൾ റദ്ദാക്കി. ചിലത് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഏറ്റവും കൂടുതൽ സർവീസ് റദ്ദാക്കിയത് ഇൻഡിഗോയാണ്. എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നീ വിമാനക്കമ്പനികളുടെ സർവീസുകളെയും ബാധിച്ചു. റൺവേ സാധാരണ നിലയിലാക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു.

സുഖോയ് 30 എംകെഐ വിമാനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ വർഷത്തെ രണ്ടാമത്തെ അപകടമാണിത്. ഈ വർഷം മാർച്ച് അഞ്ചിന് അസമിലെ കാർബി അംലോംഗ് ജില്ലയിൽ സുഖോയ് വിമാനം തകർന്ന് വീണിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്‌ടമായിരുന്നു.