'വരാൻ പോകുന്നത് കഠിനമേറിയ കാലം, രാജ്യത്തെ സാധാരണക്കാർ കഷ്ടപ്പെടും'; മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

Tuesday 19 May 2026 3:34 PM IST

ലക്‌നൗ: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഠിനമേറിയ കാലം വരാൻ പോകുന്നുവെന്നാണ് രാഹുൽ പറഞ്ഞത്. ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം വിദേശയാത്രകൾ നടത്തരുതെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

'ഇന്ത്യയുടെ സാമ്പത്തികഘടനയിൽ മോദി മാറ്റം വരുത്തിയെന്ന് ഞാൻ കുറച്ചുദിവസങ്ങളായി പറയുന്നു. ഒരു സാമ്പത്തിക കൊടുങ്കാറ്റ് വരാൻ പോകുന്നു. അദാനി - അംബാനി ഘടകങ്ങൾ ഇനി അധികകാലം നിലനിൽക്കില്ല. അത് തകരും. സാധാരണക്കാ‌ർ കഷ്ടപ്പെടുമെന്നത് നിർഭാഗ്യകരമായ കാര്യമാണ്. ഈ സാമ്പത്തിക പ്രശ്നങ്ങൾ അദാനി,​ അംബാനി,​ മോദി എന്നിവരെ ബാധിക്കില്ലെങ്കിലും സാധാരണക്കാരെ ഇത് ആഴത്തിൽ ബാധിക്കും. കഠിനമേറിയ കാലമാണ് വരാൻ പോകുന്നത്'- രാഹുൽ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടയിൽ രാജ്യത്ത് ഇന്ധനവില ഇന്നുരാവിലെയും കൂടി. പെട്രോളിന് ലിറ്ററിന് 86 പൈസയും ഡീസലിന് ലിറ്ററിന് 83 പൈസയുമാണ് കൂട്ടിയത്. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്.

പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 111.71 പൈസയായി ഉയർന്നു. ഡീസൽ വില 100 കടന്നു. കൊച്ചിയിൽ പെട്രോളിന് വില 109.60 രൂപയായി. 98.45 രൂപയാണ് ഡീസൽ വില. ഡൽഹിയിൽ പെട്രോളിന് വില 98.64 രൂപയായും ഡീസലിന് വില 91.58 രൂപയായും ഉയർന്നു. മുംബയിൽ പെട്രോളിന് വില 107.59 രൂപയിലും ഡീസലിന് 94.08 രൂപയിലും എത്തി. കൊൽക്കത്തയിൽ പെട്രോളിന് 109.70 രൂപയാണ് പുതിയ നിരക്ക്. ഡീസലിന് 96.07 രൂപയും. ചെന്നൈയിൽ പെട്രോളിന് 104.49 രൂപയായും ഡീസലിന് 96.11 രൂപയായും വില ഉയർന്നു.