ന്യൂഡൽഹി: ഇരകളായ ആറു പെണ്ണുങ്ങൾ ഒത്തുചേർന്ന് 60കാരനായ പീഡകനെ കൊന്നു കത്തിച്ചു. ഒഡിഷ ഗജപതി ജില്ലയിലെ മോഹന ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവം. വാർഡ് മെമ്പറുടെയടക്കം സഹായത്തോടെയാണ് പീഡനവീരന്റെ ശല്യം എന്നന്നേക്കുമായി അവസാനിപ്പിച്ചത്.
ഇരകളായ ആറു പേരുൾപ്പെടെ എട്ടു സ്ത്രീകളെയും രണ്ട് പുരുഷൻമാരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ജൂൺ മൂന്നിന് രാത്രിയാണ് പെൺവീര്യം ജ്വലിച്ചത്. അന്നേദിവസം രാത്രി ഗ്രാമത്തിലെ 52കാരിയെ 60കാരൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇയാളുടെ ക്രൂരതയ്‌ക്ക് മുൻപ് ഇരയായ സ്ത്രീകൾ ഇതറിഞ്ഞ് അതിവേഗം സംഘടിക്കുകയായിരുന്നു. കൊല്ലാൻ ഒറ്റക്കെട്ടായി തീരുമാനിച്ചു. പീഡകൻ താമസിക്കുന്നയിടത്തേക്ക് ഉടൻ കുതിച്ചു. ഉറങ്ങുകയാണെന്ന് മനസിലാക്കി. വീട്ടിൽ കടന്ന് ആദ്യം വെട്ടിയത് അന്നേദിവസം പീഡനത്തിനിരയായ 52കാരി. പിന്നാലെ മറ്റുള്ളവരും തുരുതുരാ വെട്ടി. മരിച്ചുവെന്ന് ഉറപ്പിച്ച ശേഷം രണ്ടു കിലോമീറ്ററിനപ്പുറത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി. അവിടെയുള്ള കുന്നിന്റെ മുകളിലിട്ട് കത്തിച്ചു. ഇക്കാര്യം അറസ്റ്റിലായവർ സമ്മതിച്ചുവെന്ന് മോഹന പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബസന്ത് സേത്തി പറഞ്ഞു.
60കാരനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നുള്ള തെരച്ചിലിൽ വനമേഖലയിലെ കുന്നിൻപ്രദേശത്ത് അസ്ഥികളും ചാരവും പൊലീസ് കണ്ടെത്തി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
നാട്ടുകാർക്ക് പേടിസ്വപ്നം
നാട്ടുകാർക്ക് പേടിസ്വപ്നമായിരുന്നു ഈ അറുപതുകാരൻ. നാലുവർഷം മുൻപ് ഭാര്യ മരിച്ചതോടെയാണ് ഇയാൾ തനിസ്വരൂപം പുറത്തെടുത്തത്. ഗ്രാമത്തിലെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായാണ് വിവരം. ഇരകൾ അതു സംബന്ധിച്ച് പരാതി നൽകിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇനിയൊരു സ്ത്രീക്കും ദുർഗതിയുണ്ടാകരുത് എന്ന തീരുമാനത്തിലാണ് കൊലപാതകം നടപ്പാക്കിയതെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |