ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ് ഇന്ന് കരൂരിലേക്ക് പോകില്ല. സിബിഐ അന്വേഷണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സിബിഐ അന്വേഷത്തെ തടസപ്പെടുത്താനില്ലെന്ന് ടിവികെ നേതാക്കൾ പറഞ്ഞു. വിജയ് ഇന്ന് കരൂരിലെത്തി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ടിവികെയുടെ ചെന്നൈയിലെ ഓഫീസ് കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്ന് പ്രവർത്തനം തുടങ്ങിയത്. 41പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ശേഷം പാർട്ടി ആസ്ഥാനം പൂട്ടിക്കിടക്കുകയായിരുന്നു. സെപ്‌തംബർ 27നാണ് വിജയ്‌യുടെ റാലിക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 41പേർ മരിച്ചതോടെ പാർട്ടിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.
നിലവിൽ വിജയ് പട്ടിണപ്പാക്കത്തുള്ള വസതിയിലാണ്. ബുസി ആനന്ദ്, ആദവ് അർജുൻ, സിടിആർ നിർമൽ കുമാർ, അരുൺ എന്നിവരുൾപ്പെടെ ടിവികെയിലെ പ്രധാനപ്പെട്ട നേതാക്കളുമായി വിജയ് ചർച്ച നടത്തി. കരൂർ ദുരന്തത്തിന് ശേഷം ആദ്യമായാണ് വിപുലമായ ചർച്ച നടക്കുന്നത്. സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് നേതാക്കളുടെ തീരുമാനം.
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം നിർദേശിച്ച സുപ്രീം കോടതി ഉത്തരവിനെ ടിവികെ നേരത്തേ സ്വാഗതം ചെയ്‌തിരുന്നു. സിബിഐയുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കരൂരിൽ മരിച്ച 41 പേരിൽ 18 സ്ത്രീകളും 13 പുരുഷന്മാരും അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും ഉൾപ്പെടുന്നു. 34പേർ കരൂർ ജില്ലയിൽ നിന്നുള്ളവരാണ്, ഈറോഡ്, തിരുപ്പൂർ, ദിണ്ടിഗൽ ജില്ലകളിൽ നിന്ന് രണ്ടുപേർ വീതവും സേലം ജില്ലയിൽ നിന്ന് ഒരാളുമാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |