കൊളംബോ: വനിതാ ലോകകപ്പ് ക്രിക്കറ്റിലും ഇന്ത്യക്ക് മുന്നില്‍ നാണംകെട്ട് പാകിസ്ഥാന്‍. ഗ്രൂപ്പ് മത്സരത്തില്‍ 88 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് വനിതകളുടെ പോരാട്ടം 43 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. 81 റണ്‍സെടുത്ത സിദ്ര അമീന്‍ മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്ന ഏക ബാറ്റര്‍. 10 ഓവറില്‍ നിന്ന് 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുത് പാകിസ്ഥാന്റെ നടുവൊടിച്ച യുവ ഇന്ത്യന്‍ പേസര്‍ ക്രാന്തി ഗൗഡ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് നിരയെ വരിഞ്ഞുമുറുക്കിയുള്ള ബൗളിംഗ് പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഓപ്പണര്‍മാരായ മുനീബ അലി 2(12), സദാഫ് ഷമാസ് 6(24) എന്നിവര്‍ പെട്ടെന്ന് പുറത്തായി. മൂന്നാം നമ്പറില്‍ ഇറങ്ങിയ സിദ്ര അമീന്‍ 81(106) റണ്‍സ് നേടിയില്ലായിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ ഗതി ദയനീയമാകുമായിരുന്നു. ആലിയ റിയാസ് 2(8) റണ്‍സ് നേടി പുറത്തായി. നതാലിയ പെര്‍വായിസ് 33(46) റണ്‍സ് നേടി സിദ്രയ്ക്ക് പിന്തുണ നല്‍കിയെങ്കിലും ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ പാക് ഇന്നിംഗ്‌സ് നിലംപൊത്തി.
ക്യാപ്റ്റന്‍ ഫാത്തിമ സന 2(15), വിക്കറ്റ് കീപ്പര്‍ സിദ്ര നവാസ് 14(22), റമീന്‍ ഷമീം 0(1), ഡയാന ബായ്ഗ് 9(13), സാദിയ ഇഖ്ബാല്‍ 0(2) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന. നഷ്‌റ സന്ധു 2*(9) റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗഡിന് പുറമേ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയും മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്‌നേഹ് റാണയ്ക്ക് രണ്ട് വിക്കറ്റ് കിട്ടി. രണ്ട് പാക് താരങ്ങള്‍ റണ്ണൗട്ടായി. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നാല് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ റണ്‍സ് നേടി 247 റണ്‍സിന് എല്ലാവരും പുറത്തായി. മുന്‍നിരയില്‍ ഹാര്‍ലീന്‍ ഡിയോള്‍, അവസാന ഓവറുകളില്‍ റിച്ച ഘോഷ് എന്നിവര്‍ നടത്തിയ ബാറ്റിംഗ് പ്രകടനമാണ് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ സ്‌കോര്‍ 250ന് അടുത്ത് എത്തിച്ചത്. ഓപ്പണര്‍മാരായ സമൃഥി മന്ദാന 23(32), പ്രഥിക റാവല്‍ 31(37) സഖ്യം 48 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. മൂന്നാമതായി എത്തിയ ഹാര്‍ലീന്‍ ഡിയോള്‍ 46(65) റണ്‍സ് നേടി ടോപ് സ്‌കോററായി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 19(34), ജെമീമ റോഗ്രിഗസ് 32(37), ദീപ്തി ശര്‍മ്മ 25(33), സ്നേഹ് റാണ 20(33), ശ്രീ ചരണി 1(5), ക്രാന്തി ഗൗഡ് 8(4), രേണുക സിംഗ് ഠാക്കൂര്‍ 0(1) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സ്‌കോറുകള്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റിച്ച ഘോഷ് 35(20) പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി ഡയാന ബായ്ഗ് നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. സാദിയ ഇഖ്ബാല്‍, ക്യാപ്റ്റന്‍ ഫാത്തിമ സന എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ റമീന്‍ ഷമിം, നഷ്റ സന്ധു എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |