ദുബായ്: ഏഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ചാമ്പ്യന്‍മാരായെങ്കിലും ഇന്ത്യന്‍ ടീമിന് ഇനിയും ട്രോഫി കൈമാറിയിട്ടില്ല. വിഷയത്തില്‍ വിവാദം ഇപ്പോഴും അണയാതെ പുകയുന്നതിനിടെ ഇന്ത്യക്ക് കൈമാറേണ്ട ഏഷ്യ കപ്പ് കിരീടം പൂട്ടിവച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണ് കിരീടം ഇപ്പോഴുമുള്ളത്. ട്രോഫി അവിടെനിന്ന് മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന കര്‍ശനനിര്‍ദേശം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
കിരീടം നേടിയ ഇന്ത്യ പാകിസ്ഥാനി മന്ത്രിയില്‍ നിന്ന് കപ്പ് ഏറ്റുവാങ്ങില്ലെന്ന് അന്ന് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്ക് കപ്പ് കൈമാറുന്നതിന് തനിക്ക് യാതൊരു മടിയുമില്ലെന്നും എന്നാല്‍ എസിസി അദ്ധ്യക്ഷന്‍ എന്ന നിലയ്ക്ക് തന്റെ പക്കല്‍ നിന്ന് വേണം കപ്പ് വാങ്ങാനെന്നും ഇന്ത്യന്‍ ടീമിന് എപ്പോള്‍ വേണമെങ്കിലും നേരിട്ട് വന്ന് കിരീടം സ്വീകരിക്കാമെന്നും മൊഹ്‌സിന്‍ നഖ്വി നേരത്തെ പ്രതികരിച്ചിരുന്നു.
താന്‍ നേരിട്ടെത്തി മാത്രമേ ഇന്ത്യന്‍ ടീമിനോ ബിസിസിഐക്കോ ട്രോഫി കൈമാറുകയുള്ളൂ എന്നാണ് നഖ്വി നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാനുമായുള്ള ബന്ധം മോശമായി തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാനില്‍ നിന്നുള്ള മന്ത്രിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തത്. പകരം എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, നഖ്വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യന്‍ ടീം തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |