ബുലവായോ : ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയുടെ റെക്കാഡ് തകർക്കാൻ അവസരമുണ്ടായിട്ടും വേണ്ടെന്നുവച്ച ദക്ഷിണാഫ്രിക്കയുടെ പുതിയ നായകൻ വിയാൻ മുൾഡറെ വാഴ്ത്തി ക്രിക്കറ്റ് ആരാധകർ. സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ താൻ 367 റൺസിൽ നിൽക്കുമ്പോൾ ഇന്നിംഗ്സ് ഡിക്ളയർ ചെയ്യുകയായിരുന്നു അരങ്ങേറ്റ നായകനായ മുൾഡർ. ബ്രയാൻ ലാറയെപ്പോലൊരു ഇതിഹാസ താരത്തിന്റെ പേരിലുള്ള റെക്കാഡ് തകരാതിരിക്കുന്നതാണ് കാവ്യനീതിയെന്നാണ്
മുൾഡർ മത്സരശേഷം പറഞ്ഞത്.തന്റെ ടീമിന് ആവശ്യത്തിന് റൺസ് ലഭിച്ചിരുന്നെന്നും പിന്നീട് വ്യക്തിഗത റെക്കാഡുകൾക്കായി ബാറ്റ് ചെയ്യുന്നത് ശരിയല്ലെന്നും മുൾഡർ വ്യക്തമാക്കി. ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 626/5ലാണ് ഡിക്ളയർ ചെയ്തത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ പരിക്കേറ്റ ടെംപ ബൗമയ്ക്ക് പകരമാണ് മുൾഡർ സിംബാബ്വേ പര്യടനത്തിൽ ടെസ്റ്റ് ക്യാപ്ടൻസി ഏറ്റെടുത്തത്.
ടെസ്റ്റിൽ ട്രിപ്പിളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടനും ഏറ്റവും വേഗതേയറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ച്വറിക്കുടമയും മുൾഡറാണ്. 297 പന്തിലാണ് മുൾഡർ ട്രിപ്പിൾ തികച്ചത്.
ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ ക്യാപ്ടനും മുൾഡറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |