തൃശൂർ ടൈറ്റാൻസിന്റെ അഹമ്മദ് ഇമ്രാൻ കെ.സി.എല്ലിലെ ആദ്യ മത്സരത്തിൽ അർദ്ധസെഞ്ച്വറിയും(61) രണ്ടാം മത്സരത്തിൽ സെഞ്ച്വറിയും(100) നേടിയത് എസ്.ജി കമ്പനിയുടെ പുതിയ ക്രിക്കറ്റ് കിറ്റ് ഉപയോഗിച്ചാണ്. അതിന് വഴിയൊരുക്കിയത് ക്രിക്കറ്റ് പരിശീലകൻ ബിജു ജോർജിന്റെ ഒരു ഫോൺകോളും.
തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ ഇമ്രാൻ ഇടയ്ക്ക് ബൗളിംഗ്, ഫീൽഡിംഗ് പ്രാക്ടീസിനായി ബിജുവിനടുക്കലെത്താറുണ്ട്. രണ്ടാഴ്ചമുമ്പ് അങ്ങനെ പരിശീലനം നടത്തുമ്പോഴാണ് തനിക്ക് ഇതുവരെ ഒരു കിറ്റ് സ്പോൺസറെകിട്ടാത്തകാര്യം ഇമ്രാൻ സൂചിപ്പിച്ചത്. അപ്പോൾ തന്നെ എസ്.ജി ക്രിക്കറ്റിന്റെ അനുരാഗ് വെർമ്മയുമായി ബിജു ഫോണിൽ ബന്ധപ്പെട്ടത്. ഇമ്രാനെ സ്പോൺസർചെയ്യാൻ എസ്.ജി തയ്യാറായി. ഒരാഴ്ചയ്ക്കകം ഫുൾ കിറ്റ് കയ്യിലെത്തി. ആ കിറ്റിന്റെ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയുമെത്തി. അതിന് ബിജുസാറിനോട് പ്രത്യേകം നന്ദിയുണ്ടെന്ന് ഇമ്രാൻ പറയുന്നു.
തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ ഇമ്രാൻ കേരള അണ്ടർ 19 ടീമിന്റെ നായകനായിരുന്നു. കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരായ സെമിയിൽ രഞ്ജി ട്രോഫിയിലും അരങ്ങേറി. അജയ്പ്രസാദാണ് ചെറുപ്പംമുതൽ പരിശീലിപ്പിക്കുന്നത്. ബിജു ജോർജിന്റെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ പരിശീലനക്കളരിയിൽ നിന്നാണ് സഞ്ജു സാംസൺ ഉൾപ്പടെയുള്ളവർ പയറ്റിത്തെളിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |