SignIn
Kerala Kaumudi Online
Saturday, 27 April 2024 7.22 AM IST

തുർക്കി ഭൂകമ്പം: മരണം 19,000 കടന്നു

earthquake

ഇസ്താംബുൾ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 19,000 കടന്നു. മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് തുടരുകയാണ്. പരമാവധി പേരെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഇതിനിടെ,വടക്കൻ സിറിയയിലെ വിമത മേഖലകളിൽ ഇന്നലെ ആദ്യ യു.എൻ സഹായ സംഘം എത്തിച്ചേർന്നു. കടുത്ത ശൈത്യം കഴിഞ്ഞ നാല് ദിവസമായി രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

 കെട്ടിടങ്ങളുടെ നിലവാരം: പ്രതിഷേധം ഉയരുന്നു

തുർക്കിയിലെ കെട്ടിടനിർമ്മാണ മാനദണ്ഡങ്ങൾക്കെതിരെ ശക്തമായ വിമർശനം രാജ്യത്തിനുള്ളിൽ നിന്നുയരുന്നു. ഏറ്റവും പുതിയതായി നിർമ്മിച്ച കെട്ടിടങ്ങൾ പോലും സെക്കന്റുകൾ കൊണ്ട് നിലംപൊത്തിയിരുന്നു. ഭൂകമ്പ സാദ്ധ്യതാ മേഖലയായ രാജ്യത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കെട്ടിട നിർമ്മാണമാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. 1999ലെ ഭൂകമ്പത്തിന് പിന്നാലെ രാജ്യത്ത് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2018ലും നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയിരുന്നു.

എന്നാൽ നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായാണ് ആക്ഷേപം. അതേ സമയം, സർക്കാരിന്റെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ഒരു വിഭാഗം ആരോപിക്കുന്നു. സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ പ്രകോപനപരമായി പോസ്റ്റിട്ടതിന് തിങ്കളാഴ്ച മുതൽ 18 പേർ അറസ്റ്റിലായി. ഇതിനിടെ ബുധനാഴ്ച രാജ്യത്ത് ട്വിറ്റർ സേവനം താത്കാലികമായി നിറുത്തിയിരുന്നെങ്കിലും ഇന്നലെ പുനഃസ്ഥാപിച്ചു.

 പോരായ്മ സമ്മതിച്ച് എർദോഗൻ

തുടക്കത്തിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലായിരുന്നെന്ന വിമർശനങ്ങൾ അംഗീകരിക്കുന്നതായി തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ പറഞ്ഞു. ' ശരിയാണ്, പോരായ്മകളുണ്ട്. അത് കാണാനുമാകും. എന്നാൽ ഇതുപോലൊരു ദുരന്തത്തിന് മുൻകൂട്ടി തയാറാവുക സാദ്ധ്യമല്ല." കഹ്റമൻമാരാസിൽ സന്ദർശനം നടത്തവെ അദ്ദേഹം പറഞ്ഞു.

 ഉറ്റവരെ നഷ്ടപ്പെട്ട്...

ബന്ധുക്കളെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ട നിലയിലാണ് പലരും. ബന്ധുക്കൾ ജീവനോടെയുണ്ടോ എന്ന് പോലും പലർക്കും അറിയില്ല. ആശുപത്രികളിലെ പാർക്കിംഗ് ഏരിയയിൽ അടക്കം ബോഡി ബാഗുകളിലാക്കി സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾക്കിടെ തങ്ങളുടെ പ്രിയപ്പെട്ടവരുണ്ടോ എന്ന് തെരയുന്നവരെ കാണാം. സിറിയയിലും സ്ഥിതി സമാനമാണ്. തുർക്കിയിലെ ഗാസിയാൻടെപ് നഗരത്തിൽ താപനില കഴിഞ്ഞ ദിവസം മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. തുടർ ചലനങ്ങളെ ഭയന്ന് പലരും കാറുകളിലും ടെന്റുകളിലുമാണ് ഇന്നലെ കഴിഞ്ഞത്. പള്ളികൾ, ജിമ്മുകൾ, സ്കൂൾ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ജനങ്ങൾക്ക് അഭയം നൽകുന്നുണ്ട്.

 മരണസംഖ്യ

ആകെ - 19,863

തുർക്കി - 16,546

സിറിയ - 3,317

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.