ബീജിംഗ്: തെക്കു പടിഞ്ഞാറൻ ചൈനയിലെ ഗ്വിഷൂ പ്രവിശ്യയിൽ പ്രളയത്തിൽ കനത്ത നാശം. 6 പേർ മരിച്ചു. 80,000ത്തിലേറെ പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ചൊവ്വാഴ്ച മുതലാണ് പ്രവിശ്യയിലെ റോങ്ങ്‌ജിയാംഗ് കൗണ്ടിയിലടക്കം ശക്തമായ മഴ തുടങ്ങിയത്. റോങ്ങ്‌ജിയാംഗിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
നിരവധി പേർ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടുങ്ങിയെന്നാണ് വിവരം. കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുണ്ട്. വ്യാപക ഗതാഗതക്കുരുക്കും വൈദ്യുതി,ഇന്റർനെറ്റ് തടസവും നേരിടുന്നുണ്ട്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. റോങ്ങ്‌ജിയാംഗിലെ ഫുട്ബോൾ ഫീൽഡിൽ 10 അടിയോളം ഉയരത്തിൽ വെള്ളം പൊങ്ങി.
അതേസമയം,പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിൽ വെള്ളം താഴ്ന്നു. അതിനിടെ,തെക്കൻ പ്രവിശ്യയായ ഹൈനാന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. മേഖലയിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗ്വാങ്ങ്ഷീ മേഖലയിൽ ലിയു നദി കരകവിഞ്ഞതോടെ തീരത്തുള്ള ഗ്രാമങ്ങളും നഗരങ്ങളും മുങ്ങി.
തകർന്നടിഞ്ഞ് പാലം,
ഡ്രൈവറിന് അദ്ഭുത രക്ഷ
ഗ്വിഷൂ പ്രവിശ്യയിലെ സുൻയി സിറ്റിയിൽ മഴയും മണ്ണിടിച്ചിലും മൂലം തകർന്ന കൂറ്റൻ ഹൈവേ പാലത്തിന്റെ വക്കിൽ തൂങ്ങിക്കിടക്കുന്ന ട്രക്കിന്റെ ഭയാനകമായ ദൃശ്യങ്ങൾ വൈറലാകുന്നു. ട്രക്കിന്റെ ക്യാബിനിൽ ഡ്രൈവറെയും കാണാം. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പറയുന്നു. ഷിയാമെൻ -ചെങ്ഡു എക്‌സ്‌പ്രസ് വേയിലെ പാലമാണ് തകർന്നത്.
ഭീമൻ ട്രക്കിന്റെ ക്യാബിനാണ് റോഡിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടന്നത്. ട്രക്ക് ഡ്രൈവറെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇദ്ദേഹത്തിന് പരിക്കില്ല. പാലത്തിലേക്ക് കടക്കാൻ ശ്രമിക്കവെ താഴുന്ന പോലെ തോന്നിയെന്നും ഉടൻ ബ്രേക്ക് ചവിട്ടിയെന്നും ട്രക്ക് ഡ്രൈവർ പറഞ്ഞു. പെട്ടെന്ന് പാലം മുഴുവൻ താഴേക്ക് പതിച്ചെന്നും ട്രക്കിന്റെ ക്യാബിൻ ഭാഗം താഴേക്ക് തൂങ്ങിയാടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |