ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രാദേശിക പാർട്ടി നേതാവ് അറസ്റ്റിൽ.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ( ബി.എൻ.പി ) നേതാവായ ഫസർ അലിയാണ് (36) അറസ്റ്റിലായത്. പീഡന ദൃശ്യം ഇയാൾ പ്രചരിപ്പിക്കുകയും ചെയ്തു.
മുരാദ്നഗർ ഉപസിലയിലെ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയായ 25കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന പ്രതി, കത്തി കാട്ടി ഭീഷണിപ്പെടുത്തി ക്രൂര മാനഭംഗത്തിനിരയാക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ ഫസർ അലിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ശനിയാഴ്ച മുതൽ പീഡന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു.
ധാക്ക യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുൾപ്പെടെ പ്രതിഷേധിച്ച് തെരുവിലിറങ്ങി. ഇതോടെ ഫസർ അലി അടക്കം അഞ്ച് പേരെ ഇന്നലെ പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ ഫോണിൽ നിന്ന് ഒരു മിനിട്ട് ദൈർഘ്യമുള്ള പീഡന ദൃശ്യം കണ്ടെത്തി. പ്രതികളെല്ലാം ബി.എൻ.പി അംഗങ്ങളാണെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് അനുകൂലികൾ ആരോപിച്ചു. ദൃശ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് ധാക്ക ഹൈക്കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ആഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ വീണതോടെ മേഖലയിൽ ഹിന്ദുക്കൾ അടക്കം ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം തുടരുകയാണെന്നും ഇടക്കാല സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപണമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |