എഡിൻബറ: യു.എസുമായുള്ള വ്യാപാര കരാറിൽ ധാരണയിലെത്തി യൂറോപ്യൻ യൂണിയൻ. കരാർ പ്രകാരം യൂറോപ്യൻ യൂണിയനിൽ (ഇ.യു) നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 15 ശതമാനം തീരുവ ചുമത്തും. ആഗസ്റ്റ് 1 മുതൽ ഇ.യു ഇറക്കുമതിക്ക് 30 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഇത് പകുതിയായി കുറച്ചതോടെ ആഗോള വ്യാപാരത്തെ ബാധിച്ചേക്കാവുന്ന ഒരു വലിയ വ്യാപാര സംഘർഷത്തെ തടയാനായി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും തമ്മിൽ സ്കോട്ട്‌ലൻഡിൽ വച്ച് നടത്തിയ ചർച്ചയിലൂടെയാണ് കരാറിന് ധാരണയായത്. കരാർ പ്രകാരം ഇ.യു, യു.എസിൽ 600 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തും.
യു.എസിന്റെ ഊർജ്ജ, സൈനിക ഉപകരണങ്ങൾ വാങ്ങുന്നത് വർദ്ധിപ്പിക്കും. വിമാനം, വിമാന ഭാഗങ്ങൾ, കെമിക്കലുകൾ, ചില കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവയെ തീരുവയിൽ നിന്ന് ഒഴിവാക്കി. സ്റ്റീലിനും അലൂമിനിയത്തിനും ട്രംപ് നേരത്തെ പ്രഖ്യാപിച്ച 50 ശതമാനം തീരുവ നിലനിൽക്കും. ഇതിൽ ഇളവ് നേടാൻ ഇ.യു ചർച്ചകൾ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |