ക്വാലാലംപ്പൂർ: അതിർത്തിയിൽ നിരുപാധിക വെടിനിറുത്തലിന് ധാരണയായി തായ്‌ലൻഡും കംബോഡിയയും. മലേഷ്യയിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയിലൂടെയാണിത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 10.30ന് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ തായ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെചായാചൈയും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും പങ്കെടുത്തു.
യു.എസിന്റെയും ചൈനയുടെയും ഏകോപനത്തോടെയായിരുന്നു മദ്ധ്യസ്ഥ ചർച്ചയെന്ന് മലേഷ്യ പറയുന്നു. വെടിനിറുത്തൽ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ടീമിനെ അയക്കാൻ തയ്യാറാണെന്ന് അൻവർ ഇബ്രാഹിം പറഞ്ഞു.
തായ്ലൻഡും കംബോഡിയയും ഉൾപ്പെട്ട ആസിയാൻ കൂട്ടായ്മയുടെ നിലവിലെ അദ്ധ്യക്ഷ പദവി മലേഷ്യയ്ക്കാണ്. വെടിനിറുത്തലിന് മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ വേണ്ടെന്ന നിലപാടിലായിരുന്നു തായ്‌ലൻഡ്. കംബോഡിയ ആകട്ടെ ഉടൻ വെടിനിറുത്തൽ നടപ്പാക്കണമെന്ന് ആഹ്വാനവും ചെയ്തു. ഇതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുരാജ്യങ്ങളുടെയും നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ നിലപാട് മയപ്പെടുത്തിയ തായ്‌ലൻഡ്,ചർച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു.
ഇരുരാജ്യങ്ങളും വെടിനിറുത്തലിന് സമ്മതിച്ചെന്നും, സംഘർഷം തുടർന്നാൽ ഇരു രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിൽ ഏർപ്പെടില്ലെന്ന മുന്നറിയിപ്പ് നൽകിയെന്നും ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. വെടിനിറുത്തൽ സാദ്ധ്യമാക്കിയത് ട്രംപ് ആണെന്നും, അദ്ദേഹത്തിന് സമാധാന നോബൽ നൽകണമെന്നും വൈറ്റ് ഹൗസ് വക്താവ് കാരലൈൻ ലെവിറ്റ് പ്രതികരിച്ചു.
വ്യാഴാഴ്ചയാണ് അതിർത്തിയിലെ തർക്ക പ്രദേശമായ താ മോൻ തോം ക്ഷേത്രത്തിന് സമീപം തായ്-കംബോഡിയൻ സൈന്യം ഏറ്റുമുട്ടൽ തുടങ്ങിയത്. ഇരുരാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലായി 35ലേറെ പേർ കൊല്ലപ്പെട്ടു. 3,00,000 ത്തിലേറെ പേരെ ഒഴിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |