വാഷിംഗ്ടൺ: യുദ്ധ പരിഹാരത്തിന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയ്യാറായേക്കില്ലെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വിഷയത്തിൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്റെ ഭാഗത്ത് നിന്ന് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന് റഷ്യ വിമുഖത കാട്ടുകയാണെങ്കിൽ ഭീമൻ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി ആവർത്തിച്ചു.
വ്യാഴാഴ്ച യുക്രെയിനിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള ഒരു ഫാക്ടറിക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. റഷ്യൻ ആക്രമണത്തിൽ താൻ അസന്തുഷ്ടനാണെന്ന് ട്രംപ് പറഞ്ഞു.
പുട്ടിനെയും സെലെൻസ്കിയേയും മുഖാമുഖം ചർച്ചയ്ക്കെത്തിക്കുക എന്നത് എണ്ണയും വിനാഗിരിയും കലർത്താൻ ശ്രമിക്കുന്നത് പോലെയാണെന്നും രണ്ട് പേരും ഒത്തുപോകുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഈമാസം 15ന് പുട്ടിനുമായും പിന്നാലെ സെലെൻസ്കിയുമായും ട്രംപ് പ്രത്യേകം ചർച്ചകൾ നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ വെടിനിറുത്തലല്ല, സ്ഥിരമായ സമാധാന കരാറാണ് വേണ്ടതെന്ന പുട്ടിന്റെ ആവശ്യത്തെ ട്രംപ് അംഗീകരിച്ചിരുന്നു.
സമാധാന കരാറിൽ യുക്രെയിന് ആവശ്യമായ സുരക്ഷാ ഗ്യാരന്റികൾ ഉണ്ടാകുമെന്ന് ട്രംപ് സെലെൻസ്കിയ്ക്ക് വാക്കും നൽകി. യുദ്ധപരിഹാരത്തിന് പുട്ടിനുമായി നേരിട്ട് കൂടിക്കാഴ്ച വേണമെന്ന സെലെൻസ്കിയുടെ ആവശ്യത്തോട് റഷ്യ അനുകൂലമല്ല. സെലെൻസ്കിയുമായി പുട്ടിൻ ഉടൻ കൂടിക്കാഴ്ച നടത്തില്ലെന്ന് റഷ്യ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |