ശതാബ്ദി പൂർത്തിയിൽ സംഘയാത്ര

Tuesday 25 February 2025 12:50 AM IST

ഈ വർഷം (യുഗാബ്ദം-5127) വിജയദശമി ദിനത്തിൽ രാഷ്ട്രീയ സ്വയം സേവകസംഘം സ്ഥാപിതമായിട്ട് നൂറു വർഷം പൂർത്തിയാകും. കൗമാരപ്രായക്കാരായ ഒരു ചെറിയ സംഘം വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് 1925-ൽ നാഗ‌്പൂരിൽ ആരംഭിച്ച ഈ സംഘടന ഇന്ന് രാജ്യത്തെ എറ്റവും ജനസ്വാധീനമുള്ള സാംസ്‌കാരിക പ്രസ്ഥാനങ്ങളിൽ ഒന്നാണ്. സാമ്രാജ്യത്വ ഭരണം നിലനിന്ന കാലത്ത് ഇത്തരമൊരു സംഘടനയെക്കുറിച്ച് വിഭാവനം ചെയ്യുകയും,​ അതിന് പ്രായോഗിക പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്ത സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗെവാർ അസാമാന്യ ദീർഘവീക്ഷണവും കർതൃത്വശേഷിയുമുള്ള വ്യക്തിയായിരുന്നു.

ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ വിപ്ളവകാരികളുമായി ഹെഡ്‌ഗെവാർ ആഴത്തിൽ ബന്ധം സ്ഥാപിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അദ്ദേഹം കോൺഗ്രസ് പരിപാടികളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരുന്നു. ഖിലാഫത്ത് - നിസഹകരണ പ്രക്ഷോഭകാലത്ത് അറസ്റ്റ്‌ചെയ്യപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചു. ജനങ്ങളിൽ ദേശീയബോധം ഉണർത്താൻവേണ്ടി സ്വന്തം നിലയിൽ പത്രം ആരംഭിക്കുന്നതുൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു. ഇങ്ങനെ ആർജ്ജിച്ച അനുഭവങ്ങളും, അന്ന് രാജ്യത്തു നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയ പരിതസ്ഥിതികളുമാണ് പുതിയൊരു പ്രസ്ഥാനത്തിന് രൂപം നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഹിന്ദു സമാജം

പുന:സംഘടന

ആ പ്രേരണയ്ക്ക് ആശയപരമായൊരു പശ്ചാത്തലവുമുണ്ടായിരുന്നു. ആയിരത്താണ്ടുകളുടെ ചരിത്രമുള്ള ഭാരതീയ രാഷ്ട്രജീവിതത്തിന്റെ ആധാരം പരമ്പരാഗതമായ ഹിന്ദു സമാജമാണ്. അതിനെ പുന:സംഘടിപ്പിച്ച് ശക്തിപ്പെടുത്താതെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം, പരമവൈഭവം തുടങ്ങിയ ലക്ഷ്യങ്ങൾ നേടുക എളുപ്പമല്ല. ഹിന്ദു സമാജം നിരവധി വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും പ്രകടമാക്കുന്ന സമാജമാണ്. അത് അസംഘടിതമാണ്. സ്വന്തം തനിമ തിരിച്ചറിയാതെ ആത്മവിസ്മൃതിയിലാണ്ട് ജീവിക്കുന്ന ഒരു സമാജം. ഇത്തരമൊരു സമാജത്തെ പുന:സംഘടിപ്പിക്കുവാനുള്ള പ്രവർത്തനത്തിനാണ് ഡോ. ഹെഡ്‌ഗെവാർ നൂറു വർഷത്തിനപ്പുറം തുടക്കം കുറിച്ചത്.

ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ഡോ. ഹെഡ്‌ഗെവാറിന്, സംഘം ആരംഭിക്കുന്ന കാലത്ത് 36 വയസായിരുന്നു. വെറും പതിനഞ്ചു വർഷം മാത്രമേ അദ്ദേഹത്തിന് സംഘടനയ്ക്കുവേണ്ടി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചുള്ളൂ. എങ്കിലും അദ്ദേഹം ആരംഭിച്ച ആ പ്രവർത്തനം അനുസ്യൂതം മുന്നേറുകയും,​ ഇന്ന് അഞ്ചാം തലമുറയിലേക്ക് എത്തിനിൽക്കുകയും ചെയ്യുന്നു. സമാജത്തെ പുന:സംഘടിപ്പിക്കുവാൻ തനതായൊരു കാര്യപദ്ധതി ആവിഷ്‌കരിച്ചു എന്നതാണ് ഡോ. ഹെഡ്‌ഗെവാറിന്റെ മൗലിക സംഭാവന. ദൈനംദിന ശാഖ എന്ന സാധനാ പദ്ധതിയാണ് സംഘത്തിന്റെ അടിസ്ഥാനം. വ്യക്തികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ ക്ഷമത വളർത്താൻ വേണ്ടി ഉൾക്കാഴ്ചയോടെ രൂപം കൊടുത്തിട്ടുള്ള ചില കാര്യക്രമങ്ങളാണ് ശാഖയുടെ ഉള്ളടക്കം.

ദേശീയതയുടെ

ആധാരശില

വ്യക്തി നിർമ്മാണത്തിലൂടെ സമാജസംഘടന; സംഘടിത സമാജത്തിലൂടെ രാഷ്ട്രത്തിന്റെ പരിപൂർണ നവോത്ഥാനം - ഡോ. ഹെഡ്‌ഗെവാർ വിഭാവനം ചെയ്ത ഈ സങ്കല്പത്തിന് ഇന്ന് കൂടുതൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നുവെന്നതാണ് അനുഭവം. ഏതെങ്കിലും മതത്തിലോ മതങ്ങളിലോ ഊന്നിയുള്ള പ്രവർത്തനമല്ല സംഘത്തിന്റേത്. ദേശീയതയാണ് അതിന്റെ പ്രവർത്തനത്തിന് ആധാരം. ത്യാഗം, സേവനം, ദേശഭക്തി, ജീവിതശുദ്ധി തുടങ്ങിയ ദേശീയ ആദർശങ്ങളെയാണ് സംഘം പിൻപറ്റുന്നത്. കാലദേശാനുകൂലമായി ആ ആദർശങ്ങളെ ദൈനംദിന ജീവിതത്തിൽ ആവിഷ്‌കരിക്കുവാൻ, സാധാരണ പൗരന്മാരെപ്പോലും സഹായിക്കുന്ന ഒരു കർമ്മപദ്ധതി സംഘരൂപേണ സൃഷ്ടിക്കപ്പെട്ടു എന്നതാണ് പ്രധാനകാര്യം.

ഏതു തരത്തിലുള്ള ആദർശ ദേശഭക്തനെയാണൊ ഡോ. ഹെഡ്‌ഗെവാർ രൂപപ്പെടുത്താൻ ആഗ്രഹിച്ചത്,​ അതിന്റെ മാതൃക തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സമാജ കാര്യത്തിനുവേണ്ടി പൂർണമായി സമർപ്പിക്കപ്പെട്ട ആ തപോനിഷ്ഠ ജീവിതമാതൃകയും, ശാസ്ത്രീയമായ ഒരു കാര്യപദ്ധതിയും മുന്നിൽ ലഭ്യമായപ്പോൾ അന്നത്തെ യുവതലമുറയ്ക്ക് സംഘത്തെ ദേശവ്യാപകമായി വളർത്തിയെടുക്കുക എന്ന ദൗത്യം എളുപ്പമായി. ആ പാരമ്പര്യമാണ് ഇപ്പോഴും സംഘം പിന്തുടർന്നുകൊണ്ടിരിക്കുന്നത്.

സമന്വയത്തിന്റെ

സംഘപരിവാർ

സംഘം വ്യക്തിവികാസ പ്രക്രിയയിൽ മാത്രമാണ് ഏർപ്പെടുന്നത്. എന്നാൽ സംഘാദർശം ഉൾക്കൊണ്ട സ്വയംസേവകർ, ദേശീയ ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിൽ പ്രവേശിച്ച് സമാജ പരിവർത്തനത്തിനു വേണ്ടിയുള്ള പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഭാരതീയ മസ്ദൂർ സംഘം, വിദ്യാഭാരതി, കിസാൻസംഘ്, ദേശീയ സേവാഭാരതി, സംസ്‌കാർ ഭാരതി, വനവാസി കല്ല്യാൺ ആശ്രമം എന്നിങ്ങനെ ദേശീയ തലത്തിൽത്തന്നെ പ്രവർത്തിക്കുന്ന ഇത്തരം നാൽപതോളം സംഘടനകളുണ്ട്. അവയെല്ലാം പ്രവർത്തനരംഗത്ത് സ്വതന്ത്രവും സ്വായത്തവുമാണ്. ഒരേലക്ഷ്യം എന്നാൽ നിരവധി പ്രവർത്തനങ്ങൾ. ആശയപരമായി സമാനതകളുള്ള സംഘടനകളെന്ന നിലയിൽ സംഘത്തെയും മറ്റ് വിവിധ ക്ഷേത്ര സംഘടനളെയും ചേർത്ത് സംഘപരിവാർ എന്ന ഒരു പേര് ഇന്ന് പ്രചാരത്തിലുണ്ട്. കഴിഞ്ഞ നുറു വർഷത്തിനുള്ളിൽ ദേശീയ ജീവിതത്തിന് സംഘം നൽകിയ സാരവത്തായ സംഭാവനകൾ ചർച്ച ചെയ്യാൻ ഈ സന്ദർഭം ഉപയോഗിക്കുന്നില്ല. എന്നാൽ മറ്റൊരുകാര്യം ഇവിടെ സൂചിപ്പിക്കുന്നത് ഉചിതമാണെന്നു കരുതുന്നു.

ജന്മശതാബ്ദി വേളയിൽ വിപുലമായ ആഘോഷപരിപാടികളല്ല സംഘം വിഭാവനം ചെയ്തിട്ടുള്ളത്. മറിച്ച്,​ സംഘടനയെയും സമാജത്തെയും കേന്ദ്രീകരിച്ച് രണ്ടു കാര്യങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. സംഘടനയുടെ ഭൂപരമായ വ്യാപനവും പ്രവർത്തകരുടെ ഗുണാത്മക വികാസവുമാണ് ഒന്നാമത്തേത്. രണ്ടാമതായി,​ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി സജ്ജന പങ്കാളിത്തത്തോടെ പൊതുസമൂഹത്തിൽ ഉണർവും പരിവർത്തനവും സാദ്ധ്യമാക്കുക എന്നതാണ്. കുടുംബ പ്രബോധൻ, സാമൂഹിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി ജീവിതശൈലി, പൗരധർമ്മം.എന്നിവയാണ് ആ അഞ്ചു വിഷയങ്ങൾ.

പഞ്ചമുഖമുള്ള

പരിവർത്തനം

പുതിയ തലമുറയെ സാംസ്‌കാരിക മൂല്യങ്ങളിലേക്കും വേരുകളിലേക്കും ബന്ധിപ്പിച്ചു നിറുത്താൻ ഉതകുന്ന കാര്യക്രമങ്ങളാണ് കുടുംബ പ്രബോധനത്തിൽ ഉൾപ്പെടുന്നത്. ദേശീയ ഐക്യവും സാമുദായിക സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിന് അനുഗുണമായ പരിപാടികൾ ഏറ്റെടുക്കുന്നതോടൊപ്പം സമൂഹത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്ന പ്രവണതകളെ പ്രതിരോധിക്കുക എന്നതും സാമൂഹിക സമരസത എന്ന ആശയത്തിനു പിന്നിലുണ്ട്. പരിസ്ഥിതി പോഷണം, ജൈവവൈവിദ്ധ്യം, ജല സംരക്ഷണം, ശുചിത്വം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പരിസ്ഥിതി സംരക്ഷണം. നമ്മുടെ സാംസ്‌കാരിക സ്വത്വത്തെ തിരിച്ചുപിടിക്കാനും നിലനിറുത്താനും വേണ്ടിയുള്ള കാര്യക്രമങ്ങളാണ് സ്വദേശി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

നാടിന്റെ തനതായ ഭാഷ, വേഷം. ഭക്ഷണം, ഭജന - ആരാധനാ രീതികൾ, ദേശീയ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ, സ്വന്തം ഗ്രാമത്തിലും ദേശത്തിലും ഉത്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് മുൻഗണന തുടങ്ങിയ കാര്യങ്ങളെല്ലാം ദേശീയ സ്വത്വബോധത്തെ ഉണർത്താൻ സഹായിക്കും. ഒരു പരമാധികാര ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് എല്ലാവരുടെയും ക്ഷേമം സാദ്ധ്യമാക്കുന്ന തരത്തിൽ പെരുമാറാൻ എല്ലാ പൗരന്മാർക്കും കർത്തവ്യമുണ്ട്. ഭരണഘടനയേയും നിയമങ്ങളേയും അനുസരിക്കുക, അവകാശബോധത്തോടൊപ്പം കർത്തവ്യബോധത്തിനും പ്രാധാന്യം കൊടുക്കുക,​ അതുവഴി പ്രബുദ്ധപൗരൻ എന്ന ആദർശം സാക്ഷാത്കരിക്കുക- ഇതെല്ലാമാണ് പൗരധർമ്മം എന്നതിന്റെ വിവക്ഷ.

വർത്തമാനകാല സമൂഹം നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അവയ്‌ക്കെല്ലാം സാമൂഹികവും സാംസ്‌കാരികവുമായ ഒരുപാട് കാരണങ്ങളുണ്ട്. സാഹചര്യത്തെ പഴിച്ചുകൊണ്ട് നിഷ്‌ക്രിയരോ നിരാശരോ ആകാതെ സർഗാത്മകമായ സാമൂഹിക ഇടപെടലുകൾ നടത്താൻ സജ്ജനങ്ങൾ സർവാത്മനാ മുന്നോട്ടുവരണം എന്നതാണ് സംഘം മുന്നോട്ടുവയ്ക്കുന്ന ആശയം. മുകളിൽ പറഞ്ഞ പഞ്ചപരിവർത്തനം എന്ന ആശയം ആദ്യം സ്വയംസേവകർ തങ്ങളുടെ വ്യക്തിജീവിതത്തിലും വീടുകളിലും പ്രാവർത്തികമാക്കണം എന്നതാണ് സംഘം പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സംഘടനാപരമായ ചട്ടക്കൂടിന്റെ നിയന്ത്രണമില്ലാതെ എല്ലാ വിഭാഗങ്ങളിലുമുള്ള സജ്ജനങ്ങൾക്കും പങ്കാളിത്തം ലഭിക്കുന്ന തരത്തിൽ മുകളിൽ പറഞ്ഞ ആശയങ്ങളെ കേന്ദ്രീകരിച്ച് ഒരു ജനകീയ പ്രസ്ഥാനം രൂപപ്പെടുത്തണം എന്നതാണ് സംഘം ശതാബ്ദിവേളയിൽ ലക്ഷ്യമാക്കുന്നത്.

(ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറാണ് ലേഖകൻ)