ട്വിന്റി 20യിൽ ആവേശപ്പോര്, അഭിഭാഷകരെ സമനിലയിൽ പൂട്ടി സുപ്രീംകോടതി ജഡ്ജിമാർ
അവസാന പന്തുവരെ ആവേശം
ചീഫ് ജസ്റ്റിസ് ബെസ്റ്റ് ഫൈറ്റർ
ന്യൂഡൽഹി: സൗഹാർദ്ദ ട്വിന്റി 20 ക്രിക്കറ്ര് മത്സരത്തിൽ അഭിഭാഷകരെ അവസാന പന്തിൽ സമനിലയിൽ തളച്ച് സുപ്രീംകോടതി ജഡ്ജിമാർ. കഴിഞ്ഞദിവസം അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ചീഫ് ജസ്റ്റിസ് ഒഫ് ഇന്ത്യ ഇലവനും സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഒൺ റെക്കോർഡ് അസോസിയേഷൻ ഇലവനും ഏറ്റുമുട്ടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചീഫ് ജസ്റ്റിസ് ഒഫ് ഇന്ത്യ ഇലവൻ 126 റൺസ് അടിച്ചു. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, എം.എം. സുന്ദരേഷ് എന്നിവർ ഇന്നിംഗ്സിന് തുടക്കമിട്ടു. കവർ ഡ്രൈവ്, പുൾ ഷോട്ട്, സ്ട്രെയിറ്റ് ഡ്രൈവ് ഒക്കെ പാഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്രിസ് കെ.വി. വിശ്വനാഥനും ചേർന്നാണ് പൊരുതാനുള്ള സ്കോർ പടുത്തുയർത്തിയത്.
അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വിപിൻ നായർ, ട്രഷറർ അൽജോ കെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഭിഭാഷക ടീം. മറുപടി ബാറഅറിംഗിൽ റൺസ് ഒഴുകാതെ ജഡ്ജിമാർ കിടിലം ഫീൽഡിംഗും നടത്തി. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിക്രംനാഥ്, പി.എസ്. നരസിംഹ എന്നിവരായിരുന്നു ബൗളിംഗ് നിരയുടെ ശക്തി. അവസാന പന്തിൽ ജയത്തിന് അഭിഭാഷക ടീമിന് രണ്ടു റൺസ് വേണമായിരുന്നു. ബാറ്റ്സ്മാൻ റൺ ഔട്ട് ആയതോടെ സമനില.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ബെസ്റ്റ് ഫൈറ്റർ ഒഫ് ദ ഗെയിം. ജസ്റ്റിസ് എം.എം. സുന്ദരേഷ് മാൻ ഒഫ് ദ മാച്ച്. ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ബെസ്റ്റ് ബാറ്റ്സ്മാനായി.