ലോകത്തിന് ഇന്ത്യയിൽ വിശ്വാസം:പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകരാജ്യങ്ങളിലെ സാധാരണ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ വളരെയധികം പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലിൽ ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. തന്റെ പരിപാടിക്കായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം സി.ബി.എസ്.ഇ പരീക്ഷാർത്ഥികളെ ബുദ്ധിമുട്ടിച്ചതിൽ പ്രധാനമന്ത്രി ക്ഷമ ചോദിച്ചു.
ലോകത്തിനാകെ ഇന്ത്യയെക്കുറിച്ചു ശുഭാപ്തിവിശ്വാസമാണുള്ളത്. ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. യു.എൻ സംഘടന ഇന്ത്യയെ സൗരോർജ ശക്തികേന്ദ്രമായി പ്രഖ്യാപിച്ചു. വിതരണശൃംഖലയിലെ വെല്ലുവിളികൾക്കുള്ള പ്രതിവിധിയായാണ് ലോകം ഇന്ത്യയെ കാണുന്നത്. തന്റെ മൂന്നാമൂഴത്തിൽ മൂന്നിരട്ടി വേഗത്തിൽ പ്രവർത്തിക്കുമെന്ന വാഗ്‌ദാനം നടപ്പാക്കി തുടങ്ങിയെന്നും 2025ലെ ആദ്യ 50 ദിവസങ്ങളിൽ അതു പ്രകടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.