ഈറ ഉത്പന്നങ്ങളുമായി അരുവിക്കര  കോമൺ ഫെസിലിറ്റി സെന്റർ 

Sunday 10 May 2026 12:57 AM IST

തിരുവനന്തപുരം: ഈറ ഉത്പന്നങ്ങളുടെ വിപണനവും സംസ്‌കരണവും ഏകോപിപ്പിക്കുന്നതിനായി,അരുവിക്കര കോമൺ ഫെസിലിറ്റി സെന്റർ ഒരുങ്ങിക്കഴിഞ്ഞു. പരമ്പരാഗതമായി ഈറ ഉപയോഗിച്ച് ചെയ്യുന്ന വിവിധ ഗൃഹോപകരണങ്ങൾ,​അലങ്കാര വസ്തുക്കൾ,​അസംസ്‌കൃത വസ്തുക്കളുടെ സംഭരണം,ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കൽ,ആധുനിക രീതിയിലുള്ള പായ്ക്കിംഗ് എന്നിവയാണ് പുന്നാവൂർ അരുവിക്കര താത്തുപ്പാറ കോമൺ ഫെസിലിറ്റി സെന്ററിലൂടെ നടക്കുന്നത്.

ഈറ ഉത്പന്നങ്ങളുടെ ശുചീകരണം,ഉണക്കൽ,സംസ്‌കരണം,പായ്ക്കിംഗ്,സ്‌റ്റോറേജ് തുടങ്ങിയവയെല്ലാം തന്നെ ഒരൊറ്റ കുടക്കീഴിൽ കേന്ദ്രത്തിൽ നടത്താനാകും. പരമ്പരാഗത തൊഴിൽ മേഖലയിൽ പുതിയ തലമുറയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഉത്പാദന യൂണിറ്രുകൾ,സ്‌റ്റോറേജ് സൗകര്യങ്ങൾ,​ഡിസ്‌പ്ലേ ഏരിയ എന്നിവ ഉൾപ്പെടുത്തി ആധുനിക രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാംബു ട്രീറ്റ്മെന്റ് പ്ലാന്റ്, ക്രാഫ്ടിഗ് യൂണിറ്റുകൾ,അസംസ്‌കൃത വസ്തുക്കളുടെ ശാസ്ത്രീയ സംഭരണ സൗകര്യങ്ങൾ എന്നിവയും കോമൺ ഫെസിലിറ്റി സെന്ററിലുണ്ട്.

പരമ്പരാഗത ഈറ തൊഴിലാളികൾക്കും സ്ത്രീകൾക്കും കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതോടൊപ്പം ഉത്പന്നങ്ങൾക്ക് പുതിയ വിപണി സാദ്ധ്യതകൾ തുറക്കാനും സെന്റ‍ർ സഹായകരമാകുമെന്നാണ് പ്രതീക്ഷ.ഈറ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ബ്രാൻഡിംഗ്,പാക്കിംഗ്,ഓൺലൈൻ വിപണനം എന്നിവയും ലക്ഷ്യമാക്കുന്നു.

 പദ്ധതിച്ചെലവ് – 2 കോടി

 ഹാബിറ്റാറ്റിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ

 ഈറ – ബാംബു ഉത്പന്നങ്ങളുടെ സംസ്‌കരണത്തിനും വിപണനത്തിനുമായി കേന്ദ്രം

 ബാംബു ട്രീറ്റ്മെന്റ് പ്ലാന്റ് ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങൾ

ക്രാഫ്ടിഗ് വർക്ക് ചെയ്യുന്നതിന് പ്രത്യേക ഇടങ്ങൾ

 ബാംബു പ്ലാന്റേഷൻ വികസിപ്പിക്കും

സ്ത്രീകൾക്ക് ഉൾപ്പെടെ തൊഴിലവസരങ്ങൾ

 പരമ്പരാഗത ഈറ വ്യവസായത്തിന് പുതിയ വിപണന സാദ്ധ്യത തുറക്കും