​കഴക്കൂട്ടം പീഡനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് പിന്നാലെ ഇടനിലക്കാരിയായ യുവതിയും പിടിയിൽ

Sunday 10 May 2026 12:36 AM IST

കഴക്കൂട്ടം: കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചക്കേസിൽ, മുഖ്യപ്രതിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് പിന്നാലെ ഇടനിലക്കാരിയായ യുവതിയും പിടിയിൽ.സി.പി.എം മേനംകുളം കല്പന ബ്രാഞ്ച് സെക്രട്ടറി ചിറ്റാറ്റുമുക്ക് സ്വദേശി ജിബ്‌സനെ (32) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കഴക്കൂട്ടത്തെത്തിച്ച ആലപ്പുഴ മാന്നാർ സ്വദേശി അശ്വതിയെ (22) പൊലീസ് പിടികൂടിയത്. ​പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ 23കാരിയെ ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ്,സുഹൃത്തായ അശ്വതി തിരുവനന്തപുരത്തെത്തിച്ചത്. തുടർന്ന് കഴക്കൂട്ടത്തെ 'ഡേ ഡ്രീം' എന്ന സ്പായിൽ എത്തിച്ച യുവതിയെ മൂന്നാം പ്രതിയായ ജിബ്‌സണ് കാഴ്ചവയ്ക്കുകയായിരുന്നു.

മുറിയിൽ വച്ച് തന്നെ ക്രൂരമായി പീഡിപ്പിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു.പീഡനത്തിന് ശേഷം രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിൽ അഭയം തേടുകയും ഭർത്താവിനെ വിവരമറിയിച്ച് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ ജിബ്‌സനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട സ്പാ നടത്തിപ്പുകാരിയായ മറ്റൊരു യുവതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.