കരമന-കളിയിക്കാവിള റോഡിൽ ബ്ലാക്ക് സ്പോട്ട് മുന്നറിയിപ്പ് വേണം: മനുഷ്യാവകാശ കമ്മിഷൻ

Sunday 10 May 2026 1:53 AM IST

തിരുവനന്തപുരം : ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരമന-കളിയിക്കാവിള റോഡിൽ അപകടമേഖലയായി കണ്ടെത്തിയിട്ടുള്ള ബ്ലാക്ക് സ്പോട്ടുകളിൽ പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ വാർഷിക അറ്റകുറ്റ പണികൾക്കുള്ള ഇ ടെണ്ടർ നടപടിക്രമങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കരമന-കളിയിക്കാവിള റോഡിൽ സീബ്രാ ലൈനുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ എസ്റ്റിമേറ്റിന് ചീഫ് എൻജിനിയർ കാലതാമസം കൂടാതെ ഭരണാനുമതി നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. ജില്ലാ കളക്ടർ, ട്രാൻസ്പോർട്ട് കമ്മിഷണർ, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ,സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്.

കെൽട്രോണുമായുള്ള വാർഷിക അറ്റകുറ്റപ്പണികൾക്കുള്ള കരാർ പുതുക്കാത്തതാണ് ട്രാഫിക് ലൈറ്റുകൾ നന്നാക്കാൻ കഴിയാത്തതിന് കാരണമെന്ന് ആർ.ടി.ഒ അറിയിച്ചു. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊതുപ്രവർത്തകനായ ശാന്തിവിള പത്മകുമാറും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.