സാരഥിയായി സതീശൻ; ആവേശമായി തൃശൂർ
തൃശൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് തൃശൂരിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ ഓഫീസിനു മുൻപിൽ സമാപിച്ചു. കനത്തമഴയിലും ആവേശം കൈവിടാതെ നടത്തിയ പ്രകടനത്തിന് രാജേന്ദ്രൻ അരങ്ങത്ത്, കെ.വി.ദാസൻ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, രവി ജോസ് താണിക്കൽ, അനിൽ പുളിക്കൻ, സജീവൻ കുരിയച്ചിറ ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി.രാധാകൃഷ്ണൻ, പി.ജി. ജയദീപ്, പി.ഐ. ഷാനവാസ്, ജയപ്രകാശ് പൂവത്തിങ്കൽ, ഇ.എസ്.ബൈജു, എസ്.ഹരീഷ് കുമാർ, സി.കെ.വിനോദ്, നൗഷാദ് കടങ്ങോട് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ ആഹ്‌ളാദ പ്രകടനം നടത്തി. അധികാരമേൽക്കുന്ന ദിവസം ജില്ലയിൽ വിപുലമായ ആഘോഷപരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പാണ് പാർട്ടി.
ഏറെ പ്രതീക്ഷയോടെയാണ് വി.ഡി.സതീശനെന്ന മുഖ്യമന്ത്രിയെ നോക്കിക്കാണുന്നത്. പ്രതിപക്ഷ നേതാവായിരിക്കെ പൊതുസമൂഹത്തിന് മുന്നിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ, ഭരണതലപ്പത്തേക്ക് വരുമ്പോൾ ശ്രദ്ധയോടെ ഇടപെടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. -മത്തായിക്കുഞ്ഞ്, കട്ടിലപ്പൂവ്വം, തൃശൂർ
രാജ്യത്തിന് തന്നെ മാതൃകയാകാവുന്ന തരത്തിലുള്ള ഭരണമാണ് കേരള ജനത പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ജനകീയ വിഷയങ്ങളിൽ നിരന്തരമായി ഇടപ്പെട്ടിരുന്ന നേതാവ് മുഖ്യമന്ത്രിയാകുമ്പോൾ വലിയമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. -എ.എസ്.നദീറ, അവണൂർ, തൃശൂർ