ഇരിക്കുന്ന കസേരകൾ മറക്കാതിരിക്കുക!

Sunday 03 May 2026 1:51 AM IST

''മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നിൽ അല്പം സ്പർശിച്ചുകൊണ്ട്, നമുക്കിന്ന് ആരംഭിച്ചാലോ, അടിസ്ഥാന സംഗതികളാകുമ്പോൾ, അതിന് ഇന്നും, നാളെയുമൊന്നും ഒരുമാറ്റവുമുണ്ടാകില്ലല്ലോ! മാത്രമല്ല, എല്ലാകാലത്തും അതിന് വലിയ പ്രസക്തിയുമുള്ളതല്ലേ? എന്ത്, ഒന്നും മനസിലായില്ലെന്നോ! ഒന്നുകൂടി വ്യക്തമാക്കാം: നമുക്ക്, ഒരുപ്രത്യേകകാര്യം/സംഗതി, ചിലപ്പോളത് സ്വന്തം ജീവിതത്തിലേക്കുതന്നെ കൂട്ടിയ ഒരു വ്യക്തിയുമാകാം, ഏറ്റവും കൂടുതൽ പ്രിയപ്പെട്ടതും, വിലപ്പെട്ടതുമാകുന്നത് എപ്പോഴാണ്? സംശയമെന്താ, അത് സ്വന്തമാക്കാനായി, നമ്മൾ ജീവൻപോലും പണയംവെച്ച് ആഗ്രഹിച്ചുനടക്കുമ്പോളല്ലേ! അല്ലെങ്കിൽ, അപ്രകാരം ആഗ്രഹിച്ചുനേടിയകാര്യം/ആ വ്യക്തിയെ നഷ്ടപ്പെടുമ്പോളല്ലേ!ശരിയാണോ? ഉത്തരം, നന്നായി ആലോചിച്ചുമാത്രം ഉറപ്പിച്ചാൽ മതി. ഇച്ഛാശക്തിയോടെയുള്ള പ്രയത്നവുമായി ഒരാൾ ഒരു ഉന്നതസ്ഥാനം നേടണമെന്നാഗ്രഹിച്ചു നടക്കുകയാണെന്നു വിചാരിക്കുക. അതുസാധ്യമാവുന്നതിന് മുമ്പ്, ആ വ്യക്തിക്ക് അത് ഏറ്റവും പ്രിയപ്പെട്ടതായിരിക്കില്ലേ? ഇനി, അത്തരമൊരുസ്ഥാനം അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞാലോ, ദിവസങ്ങൾ കഴിയുന്നതോടെ അതിനോടുള്ള പ്രിയത്തിന് സ്വാഭാവികമായൊരു തീവ്രതകുറവ് അനുഭവപ്പെടില്ലേ?ചിലപ്പോൾ, അതങ്ങ് നഷ്ടപ്പെട്ടാലും കുഴപ്പമില്ലയെന്നുപോലും തോന്നില്ലേ! എന്നാൽ, അത് നഷ്ടപ്പെടുന്നൊരു സാഹചര്യം വന്നാലോ, അപ്പോളത്, അദ്ദേഹത്തിന് വീണ്ടും ഏറ്റവും പ്രിയപ്പെട്ടതിനേക്കാളേറെ പ്രിയപ്പെട്ടതായി മാറില്ലേ!സംശയം എന്തെങ്കിലുമുണ്ടെങ്കിൽ, കേസുകളിലുംമറ്റുംപെട്ട്, കാലാവധി പൂർത്തിയാകുംമുമ്പ് സ്ഥാനം നഷ്ടപ്പെട്ട മന്ത്രിമാരോടും, ജനപ്രതിനിധികളോടുമൊക്കെ സ്വകാര്യമായി ചോദിച്ചുനോക്കു, അവർ പറയുമായിരിക്കും 'ശവത്തിൽ കുത്തല്ലേയെന്ന്!" അപ്പോൾ, നമ്മളും പറയും, 'ഉപ്പുതിന്നില്ലേ, അതിനാൽ അല്പം വെള്ളം കുടിക്കട്ടെ"യെന്ന്! ഇല്ലേ, പറയില്ലേ?"" ഇത്രയും പറഞ്ഞുകൊണ്ട്,പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും, പ്രഭാഷണം ഇന്ന് ഏതുമേഖലയെയാണ് സ്പർശിക്കാൻ പോകുന്നതെന്നറിയാൻ കഴിയാത്തൊരുഭാവത്തിലായിരുന്നു.

എല്ലാവരേയും വാത്സല്യപൂർവംനോക്കി പുഞ്ചിരിയോടെ പ്രഭാഷകൻ ഇപ്രകാരം തുടർന്നു:''ഇഷ്ടപ്പെട്ടതൊന്ന് നഷ്ടപ്പെടുമ്പോൾ വിഷമം തോന്നുന്നത് സ്വാഭാവികമാണ്. അതിനെ അതിജീവിക്കാൻ ലളിതമായ ചില വഴികൾ തേടിയില്ലെങ്കിൽ വിഷമം, വിഷാദമാവില്ലേ. തീവ്രമായ വിഷാദം, ചിലപ്പോൾ ആ വ്യക്തിയെ ആത്മഹത്യയിലേക്ക് നയിച്ചേക്കാം. അതിനാൽ, അത്തരമൊരു സാഹചര്യത്തെ മറികടക്കാൻ, ഇതാ ചില പൊടിക്കൈകൾ-അംഗീകരിക്കുക:നഷ്ടം സംഭവിച്ചു എന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കുക. കരയാൻ തോന്നിയാൽ കരയുക,വിഷമം ഉള്ളിൽ അടക്കി വെക്കരുത്.സമയം നൽകുക: എല്ലാം പഴയതുപോലെയാകാൻ അല്പം സമയമെടുക്കും.സ്വയം പഴിചാരാതെ സമയത്തിന് വിട്ടുകൊടുക്കുക. തിരിച്ചറിവ്:'ഇതിലും നല്ലത് വരാനിരിക്കുന്നു"എന്ന് വിശ്വസിക്കുക. ശ്രദ്ധമാറ്റുക:നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ(പാട്ടു കേൾക്കുക,വായന,യാത്ര) ചെയ്യുക. പുതിയ ലക്ഷ്യങ്ങൾ ഉണ്ടാക്കുക. തുറന്നു പറയുക:വിശ്വസ്തരായ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിക്കുക. ഓർക്കുക, പങ്കിട്ടദുഖം, പാതിദുഖം! പങ്കിട്ടസുഖം, ഇരട്ടിസുഖം! ലളിതമായ ഒരുചിന്ത:നഷ്ടപ്പെട്ടതിനെ ഓർത്ത് കരയുന്നതിനേക്കാൾ നല്ലത്, ബാക്കിയുള്ളതിനെ സന്തോഷത്തോടെ ചേർത്തുപിടിക്കുന്നതല്ലേ. 'വിഷമിക്കേണ്ട, ഈ സമയവും കടന്നുപോകും". ഇതൊക്കെ, നമ്മളെപോലുള്ള സാധാരണ മനുഷ്യർക്ക് ഫലിച്ചേക്കാം,എന്നാൽ,നമ്മളുടെ ഈ വേദോപദേശങ്ങളൊക്കെ ആരോടാണ് എന്നതാണ് പ്രധാനം. കൃപകൂടാതെ പ്രജകളെ പീഡിപ്പിച്ചിരുന്ന നൃപനോടോ,അതോ,പൗരന്മാരോട് കുതിര കയറിയിരുന്ന ജനാധിപത്യത്തിലെ മന്ത്രിയോടോ, അവിടെയെങ്ങും നമ്മുടെ പൊടിക്കൈ ഫലിക്കാൻ സാധ്യതയില്ല. അവരൊക്കെ ഭാവിയിലെങ്കിലും, തങ്ങളുടെ പദവിക്കുചേരുന്ന ഭാഷ ആദ്യം സ്വായത്തമാക്കട്ടെ. ഇരിക്കുന്ന കസേര ഒരിക്കലും മറക്കാതിരിക്കുക, അപ്പോൾ ഓരിയിടാൻ തോന്നുകയേയില്ല. അത് ഇനിയിപ്പോൾ പറഞ്ഞിട്ടുകാര്യമുണ്ടോ, ആളും, അരങ്ങും,ഒഴിഞ്ഞുയെന്നാണോ! അനിയന്ത്രിത കോപത്തോടെ അധികാരികൾ ഒന്നും പറയാതിരിക്കുക. അഹങ്കാരത്തോടെ ഒന്നും ചെയ്യാതിരിക്കുക. കാരണം, ഇത്തരം പെരുമാറ്റങ്ങളും, പ്രവൃത്തികളും അബദ്ധങ്ങളാകുമെന്നും തിരിച്ചറിയുക. വരട്ടെയല്ലേ, ഭാവിയിൽ നോക്കാം!"" ഇപ്രകാരം പ്രഭാഷകൻ നിറുത്തിയപ്പോളുയർന്ന കൂട്ടച്ചിരിയിൽ, പ്രഭാഷകനും കൂടിച്ചേർന്നു.