നീറുന്ന നോവായി മധു, ഒടുവിൽ നീതി

Sunday 31 May 2026 12:44 AM IST

2018 ഫെബ്രുവരി 22. അന്നാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കും മർദ്ദനത്തിനും വിധേയനായി മധു എന്ന യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. ആഹാരസാധനങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ച് ആൾക്കൂട്ടവിചാരണ നേരിടേണ്ടി വന്ന മധു നിസ്സഹായനായ, മനോദൗർബല്യമുള്ള, അതിദരിദ്രനായ ഒരു 27കാരനായിരുന്നു. സാംസ്‌കാരിക പ്രബുദ്ധതയ്ക്ക് പേര് കേട്ട കേരളത്തെയൊന്നാകെ നാണക്കേടിന്റെ ആഴങ്ങളിലേക്ക് തള്ളിവിടാൻ ആ സംഭവം കാരണമായി. മധുവിനെ വിചാരണ ചെയ്യുന്നത്, ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കു മുമ്പിൽ നിസ്സഹായനായ ഒരു മനുഷ്യൻ ദൈന്യതയോടെ നിൽക്കുന്നത്, കൊടുംകുറ്റവാളിയെന്ന് മുദ്രകുത്തി അയാളെ മർദ്ദിക്കുന്നത് ഒക്കെ ദൃശ്യങ്ങളായി കേരളജനതയ്ക്ക് മുമ്പിലെത്തി. ഒരു നേരത്തെ ആഹാരത്തിനാണ് മധു ജീവൻ കൊണ്ട് വിലനൽകേണ്ടി വന്നത്. ഇന്ത്യയൊട്ടാകെ വിഷയം ചർച്ചയായി. ലോകത്തിനു മുന്നിൽത്തന്നെ കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വന്നു. എട്ട് വർഷങ്ങൾക്കിപ്പുറം കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടുകൊണ്ട് വിധിവന്നിരിക്കുന്നു. ബാക്കിയുള്ളവരിൽ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തിയിട്ടുണ്ട്. 16-ാം പ്രതി മുനീറിന്റെ ശിക്ഷ ഒരു വർഷമാക്കി കൂട്ടി. ഇയാൾക്ക് മൂന്നു മാസത്തെ ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. എസ്സി/എസ്ടി നിയമത്തിലെ 325, 325 എ വകുപ്പുകൾ കൂടി പ്രതികൾക്കുമേൽ ചുമത്തിക്കൊണ്ടാണ് ശിക്ഷാ കാലയളവ് വർദ്ധിപ്പിച്ചത്. വിവിധ വകുപ്പുകൾ അനുസരിച്ച് ട്രിപ്പിൾ ജീവപര്യന്തമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് വിധി. ഒടുവിൽ മധുവിന് നീതി കിട്ടിയെന്ന് സമൂഹം ആശ്വസിക്കുന്നു. അപ്പോഴും, കൈകൾ ബന്ധിപ്പിക്കപ്പെട്ട് ദൈന്യതയോടെ ചുറ്റിലും ഉറ്റുനോക്കിയ ആ മുഖം ബാക്കിവെക്കുന്ന നൊമ്പരം കേരളമനസാക്ഷിയെ അലോസരപ്പെടുത്തുന്നത് തന്നെയാണ്.

 ഇതാണ് മധു

അട്ടപ്പാടിയിലെ ചിണ്ടക്കി സ്വദേശിയായിരുന്നു മധു. കൊല്ലപ്പെടുമ്പോൾ വെറും 27 വയസ്. ഏഴാം ക്ലാസ് വരെ പഠിച്ചു. അച്ഛന്റെ മരണത്തെ തുടർന്നാണ് പഠിപ്പ് നിറുത്തേണ്ടിവന്നത്. സംയോജിത ഗോത്ര വികസന പദ്ധതിക്ക് (ഐ.ടി.ഡി.പി.) കീഴിൽ പാലക്കാട്ട് മരപ്പണിയിൽ പരിശീലനം നേടി ജോലിക്കായി ആലപ്പുഴയ്ക്ക് പോയെങ്കിലും അവിടെവെച്ച് ഒരു സംഘർഷത്തിനിടയിൽപ്പെട്ട് തലയ്ക്കു പരിക്കേറ്റു. നാട്ടിൽ മടങ്ങിയെത്തി അലഞ്ഞുനടപ്പായി. ഇതിനിടെ സമീപത്തെ കാടുകയറി ഗുഹകളിലും മറ്റും താമസിക്കാൻ തുടങ്ങി. വല്ലപ്പോഴും നാട്ടിലിറങ്ങും, മടങ്ങും. ഇതായിരുന്നു മധു...

കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയിൽനിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദ്ദിച്ചത്. സംഭവ ദിവസം കാട്ടിൽ മരത്തടികൾ ശേഖരിക്കാൻ പോയ ഒരാൾ ഗുഹയ്ക്കുള്ളിൽ മധുവിനെ കാണുകയും മുക്കാലിയിൽനിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. ഈ ആൾക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്‌തെന്ന് കേസിന്റെ രേഖകളിൽ പറയുന്നു. കൈകൾ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു. നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മർദ്ദിച്ചു. മുക്കാലിയിലെത്തുമ്പോൾ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞ് 2.30. കൂട്ടത്തിലാരോ പൊലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പൊലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജീപ്പിൽവെച്ച് മധു ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. 4.15ഓടെ ആശുപത്രിയിലെത്തി. മധു മരിച്ചുകഴിഞ്ഞതായി ഡോക്ടർമാർ. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരക്ഷതമാണ് മരണകാരണമെന്നു പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. തലയ്ക്കുപിന്നിൽ മാരകമാംവിധം മുറിവേറ്റിരുന്നു. വാരിയെല്ലുകൾ തകർന്നിരുന്നു. ശരീരത്തിൽ 42 മുറിവുകളെന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടിലും പറയുന്നു. മധുവിനെ മർദ്ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തി സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയെന്ന നികൃഷ്ടതകൂടി പ്രദർശിപ്പിച്ചു, അക്രമികൾ. അവശനായിരിക്കുന്ന മധുവിന്റെ സമീപം നിന്ന് സെൽഫിയെടുത്ത് പ്രചരിപ്പിച്ചു, പ്രതികളിലൊരാൾ. ഈ ദൃശ്യങ്ങൾ സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചു. ദേശീയ,അന്തർദ്ദേശീയ മാദ്ധ്യമങ്ങളിൽ വരെ വാർത്തയായി. ജനവികാരമുയർന്നതോടെ പൊലീസ് 16 പേരെ അറസ്റ്റുചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (ഐ.പി.സി.) പട്ടികജാതിവർഗ പീഡന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രം 2018 മേയ് മാസത്തിൽ കോടതിയിൽ സമർപ്പിച്ചു.

നീണ്ടുനീണ്ട് കേസ്

സംഭവം നടന്ന് നാലുവർഷത്തിലേറെക്കഴിഞ്ഞാണ് കേസിൽ വിചാരണ ആരംഭിച്ചതുതന്നെ. പൊലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ വിചാരണക്കോടതിയിൽ സ്ഥിരം ജഡ്ജിയുണ്ടായിരുന്നില്ല. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ (എസ്.പി.പി.) നിയമിക്കുന്നതിൽ സംസ്ഥാന സർക്കാർ ആദ്യകാലത്ത് താത്പര്യക്കുറവ് കാട്ടി. ഒരൊറ്റ കേസിനുവേണ്ടിമാത്രം ഒരു എസ്.പി.പി.യെ നിയമിക്കുകയോ എന്നായിരുന്നു സർക്കാരിന്റെ ചോദ്യം. പിന്നീട് നിയമിച്ചപ്പോഴാകട്ടെ, ആ പദവിയിൽ ആളുകൾ മാറിമാറിവന്നതും കേസിന് തിരിച്ചടിയായി. ആദ്യം അഡ്വ. പി. ഗോപിനാഥിനെയാണ് എസ്.പി.പി.യായി നിയമിച്ചത്. പക്ഷേ, അട്ടപ്പാടിയിൽ ഓഫീസും താത്കാലിക താമസസൗകര്യവും വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. അദ്ദേഹം കേസിൽനിന്ന് പിന്മാറുകയും ചെയ്തു. പകരം അഡ്വ. വി.ടി. രഘുനാഥ് എത്തിയെങ്കിലും ചില പരാതികളുയർന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജനുവരിയിൽ അദ്ദേഹവും ഒഴിഞ്ഞു. തുടർന്നാണ് അഡ്വ. സി.രാജേന്ദ്രൻ എസ്.പി.പി.യായും അഡ്വ. രാജേഷ് എം.മേനോൻ അഡീഷണൽ എസ്.പി.പി.യായും നിയമിക്കപ്പെട്ടത്. മധുവിന്റെ കുടുംബത്തിന്റെ താത്പര്യപ്രകാരമായിരുന്നു ഇത്. എന്നാൽ, അഡ്വ. രാജേന്ദ്രനെ നീക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം പിന്നീട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിനെ സമീപിച്ചു. അഡ്വ. രാജേന്ദ്രൻ രാജിവെയ്ക്കുകയും അഡ്വ. രാജേഷ് എം. മേനോൻ എസ്.പി.പി.യാവുകയും ചെയ്തു.

നീതിക്കായുള്ള പോരാട്ടത്തിൽ പിന്തുണ ലഭിച്ചില്ല

വാദിഭാഗത്തിന്റെ 127 സാക്ഷികളിൽ 24 പേരാണ് വിചാരണഘട്ടത്തിൽ കൂറുമാറിയത്. ഇക്കൂട്ടത്തിൽ മധുവിന്റെ മാതൃസഹോദരീ പുത്രൻ പോലുമുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ സുഘടിതമായ ശ്രമമുണ്ടായി. കേസിലെ പ്രതികളിൽ മിക്കവരും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രബലകക്ഷികളുടെ പ്രവർത്തകരാണ്. കേസിലെ രണ്ട് മുൻ എസ്.പി.പി.മാരുടെ ഭാഗത്തുനിന്ന് പ്രതികൾക്ക് അനുകൂലമായ നീക്കങ്ങളുണ്ടായതായും ആരോപണമുയർന്നിരുന്നു.

ചിണ്ടക്കി ഊരിലെ ബന്ധുജനങ്ങളിൽ നിന്നുപോലും മധുവിന്റെ നീതിക്കായുള്ള പോരാട്ടത്തിൽ വേണ്ടത്ര സഹകരണം കുടുംബത്തിന് ലഭിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. മധു കൊല്ലപ്പെട്ട് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഈ കേസുമായി ബന്ധപ്പെട്ട് ഒരു ഊരുകൂട്ടം പോലും ചിണ്ടക്കിയിൽ ഉണ്ടായിട്ടില്ല. അച്ഛനില്ലാത്തത് കൊണ്ടാകാം ബന്ധുക്കളായിരുന്നിട്ടും ഊരിലുള്ളവർ സഹകരിക്കാത്തതെന്ന് മധുവിന്റെ സഹോദരി വ്യക്തമാക്കി. മുഡുഗർ സമുദായത്തിൽ നിന്നുള്ള മധുവിന്റെ അച്ഛൻ മല്ലന്റെ ഊരാണ് ചിണ്ടക്കി. കുറുമ്പർ സമുദായ അംഗമായ മധുവിന്റെ അമ്മ മല്ലിയമ്മ കുറുമ്പർ പരമ്പരാഗതമായി താമസിക്കുന്ന കടുക്മണ്ണ എന്ന ഊരിലെ അംഗമായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ഭർത്താവ് മല്ലൻ മരണപ്പെട്ട ശേഷം മല്ലിയമ്മ മക്കളുമായി വളരെക്കാലം തന്റെ ഊരായ കടുക്മണ്ണയിലാണ് താമസിച്ചിരുന്നത്. മക്കൾ വളർന്ന ശേഷമാണ് മധുവിനെയും സരസുവിനെയും ചന്ദ്രികയേയും കൊണ്ട് അവർ ചിണ്ടക്കി ഊരിൽ താമസമാക്കുന്നത്. മധുവിന്റെ കേസിൽ സഹായം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഊരുകൂട്ടം ഇത് സംബന്ധിച്ച് അന്വേഷിക്കാൻ പോയിട്ടുമില്ലെന്നാണ് ഊരുമൂപ്പന്റെ നിലപാട്.

കഴിഞ്ഞ ഡിസംബറിലാണ് വാളയാറിൽ അന്യസംസ്ഥാനക്കാരനായ രാം നാരായണൻ എന്ന യുവാവ് മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ടം മർദ്ധിച്ച് പിന്നീട് മരണപ്പെട്ടത്. സ്വാതന്ത്ര്യം നേടി ഇത്രയും വർഷങ്ങൾക്ക് ശേഷവും ദളിതരും ആദിവാസികളും പകലിരവ് വ്യത്യാസമില്ലാതെ നടുറോഡിൽ ആക്രമിക്കപ്പെടുന്നതിന്റെ, കൊല ചെയ്യപ്പെടുന്നതിന്റെ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് മധുവിന്റേത് എന്ന് ഇത്തരം പൈശാചിക സംഭവങ്ങൾ നിരന്തരം ഓർമ്മിപ്പിക്കുന്നു. 1931 ആഗസ്റ്റ് 14ന് ബോംബെയിലെ മണിഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ അംബേദ്കർ ഗാന്ധിയോട് പറഞ്ഞത് പോലെ, എനിക്കൊരു മാതൃരാജ്യമില്ല. കുടിക്കാൻ ഒരു തുള്ളി വെള്ളം ലഭിക്കാത്ത, പട്ടികളേക്കാളും പൂച്ചകളേക്കാളും മോശമായി പരിഗണിക്കപ്പെടുന്ന ഈ നാടിനെ, ഈ മതത്തെ ഞാൻ എങ്ങനെ എന്റേതായി കരുതും എന്ന് പറയാനുള്ള സാഹചര്യം അധസ്ഥിത സമൂഹങ്ങൾക്ക് എന്നാണ് ഇല്ലാതാകുന്നത്?...