പ്രതീക്ഷാനിർഭരമായ നയപ്രഖ്യാപനം
ഉജ്ജ്വല വിജയം നേടി അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഒട്ടേറെ പ്രതീക്ഷകൾ ഉണർത്തുന്നതാണ്. വികസനത്തിനും ജനക്ഷേമ പദ്ധതികൾക്കും തുല്യ പ്രാധാന്യം നൽകുന്നു എന്നതാണ് പുതു കേരള സൃഷ്ടിക്കായുള്ള ഈ നയപ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. യു.ഡി.എഫ് സർക്കാരിന് വേണ്ടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ പതിവിന് വ്യത്യസ്തമായി കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന വാചകങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നത് വളരെ ശ്രദ്ധേയമായി. കേന്ദ്ര സർക്കാരുമായി ഒരു ഏറ്റുമുട്ടലിനല്ല സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് പുതിയ സർക്കാർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതു കൂടിയായി നയപ്രഖ്യാപനം. അതുപോലെ തന്നെ സർക്കാരിന്റെ നയപ്രഖ്യാപനത്തെ പ്രതിപക്ഷവും പരിധി വിട്ട് വിമർശിച്ചിട്ടില്ല എന്നതും വ്യത്യസ്തമായ ഒരു അനുഭവമായി മാറി. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം വികസന കാര്യങ്ങളിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിൽക്കുമ്പോഴാണ് ഏതൊരു സംസ്ഥാനത്തിന്റെയും പുരോഗതി സാദ്ധ്യമാവുന്നത്. അതുപോലെ തന്നെ വികസനവും ക്ഷേമവും ഒന്നിച്ച് നീങ്ങിയില്ലെങ്കിൽ 'നല്ല ഭരണം" എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാവുകയുമില്ല. വികസനം അതിന്റെ സദ്‌ഫലങ്ങൾ നൽകാൻ വർഷങ്ങളെടുക്കും. 2050-ൽ ഇന്ത്യ മുൻനിരയിലെത്തും എന്ന ഉറപ്പുകളും വാഗ്ദാനങ്ങളും പ്രവർത്തനങ്ങളും അഭിമാനകരമാണെങ്കിലും അതുകൊണ്ട് ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് ഉള്ള പ്രയോജനം എന്താണെന്ന രീതിയിൽ ജനങ്ങൾ ചിന്തിക്കുന്ന കാലമാണിത്. അതിനാൽ ഇവ രണ്ടും ഒന്നുപോലെ സാധിതപ്രായമായെങ്കിൽ മാത്രമേ ഭരണ വിരുദ്ധ വികാരം രൂപപ്പെടാതിരിക്കാൻ ഇടയാകൂ.
തിരഞ്ഞെടുപ്പ് വേളയിൽ രാഹുൽഗാന്ധി പ്രഖ്യാപിച്ച 'ഇന്ദിരാ ഗ്യാരന്റി" പ്രധാനമായും ജനങ്ങളുടെ ക്ഷേമ തലത്തിൽ ഊന്നൽ നൽകുന്നതാണ്. ഈ വാഗ്ദാനങ്ങളെല്ലാം നയപ്രഖ്യാപനത്തിലും ഇടംപിടിച്ചിട്ടുണ്ട്. സ്‌ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യ യാത്ര, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, 3000 രൂപ ക്ഷേമപെൻഷൻ, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ്, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം വരെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ്, യുവാക്കൾക്ക് ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷത്തിന്റെ പലിശ രഹിത വായ‌്‌പ എന്നിവയെല്ലാം നടപ്പാക്കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായും ഇതിനൊക്കെ ആവശ്യമായ ധനം എങ്ങനെ സമാഹരിക്കും എന്ന ചോദ്യം ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്. അതിനുള്ള ഒരു ഉത്തരമെന്ന നിലയിൽ കൂടിയാണ് തീരദേശത്തെയും നദികളെയും തടാകങ്ങളെയും നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഉൾപ്പെടുത്തി സംയോജിത വികസന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം.
സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി, അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന സ്‌ത്രീകൾക്ക് ആറുമാസത്തെ പ്രസവാവധി, കർഷകരെ സഹായിക്കാൻ ഉപാധികളില്ലാതെ പട്ടയം തുടങ്ങിയ പുതിയ പ്രഖ്യാപനങ്ങളും തികച്ചും അഭിനന്ദനീയമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമല്ലെന്ന് നയപ്രഖ്യാപനം അടിവരയിട്ട് പറയുന്നു. ധവളപത്രമിറക്കി ഖജനാവിന്റെ വ്യക്തമായ ചിത്രം ജനങ്ങളെ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വ്യവസായങ്ങൾക്ക് ഭൂമി ലഭ്യമാക്കാൻ ലാൻഡ് ബാങ്ക് രൂപീകരിക്കും എന്ന പ്രഖ്യാപനം നിക്ഷേപകരെ ആകർഷിക്കാൻ വളരെ ഉതകുന്നതാണ്. കേരളത്തിൽ ഭൂമിയുടെ ലഭ്യതക്കുറവാണ് വ്യവസായികളെ അകറ്റിനിറുത്തുന്നത്. കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് എല്ലാ സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന വ്യവസായ പാർക്കുകൾ തുടങ്ങിയാൽ ഇവിടെ നിക്ഷേപകർക്ക് ഒരു കുറവും ഉണ്ടാവില്ല. സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷകൾ നൽകുന്നതാണ്.
ലഹരിക്കേസുകളിൽ പ്രതികളാവുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും, സഹകരണ സംഘങ്ങൾ തകരുകയാണെങ്കിൽ നിക്ഷേപം തിരികെ നൽകും, നെല്ല്, തേങ്ങ, റബർ തുടങ്ങിയ കാർഷിക ഉത്‌പന്നങ്ങൾക്ക് സമയബന്ധിതമായി ന്യായവില ഉറപ്പാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും സ്വാഗതാർഹമാണ്. ഈ നയപ്രഖ്യാപനം ഒരു പുതിയ തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.