അമൃതകിരണം സ്വാർത്ഥത ദുഃഖത്തിന്റെ ബീജം

Sunday 31 May 2026 12:27 AM IST

ഒരു രാജ്യത്ത് എലിശല്യം രൂക്ഷമായിത്തീർന്നു. പൗരന്മാർ എലികളെ കൊന്ന് ശവശരീരം പഞ്ചായത്ത് ഓഫീസിൽ എത്തിച്ചാൽ എലികളുടെ എണ്ണത്തിനനുസരിച്ച് പണം നൽകുമെന്ന് സർക്കാർ അറിയിച്ചു. ജനങ്ങൾ കൂട്ടത്തോടെ എലികളെ കൊന്ന് അതിനുള്ള പണം വാങ്ങിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരു കൊല്ലം കഴിഞ്ഞപ്പോൾ മനസ്സിലായി എലികളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചിരിക്കുന്നു. അധികാരികളിൽ ഇത് ആശയക്കുഴപ്പമുണ്ടാക്കി. എന്തുകൊണ്ടാണ് എലികൾ ഇങ്ങനെ പെരുകുന്നത്? അന്വേഷണം ആരംഭിച്ചു. ഒടുവിൽ കാരണം കണ്ടെത്തി. പണം കിട്ടാനായി ധാരാളം പേർ എലികളെ വളർത്താൻ തുടങ്ങിയിരുന്നു.

ഇതാണ് പൊതുവെയുള്ള മനുഷ്യസ്വഭാവം. ജനങ്ങൾ വ്യക്തിപരമായ ലാഭത്തിന്റെ പിന്നാലെ പോകുന്നു. സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും ഉണ്ടാകുന്ന വലിയ നഷ്ടത്തെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. സമൂഹത്തിനും ലോകത്തിനും ഉണ്ടാകുന്ന നഷ്ടം കാലാന്തരത്തിൽ അതിന് കാരണമായ വ്യക്തികളിലേക്ക് തന്നെ തിരിച്ചെത്തും. ഇത് അലംഘനീയമായ പ്രകൃതി നിയമമാണ്. സമൂഹത്തിനു ദോഷം ചെയ്യുന്ന എതൊരു പ്രവൃത്തിയും അധർമ്മമാണ്. സമൂഹത്തിന്റെയും ലോകത്തിൻ്റെയും നന്മയ്ക്കുവേണ്ടി വ്യക്തിപരമായ നേട്ടങ്ങൾ ഉപേക്ഷിക്കാൻ കഴിയുക എന്നത് വലിയ കാര്യമാണ്. ജനങ്ങളിൽ ഈ മനോഭാവം വളർന്നാൽ മിക്ക പ്രശ്‌നങ്ങളെയും കാര്യക്ഷമമായി നേരിടാനും പരിഹരിക്കാനും നമുക്കു കഴിയും.

മൂല്യച്യുതിക്ക് വേഗതയേറിയ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സമൂഹം നേരിടുന്ന മറ്റേതു വെല്ലുവിളികളേക്കാളും ഗൗരവമേറിയ ഒന്നാണ് ധാർമ്മികമായ തകർച്ച. ധർമ്മബോധം കൈമോശം വന്ന മനുഷ്യൻ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. സ്വാർത്ഥ ലാഭത്തിനായി എന്തു തെറ്റുചെയ്യാനും അവൻ മടിക്കില്ല. മറിച്ച് സമൂഹത്തെയും കഷ്ടപ്പെടുന്നവരെയും സേവിക്കുക എന്നത് ധർമ്മബോധമുള്ള ഒരാൾ തൻ്റെ കടമയായി കാണുന്നു.

സ്വാർത്ഥത, തുടക്കത്തിൽ നമുക്ക് സുഖം തന്നേക്കാം. എന്നാൽ തീർച്ചയായും പിന്നീട് ദുഃഖകാരണമാകും. നിസ്വാർത്ഥത തുടക്കത്തിൽ നമുക്ക് ദുഃഖമായി തോന്നും. എന്നാൽ പിന്നീട് നമുക്കത് സുഖവും ശാന്തിയും പ്രദാനം ചെയ്യും. ഈ സത്യം, ധർമ്മ തത്ത്വം നമ്മൾ മറന്നുപോകുന്നു. അധർമ്മത്തിൽ നിന്നും ലഭിക്കുന്ന സുഖം ദുഃഖത്തിന്റെ ബീജമാണെന്ന കാര്യം നമ്മൾ മറക്കരുത്. ഭൗതികമായി എത്ര വളർച്ച ഉണ്ടായാലും, ധർമ്മബോധവും സ്വഭാവശുദ്ധിയും ഇല്ലെങ്കിൽ ശരിയായ പുരോഗതിയും സുരക്ഷിതത്വവും സാദ്ധ്യമല്ല.

ജീവിതം എപ്പോഴും നമുക്ക് മുന്നിൽ രണ്ട് വഴികൾ തുറന്നിട്ടിട്ടുണ്ട്. ഒന്ന് നമ്മുടെ ആഗ്രഹങ്ങൾ പെട്ടെന്ന് നേടിയെടുക്കാനുള്ള കുറുക്കുവഴി. രണ്ടാമത്തേത് അവ നേടാനുള്ള നേരായ വഴി. അത് ധർമ്മത്തിൽ അധിഷ്ഠിതമാണ്. വാസ്‌തവത്തിൽ ആദ്യത്തെ വഴി ഉള്ളതല്ല, ഉണ്ടെന്ന് നമ്മൾ ഭ്രമിക്കുന്നതാണ്, മരീചിക പോലെ. അത് കൂടുതൽ ദുഃഖത്തിലേക്കുള്ള വഴിയാണ്. രണ്ടാമത്തെ മാർഗം ലോക നന്മയിലേക്കുള്ള മാർഗമാണ്. അതു ചിരസ്ഥായിയായ സംതൃപ്തിയും സന്തോഷവും തരും. ആത്യന്തികമായി നമ്മളെ അമൃതത്വത്തിലേക്ക് നയിക്കുകയും ചെയ്യും.

സ്വന്തം താല്പര്യങ്ങൾക്കുമാത്രം പ്രാധാന്യം കൊടുക്കുന്നവനേക്കാൾ ശ്രേഷ്ഠനാണ് സ്വന്തം കുടുംബത്തിൻ്റെ കൂടി താല്പര്യങ്ങൾ സംരക്ഷിക്കുന്നയാൾ. അതിലും ശ്രേഷ്ഠനാണ് രാജ്യമാകുന്ന വലിയ കുടുംബത്തിൻ്റെ താല്പര്യങ്ങൾക്കുവേണ്ടി ജീവിക്കുന്നയാൾ. ലോകത്തിലെ മുഴുവൻ ജീവജാലങ്ങളുടെയും നന്മയെ ലക്ഷ്യമാക്കി ജീവിക്കുമ്പോൾ ധർമ്മബോധത്തെ അതിൻ്റെ പൂർണതയിൽ നമ്മൾ ഉൾക്കൊള്ളുകയാണ്.