സത്തന്നൂരിലെ കടുവ, കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ

Sunday 31 May 2026 12:13 AM IST

കർണാടകത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ സ്വാധീനമുള്ള നേതാവാണ് ഡി.കെ. ശിവകുമാർ. ഇങ്ങ് കേരളത്തിൽപ്പോലും ഡി.കെ. വന്നാൽ ജനമിളകും. വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ അതു വ്യക്തമായിരുന്നു. കുതിരക്കച്ചവടം തടയാൻ എം.എൽ.എമാരെ റിസോർട്ടുകളിൽ രഹസ്യമായി പാർപ്പിക്കുന്ന റിസോർട്ട് രാഷ്ട‌്രീയ തന്ത്രം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ നേതാവാണ് ദൊഡ്ഡലഹള്ളി കെമ്പെഗൗഡ ശിവകുമാർ അഥവാ ഡി.കെ. ശിവകുമാർ. കർണാടകയിൽ ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണയുള്ള അനുഭവസമ്പത്തുള്ള സിദ്ധരാമയ്യയെ മാറ്റാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചതിന് പിന്നിൽ ജനപ്രീതിക്കൊപ്പം റിസോർട്ട് രാഷ്ട‌്രീയം അടക്കം അടവുകളിലൂടെ പാർട്ടിയെ രക്ഷിച്ചതിന്റെ കടപ്പാ‌ടും ഒരു ഘടകമാണ്. അങ്ങനെ നിരവധി പ്രതിസന്ധികളിൽ നിന്ന് പാർട്ടിയെ കരകയറ്റിയ 'ട്രബിൾ ഷൂട്ടർ' ഇനി കർണാടകയെ നയിക്കും.

2002-ൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ കോൺഗ്രസ് എം.എൽ.എമാരെ കർണാടകയിലെ റിസോർട്ടിൽ പാർപ്പിച്ച് വിശ്വാസ വോട്ടെടുപ്പ് ദിവസം മുംബയിലെത്തിച്ചത് അന്ന് കർണാടക നഗരവികസന മന്ത്രിയായിരുന്ന ശിവകുമാറാണ്. 2017 ൽ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിയുടെ ഉറ്റ അനുയായി അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തിരഞ്ഞെടുപ്പ് ജയമുറപ്പാക്കാൻ 44 കോൺഗ്രസ് എം.എൽ.എമാരെ ബെംഗളൂരു റിസോർട്ടിലേക്ക് മാറ്റി. എം.എൽ.എമാരെ ബി.ജെ.പി ചാക്കിടുന്നത് തടയാനായിരുന്നു അത്. അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയോ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ജി. പരമേശ്വരയോ അറിയാതെ ആയിരുന്നു ശിവകുമാറിന്റെ ഓപ്പറേഷൻ.

2018 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൂക്കുസഭയുണ്ടായപ്പോൾ ബി.ജെ.പിയുടെ 'ഓപ്പറേഷൻ താമര' തടയാൻ കോൺഗ്രസ് എം.എൽ.എമാരെ അദ്ദേഹം റിസോർട്ടിലേക്ക് മാറ്റി. 2021ലെ അസം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എമാരെ സംരക്ഷിക്കാനുള്ള ദൗത്യവും പാർട്ടി ഏൽപ്പിച്ചത് ശിവകുമാറിനെ. കർണാടകയിൽ ബി.ജെ.പി സ്വാധീനം വർദ്ധിപ്പിച്ചപ്പോഴും കോൺഗ്രസിന്റെ പ്രസക്തി നഷ്‌ടപ്പെടാതെ നിലനിർത്താൻ ശിവകുമാറിന്റെ ജനപ്രീതിക്ക് കഴിഞ്ഞു. പാർട്ടി മറ്റിടങ്ങളിൽ തോറ്റമ്പിയപ്പോഴും 2022ൽ കർണാടകയിൽ മികച്ച വിജയമൊരുക്കിയതിൽ വലിയ റോൾ ഡി.കെയ്‌ക്കുണ്ട്.

രാജ്യത്തെ ഏറ്റവും ധനികരായ രാഷ്‌ട്രീയ നേതാക്കളിലൊരാളയ ശിവകുമാറിന് ഏറ്റവും ഒടുവിൽ വെളിപ്പെടുത്തിയത് പ്രകാരം 1,413 കോടി രൂപയുടെ സ്വത്തുണ്ട്. കർണാടകയിലെ ഗ്രാനൈറ്റ് ഖനന മേഖലയിൽ വൻ നിക്ഷേപം, സ്‌കൂളുകളും കോളേജുകളുമടക്കം നിരവധി സ്ഥാപനങ്ങളും സ്വന്തം. വൻ കമ്പനികളിൽ പങ്കാളിത്തം. അതിനാൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിൽ നിന്ന് പുറത്തായപ്പോഴും പാർട്ടിയെ സാമ്പത്തികമായി സഹായിക്കാൻ ഡി.കെയ്‌ക്ക് കഴിഞ്ഞു. ആപത് ഘട്ടങ്ങളിൽ പാർട്ടിയെ സഹായിച്ചതിന്റെ ഫലമായി അനധികൃത സ്വത്ത് സമ്പാദന കേസുകളും റെയ്‌ഡുകളും നേരി‌ടുന്നു.

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കനകപുരയിൽ കർണാടകയിലെ സ്വാധീനമുള്ള വൊക്കലിംഗ സമുദായത്തിലാണ് ജനനം. ബെംഗളൂരുവിലെ ആർ.സി കോളേജ് പഠനകാലത്ത് വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ സജീവം. പിന്നീട്, യൂത്ത് കോൺഗ്രസിൽ ചേർന്ന് 1983-85 കാലത്ത് സംസ്ഥാന യൂത്ത് ജനറൽ സെക്രട്ടറിയായി. 1987 ൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആദ്യ ജയം. കനകപുരയും വൊക്കലിംഗ സമുദായാംഗവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയുടെയും ജെ.ഡി.എസിന്റെയും സ്വാധീനത്തിലായിരുന്നതിനാൽ ശിവകുമാറിന് രാഷ്‌ട്രീയത്തിൽ തിളങ്ങാൻ അതു മറികടക്കണമായിരുന്നു. 1985-ൽ സത്തന്നൂർ നിയമസഭയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ എച്ച്.ഡി. ദേവഗൗഡയ്‌ക്കെതിരെ 25-ാം വയസിൽ മത്സരിച്ച് തോറ്റു. പക്ഷേ ഹോളേനർസിപുര മണ്ഡലത്തിലും ജയിച്ച ദേവഗൗഡ രാജിവച്ചതിനാൽ ഉപതിരഞ്ഞെടുപ്പിലൂടെ സത്തന്നൂർ അദ്ദേഹത്തിന് കന്നിവിജയം നൽകി. പിന്നീട് രണ്ടുതവണ മണ്ഡലം നിലനിർത്തിയ ശിവകുമാർ അങ്ങനെ കർണാടക രാഷ്‌‌ട്രീയത്തിൽ സത്തന്നൂരിന്റെ കടുവ എന്നറിയപ്പെട്ടു.

1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനകപുര മണ്ഡലത്തിൽ എച്ച്.ഡി. ദേവഗൗഡയ്‌ക്കെതിരെയും 1994-ൽ സത്തനൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മകൻ എച്ച്.ഡി. കുമാരസ്വാമിയോടും തോറ്റു. പിന്മാറാതെ പൊരുതിയ ശിവകുമാർ 2008ൽ കനകപുര പിടിച്ചെടുത്തു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, കനകപുരയിലും സംസ്ഥാന രാഷ്‌ട്രീയത്തിലും. 1999-ൽ എസ്.എം. കൃഷ്ണ സർക്കാരിൽ നഗരകാര്യ മന്ത്രിയായിരുന്നപ്പോഴാണ് ശിവകുമാറിന്റെ രാഷ്ട്രീയ കരിയറിലെ ഉയർച്ച. പിന്നീട് ബി.ജെ.പിയിലേക്ക് മാറിയ എസ്.എം. കൃഷ്ണയുടെ ശിഷ്യനായാണ് അറിയപ്പെട്ടതും. 30-ാം വയസിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1991-1992 കാലത്ത് എസ്. ബംഗാരപ്പ സർക്കാരിലും മന്ത്രി. ഈശ്വര വിശ്വാസിയായതിനാൽ രാഷ്‌ട്രീയത്തിൽ ബി.ജെ.പിയോട് ചായ്‌വുണ്ടെന്ന വിമർശനം പലപ്പോഴും നേരിട്ടു. ജ്യോതിഷിയായ ബെല്ലൂർ ദ്വാരകനാഥുമായി കൂടിയാലോചിച്ച ശേഷമാണ് പ്രധാന തീരുമാനങ്ങൾ എടുക്കാറ്. മുൻ എം.പിയും കോൺഗ്രസ് നേതാവുമായ ഡി.കെ. സുരേഷ് സഹോദരനാണ്. ഭാര്യ: ഉഷ. മക്കൾ: ഐശ്വര്യ, ആഭരണ, ആകാശ്.