ഭീതിയൊഴിയാതെ മലയോരം

Thursday 04 June 2026 12:13 AM IST

മലയോര മേഖലയിലെ കർഷകർക്കും ജനങ്ങൾക്കും വന്യമൃഗശല്യത്തിൽ നിന്നും മോചനമില്ലാത്ത കാഴ്ച്യാണ് കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ കാണാൻ കഴിയുന്നത്.ആലക്കോട്, കരുവഞ്ചാൽ,​ ആറളം, ചെമ്പേരി, ഉളിക്കൽ, പയ്യാവൂർ പേരാവൂർ, ഇരിട്ടി തുടങ്ങിയ മേഖലകളിലെല്ലാം വന്യമൃഗ ശല്യം രൂക്ഷമായി തുടരുകയാണ്. അക്രമകാരികളായ മൃഗങ്ങൾ ജനവാസ മേഖഖലകളിൽ പ്രവേശിക്കുന്നത് പതിവു കാഴ്ചയാണ്. ആറളം ഫാമിന്റെ കൃഷിയിടങ്ങളിലും പുനരധിവാസ മേഖലകളിലും ആനകൾ കൂട്ടത്തോടെ ഇറങ്ങുന്നത് ദിനംപ്രതി കാണം. വന്യമൃഗശല്യം വർദ്ധിക്കുന്നതിന് പല കാരണങ്ങളും പറയുന്നുണ്ട്. എന്നാൽ കാരണങ്ങളല്ല, സുസ്ഥിരമായ പരിഹാരമാർഗങ്ങളാണ് ആവശ്യമുള്ളത്. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾക്കായി കോടിക്കണക്കിന് തുകയാണ് വർഷംതോറും വനംവകുപ്പ് ചിലവഴിക്കുന്നത്. പക്ഷേ, ഇതൊന്നും ഉദ്ദേശിച്ച ഫലം നൽകുന്നില്ലെന്നാണ് നാട്ടുകാർ ആവർത്തിച്ചു പറയുന്നത്. സോളാർ വേലികൾ, ജൈവവേലികൾ, കിടങ്ങുകൾ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, സൈറണുകൾ, ലൈറ്റുകൾ, ഡ്രോണുകൾ, റേഡിയോ കോളർ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടെ വന്യജീവി ആക്രമണം തടയാൻ അധികാരികൾ സജ്ജമാക്കുന്നുണ്ടെങ്കിലും അവയൊന്നും പ്രതീക്ഷിക്കുന്ന ഫലമല്ല നൽകുന്നത് .

തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, റബ്ബർ തുടങ്ങിയ നാണ്യവിളകളും ഭക്ഷ്യവിളകളും, കാട്ടാനകളും പന്നികളും പൂർണമായി നശിപ്പിക്കുന്നത് കർഷകർക്ക് തീരാദുരിതമായി തുടരുകയാണ് . വർഷങ്ങളോളം കഷ്ടപ്പെട്ട് വളർത്തിയ കൃഷികൾ ഒറ്റരാത്രികൊണ്ട് ഇല്ലാതാകുന്നത് കർഷകരെ കടക്കെണിയിലാക്കുകയാണ്. പയ്യാവൂർ മേഖലയിൽ കാട്ടുപന്നികൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്. തുടരുന്ന വന്യമൃഗശല്യം കാരണം പയ്യാവൂർ, പേരാവൂർ തുടങ്ങിയ മേഖലകളിലെ പല കർഷകരും കൃഷി പൂർണമായും ഉപേക്ഷിച്ച് ഭൂമി തരിശായി ഇടുകയാണ്. ഇത് കർഷകരുടെ പ്രധാന വരുമാനമാർഗം പാടെ ഇല്ലാതാക്കുകയാണ്. ബാങ്ക് വായ്പയെടുത്തും സ്വർണം പണയം വെച്ചും കൃഷിയിറക്കുന്നവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിയാതെ വരികയും ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്കും ജപ്തി ഭീഷണിയ്ക്കും കാരണമാകുന്നു. മലയോര മേഖലയിൽ പലയിടത്തും പുലർച്ചെയോ രാത്രിയിലോ കൃഷിയിടങ്ങളിൽ ഇറങ്ങാൻ കർഷകർക്ക് ഭയമാണ്. റബ്ബർ ടാപ്പിംഗ് തൊഴിലാളികളും രാവിലെ കൃഷിയിടം പരിപാലിക്കാനെത്തുന്നവരും എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങളുടെ മുന്നിൽപ്പെടാം എന്ന അവസ്ഥയിലാണ്. ഒരു വർഷം മുൻപാണ് ജില്ലയിൽ ഇത്തരത്തിൽ ഒരു കർഷകൻ തന്റെ സ്വന്തം കൃഷിയിടത്തിൽ നിന്നും കാട്ടുപന്നിയുടെ കുത്തേറ്റ് മരണപ്പെട്ടത്. വന്യമൃഗശല്യം രൂക്ഷമായ മലയോര മേഖലകളിലെ ഭൂമി വാങ്ങാൻ ആളുകൾ മടിക്കുന്നതും കർഷകരുടെ സ്വത്തിന് വിലയിടിവ് വരുത്തുകയാണ്. അവശ്യഘട്ടങ്ങളിൽ ഭൂമി വിൽക്കാൻ പോലും ഇവർക്ക് സാധിക്കുന്നില്ല.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിലെ മലയോര മേഖലയിലെ 90 ശതമാനം പഞ്ചായത്തുകളിലും കുരങ്ങ് ശല്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ശ്രീകണ്ഠാപുരത്ത് കോട്ടൂർ,​ ചാക്യർ ഭാഗങ്ങളിലും, മലപ്പട്ടം പഞ്ചായത്തിലെ വിവിധയിടങ്ങളിലും കുരങ്ങ് ശല്യം രണ്ടു മാസമായി രൂക്ഷമായി തുടരുകയാണ്. പ്രദേശത്തെ തെങ്ങിൻ തോപ്പുകളെല്ലാം കുരങ്ങുകൾ താവളമാക്കി. മച്ചിങ്ങകളും കരിക്കുകളും വ്യാപകമായി നശിപ്പിക്കുന്നു. തെങ്ങു കൃഷിയുള്ളവർ പോലും നാളികേരം ലഭിക്കാത്തതിനാൽ വിപണിയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. പപ്പായ, വാഴക്കുലകൾ തുടങ്ങി പല കാർഷിക വിളകളും മൂപ്പെത്തും മുൻപേ നശിപ്പിക്കുന്നു. ചക്ക, മാങ്ങ സീസണായതോടെ ഇവയും വ്യാപകമായി നശിപ്പിക്കുകയാണ്. കാട്ടാനകൾ പലപ്പോഴും വാഴ, പ്ലാവ്, മാവ്, നെല്ല്, പച്ചക്കറികൾ, കരിമ്പ്, കൈതച്ചക്ക, തെങ്ങ് എന്നിവയ്ക്കാണ് വൻനാശം വരുത്തുന്നത്. ആറളം ഫാമിന്റെ കൃഷിയിടങ്ങളിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ ഗജമുക്തി ദൗത്യത്തിൽ എട്ട് ആനകളെ ഇതുവരെ കാടുകയറ്റി. ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയോടിക്കാനായത് ഒൻപത് ആനകളെയാണ്. ഇനിയും ആറ് ആനകൾ ഫാം മേഖലയിൽ തമ്പടിച്ചിട്ടുള്ളതായാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ തുരത്തിയ ആനകൾ പോയതിനേക്കാൾ വേഗത്തിൽ തിരിച്ചെത്തുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ സാധിച്ചത്.

വന്യമൃഗങ്ങൾ കാട്ടിൽനിന്നും വളരെ അകലെയുള്ള പട്ടണങ്ങളിലേക്കുപോലും എത്തുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ മനുഷ്യജീവനും അവരുടെ ഉപജീവന മാർഗങ്ങളും സംരക്ഷിക്കപ്പെടണം. കാർഷികവിളകൾക്ക് ഉണ്ടാകുന്ന നഷ്ടത്തേക്കാൾ മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തെ കണക്കിലെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുലി, പാമ്പ് എന്നിവയേക്കാൾ പ്രശ്‌നക്കാരായി മാറിയിരിക്കുന്നത് കാട്ടാനയും കാട്ടുപന്നിയുമൊക്കെയാണ്. വനമേഖലയോടുചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ കിടപ്പാടവും, കൃഷിയിടങ്ങളും, മറ്റ് ജീവനോപാധികളും സംരക്ഷിച്ചു നിലനിർത്താനുള്ള നടപടികൾ അടിയന്തിരമായി എടുത്തേ മതിയാവൂ. വനപ്രദേശത്തോട് ചേർന്ന് വാഴ, തെങ്ങ്, കമുക് പോലുള്ള കൃഷികൾ ചെയ്യുന്നത് വന്യമൃഗങ്ങളെ ആകർഷിക്കുന്നതാണ് വന്യ ജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കാനുള്ള കാരണങ്ങളിലൊന്ന്. ഇത്തരം കൃഷികൾ ഒഴിവാക്കുന്നതിന് കർഷകർക്കിടയിൽ നടത്തുന്ന ബോധവത്കരണം ഫലപ്രാപ്തിയിലെത്താത്തതും തേനീച്ച വളർത്തൽ പോലെയുള്ള കൃഷി രീതികൾ പരീക്ഷിക്കാത്തതും വെല്ലുവിളിയായി തുടരുകയാണ്.

കാടിറങ്ങുന്ന കാട്ടുമൃഗങ്ങൾ കാട്ടുമൃഗങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും അവയുടെ സ്വാഭാവിക ആവാസസ്ഥലങ്ങളിൽ നിന്ന് ചില സമയങ്ങളിൽ ലഭിക്കാതെപോകുന്നു എന്നതും പ്രശ്നമാണ്. ആനകൾക്ക് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ആവശ്യകത വളരെ ഉയർന്നതാണ്. പ്രായപൂർത്തിയായ ഒരു ആനയ്ക്ക് പ്രതിദിനം 200 കിലോഗ്രാം പച്ചപ്പുല്ലും 150 കിലോഗ്രാം ശുദ്ധജലവും ആവശ്യമാണെന്നും അത് ലഭ്യമല്ലെങ്കിൽ അവ പുറത്തേക്ക് പോകുമെന്നതും കണക്കിലെടുക്കേണ്ടതാണ്. വനമേഖലയിൽ വെള്ളം കിട്ടാതെ വരുമ്പോൾ വെള്ളം അന്വേഷിച്ച് ജനവാസ പ്രദേശങ്ങളിലേക്ക് കാട്ടുമൃഗങ്ങൾ ഇറങ്ങുന്നത് സ്വാഭാവികമാണ്. കർഷകരുടെ അഭിപ്രായത്തിൽ മുളപോലെ ആനകൾക്ക് തീറ്റയായി മാറിയിരുന്ന സസ്യങ്ങൾ നശിപ്പിച്ച് തേക്കിൻ തോട്ടങ്ങൾപോലുള്ള ഏകവിളത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചത് ആനകളുടെ ഭക്ഷണം കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതുപോലെതന്നെ വിദേശജനുസ്സുകളായ യൂക്കാലിപ്റ്റ്സ്, അക്കേഷ്യ, വാറ്റിൽ, മാംജിയം മുതലായവ വൻതോതിൽ കൃഷി ചെയ്യുന്നതും വനമേഖലകളുടെ ആവാസനിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജില്ലയിലെ 90 ശതമാനത്തോളം പഞ്ചായത്തുകളിലും കുരങ്ങുശല്യവും കാട്ടുപന്നികളുടെ ആക്രമണവും മൂലം കർഷകർ വലിയ ദുരിതത്തിലാണ്. ആറ് വർഷത്തിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് പാമ്പുകടിയേറ്റാണ്. 33 മരണങ്ങളാണ് ഇത്തരത്തിൽ സംഭവിച്ചത്. ആനയുടെ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. പകൽപോലും കാട്ടാനയും പുലിയുമെല്ലാം നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരു കാലത്തും വന്യമൃഗങ്ങളെ ഇത്രയും പേടിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്നാണ് മലയോര ഗ്രാമങ്ങളിലുള്ളവർ ഒന്നടങ്കം പറയുന്നത്.