SignIn
Kerala Kaumudi Online
Thursday, 04 June 2026 3.04 AM IST

ഇന്ധന വൈവിദ്ധ്യത്തിന് ഇന്ത്യ

s

രിത്രാതീത കാലങ്ങളിൽ മൺമറഞ്ഞ സസ്യ, ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് ഫോസിലുകൾ. അവയിൽ നിന്ന് ഭൂമിയ്ക്കടിയിലേക്ക് ഊറിവരുന്ന എണ്ണയാണ് പ്രകൃതി വിഭവമായ പെട്രോളിയം. കുഴിച്ചെടക്കുന്ന ക്രൂഡോയിൽ സംസ്കരിച്ചെടുക്കുമ്പോൾ കിട്ടുന്നത് മൂല്യമേറിയ എണ്ണമറ്റ ഉത്പന്നങ്ങളാണ്. ഇന്ധനങ്ങളായ പെട്രോളും ഡീസലും മണ്ണെണ്ണയും പാചകവാതകവും അവയിൽ ചിലതുമാത്രം. ഭാഗ്യം ചെയ്ത ചില രാജ്യങ്ങളുടെ അടിത്തട്ടിൽ പെട്രോളിയത്തിന്റെ വലിയ ശേഖരമുണ്ട്. എന്നാൽ ഇന്ത്യയുടെ സ്ഥിതി അതല്ല. ആവശ്യമുള്ള എണ്ണയുടെ എൺപതു ശതമാനവും ഇറക്കുമതി ചെയ്യേണ്ടി വരുന്നു. പ്രകൃതി വാതകത്തിനും മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ വയ്യ.

ആഗോള ഫോസിൽ ഫ്യുവൽ ശേഖരം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനസംഖ്യാ പെരുക്കവും വാഹനബാഹുല്യവുമാണ് പ്രധാനകാരണം. അതുകൊണ്ടു തന്നെ പെട്രോളിനും ഡീസലിനും എൽ.പി.ജിക്കുമെല്ലാം സ്ഥിരമായ വിലക്കയറ്റമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. പെട്രോളിയം പ്രതിസന്ധിയ്ക്ക് ഏറ്റവും വലിയ പരിഹാരം വൈദ്യുതിയാണ്. ഇല്ട്രിക് വാഹനങ്ങളും ഇലക്ട്രിക് കുക്കറുകളുമെല്ലാം വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതേസമയം വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലാണ്. അതിനുള്ള പരിഹാരം

സൗരോർജമാണ്. സോളാറിന് അകമഴിഞ്ഞ പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും വലിയ മുതൽ മുടക്കും പ്രായോഗിക പ്രശ്നങ്ങളും തടസമായുണ്ട്. ഊർജ മേഖലയിലെ കാഴ്ച ഇത്തരത്തിൽ തുടരവേയാണ് പശ്ചിമേഷ്യൻ യുദ്ധം ഇരട്ടപ്രഹരവുമായി എത്തിയിരിക്കുന്നത്. യുദ്ധസാഹചര്യം എത്രത്തോളം നീങ്ങുമെന്നോ ഇന്ധന പ്രതിസന്ധി എത്രനാൾ തുടരുമെന്നോ പ്രവചിക്കുക വയ്യ. യുദ്ധത്തിന്റെ പരിണിതഫലങ്ങൾ ഇപ്പോൾ തന്നെ ചെറു ടീഷോപ്പുകളെപ്പോലും ബാധിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ കഴിയുന്നത്ര ഇന്ധന/ഊർജ സ്രോതസുകൾ കണ്ടെത്താനുള്ള യജ്ഞത്തിലാണ് കേന്ദ്ര സർക്കാരും സംരംഭകരും. കേന്ദ്രമന്ത്രി നിതിൻ ഖഡ്കരി കഴിഞ്ഞ ദിവസം അവതരിപ്പിച്ച എഥനോൾ സ്റ്റൗ വലിയ ചർച്ചയായത് ഈ പശ്ചാത്തലത്തിലാണ്. പഞ്ചസാര വ്യവസായത്തിന്റേയും മറ്റും ഉപോത്പന്നമായ എഥനോൾ വാതകം 7% കണക്കിൽ വെള്ളത്തിൽ ലയിപ്പിച്ചുള്ള ഇന്ധനമാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ചെറുതും വലുതുമായ ബദലുകൾ ഇന്ത്യ ആവിഷ്കരിച്ചുവരികയാണ്.

ഫ്ലെക്സ് ഫ്യുവൽ

ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാൻ ബയോ എനർജി, ഇലക്ട്രിക് വാഹനങ്ങൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയ്ക്ക് വലിയ പ്രോത്സാഹനമാണ് രാജ്യം നൽകുന്നത്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയുള്ള ഇ20 ഇന്ധനം ഇപ്പോൾ പമ്പുകളിൽ ലഭ്യമാണ്. 85 ശതമാനം വരെ എഥനോൾ ഉപയോഗിക്കാവുന്ന ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളും നിരത്തിലിറങ്ങുകയാണ്. മാരുതി സുസുക്കിയും ഹീറോ മോട്ടോർകോർപ്പുമാണ് ആദ്യ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ ഈ ആഴ്ച പുറത്തിറക്കുന്നത്. ഹീറോയുടെ ആദ്യ എഥനോൾ അധിഷ്ഠിത മോട്ടോർസൈക്കിളും മാരുതിയുടെ ഫ്ലെക്സ് ഫ്യുവൽ പാസഞ്ചർ കാറും ഇതോടെ നിരത്തുകളിൽ പായും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകളിൽ നിന്ന് നിർമ്മിക്കുന്ന ബയോഡീസൽ വലിയ വാഹനങ്ങളിൽ ഉപയോഗിക്കാനും പദ്ധതിയുണ്ട്. കാർഷിക അവശിഷ്ടങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് സതത് പദ്ധതി. നഗരങ്ങളിൽ സി.എൻ.ജി വാഹനങ്ങൾ വ്യാപകമാകുന്നതിനൊപ്പം ദീർഘദൂര ട്രക്കുകൾക്കായി ബയോ എൽ.എൻ.ജിയും പരീക്ഷിക്കുന്നുണ്ട്. ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യയെ ആഗോള കേന്ദ്രമാക്കാൻ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ സഹായിക്കും. ഫെയിം പദ്ധതിയിലൂടെ ഇലക്ട്രിക് വാഹന വിപണിയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കൂടാതെ, വ്യവസായശാലകളിലെ കൽക്കരിക്ക് പകരമായി ഖരമാലിന്യങ്ങളിൽ നിന്ന് നിർമ്മിക്കുന്ന ആർ.ഡി.എഫ് ഇന്ധനവും ഇന്ത്യ പ്രയോജനപ്പെടുത്തും.

ചെറു റിയാക്ടറുകൾ

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെറുകിട റിയാക്ടറുകളിൽ നിന്നുള്ള ആണവോർജത്തിലും ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നു. 300 മെഗാവാട്ടിൽ താഴെ ഉത്പാദനശേഷിയുള്ള 5 റിയാക്ടറുകളെങ്കിലും 2033ൽ നിലവിൽ വരും. ആഭ്യന്തരമായി നിർമ്മിക്കുന്ന സ്മോൾ മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകളാണ് ഇന്ത്യ സജ്ജമാക്കുന്നത്. പദ്ധതിച്ചെലവ് 2031 വരെ 5960 കോടി രൂപയും

2047വരെ 20,000 കോടിയുമാണ്.


രാജ്യത്ത് വാർഷിക വൈദ്യുതി ഉപഭോഗം 256 ജിഗാവാട്ടാണ്. നിലവിൽ 5 മെഗാവാട്ടിന്റെ കുറവുണ്ട്. 2030ൽ ഡിമാന്റ് 350 ജിഗാവാട്ടിലെത്തും. ഇതോടെ പരമ്പരാഗത വൈദ്യുതി നിലയങ്ങൾ പോരാതെ വരും. ഈ സാഹചര്യത്തിലാണ് കൂടുതൽ സൗകര്യപ്രദവും ചെലവുകുറഞ്ഞതും സുരക്ഷിതവുമായ ചെറു റിയാക്ടറുകൾ വ്യാപിപ്പിക്കുന്നത്. നിയന്ത്രിത ചെയിൻ റിയാക്‌ഷനിലൂടെ അണു വിഘടനം നടത്തിയാണ് പ്ലാന്റിന്റെ പ്രവ‌ർത്തനം. വൈദ്യുതിക്ക് പുറമേ താപോർജവും ലഭിക്കും. വൻതോതിൽ കാർബൺ പുറംതള്ളുന്ന കൽക്കരി നിലയങ്ങൾ ഘട്ടങ്ങളായി ഒഴിവാക്കാനുമാകും.

ജനസംഖ്യയിൽ ഒന്നാമതെത്തിയ ഇന്ത്യയെ കാത്തിരിക്കുന്നത് പല തരം പ്രതിസന്ധികളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഊർജപ്രതിസന്ധി. ഇന്ധനത്തിനും വിദേശനാണ്യത്തിനുമായി ഗൾഫ് രാജ്യങ്ങളെയടക്കം വല്ലാതെ ആശ്രയിക്കുന്ന നമുക്ക് ഇരുട്ടടി തന്നെയാണ് പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം. പ്രതിസന്ധി തരണം ചെയ്യാനുള്ള ആത്മാർത്ഥമായ പ്രവർത്തനങ്ങളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്. ഉചിതമായത് പ്രയോജനപ്പെടുത്തിയും ഇന്ധനം പാഴാക്കാതെയും പൗരന്മാരും സഹകരിച്ചാൽ ഭാവിയ്ക്ക് തിളക്കമേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY