SignIn
Kerala Kaumudi Online
Thursday, 04 June 2026 3.04 AM IST

തഹ്സിന്റെ ലോകകപ്പ് തിളക്കം

thahsin-

നാല് വർഷത്തിലൊരിക്കൽ ലോകകപ്പ് ഫുട്ബാൾ വരുമ്പോൾ മെസിയുടെയും ക്രിസ്റ്റ്യാനോയുടേയും എംബാപ്പെയുടേയുമൊക്കെ ഫ്ളക്സ് ബോർഡുകളുയർത്തി ആഘോഷിക്കാൻമാത്രം വിധിക്കപ്പെട്ടിരുന്ന മലയാളിക്ക് ഇത്തവണ ഉയർത്തിക്കാട്ടാനൊരു മലയാളിയുടെ ചിത്രമുണ്ട്. ലോകകപ്പിനുള്ള 26 അംഗ ഖത്തർ ദേശീയ ടീമിലെ 19കാരൻ സ്ട്രൈക്കർ തഹ്സിൻ മുഹമ്മദ് ജംഷീദിന്റെ ചിത്രം. ലോകകപ്പിൽ കളിക്കുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് ചുവടുവയ്ക്കുകയാണ് തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫുട്ബാൾ താരവുമായ ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകൻ. 1996ൽ ഖത്തറിലേക്ക് കുടിയേറിയ ജംഷീദ് ഇപ്പോൾ അവിടെ ചീഫ് അക്കൗണ്ടന്റായി ജോലിനോക്കുന്നു. തഹ്‌സിൻ ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിൽ. പിതാവിനൊപ്പം പന്തുതട്ടിത്തുടങ്ങിയ തഹ്‌സിൻ ആസ്പെയർ അക്കാ‌ഡമിയിലൂടെ സ്ട്രൈക്കറായി പയറ്റിത്തെളിഞ്ഞു.

ഖത്തറിന്റെ ജൂനിയർ,യൂത്ത് ടീമുകളിൽ മികവുകാട്ടി 17-ാം വയസിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈലിലെത്തി. സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനായി. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്. 2024 ജൂണിൽ ലോകകപ്പ് യോഗ്യതാറൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് ഖത്തറിന്റെ സീനിയർ കുപ്പായത്തിൽ അരങ്ങേറിയത്. പരിക്കുമൂലം തന്റെ ഫുട്ബാൾ കരിയർ പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്ന ജംഷീദിന്റെ സ്വപ്നമാണ് മകനിലൂടെ പൂവണിയുന്നത്. തഹ്സിന്റെ ജീനുകളിൽ തീർച്ചയായും ഫുട്ബാൾ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, അവന് മികച്ച പരിശീലനസൗകര്യങ്ങൾ ഒരുക്കാൻ മുൻകൈ എടുത്ത പിതാവിന്റെ അർപ്പണബോധമാണ് ഈ നേട്ടത്തിലേക്ക് ഇത്രവേഗമെത്തിച്ചത്. തഹ്‌സിന്റെ നേട്ടം ആഘോഷിക്കുന്നതിനൊപ്പം കേരളം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. തഹ്സിനോളമോ അതിലുപരിയോ പ്രതിഭയുള്ള കുട്ടികൾ നമ്മുടെ നാട്ടിലുമുണ്ട്. പക്ഷേ, അവർക്ക് എന്തുകൊണ്ട് ഈയൊരു നേട്ടത്തിലേക്ക് എത്താൻ കഴിയുന്നില്ല?.

ഖത്തറിൽ ജനിച്ചതും അവിടെ മികച്ച പരിശീലന സൗകര്യങ്ങൾ ലഭിച്ചതുമാണ് തഹ്‌സിനെ ലോകകപ്പോളം വളർത്തിയത്. ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ഫുട്ബാൾ അക്കാഡമികളിലൊന്നാണ് തഹ്‌സിൻ പന്തുതട്ടിവളർന്ന ആസ്പെയർ അക്കാഡമി. ഉയർന്ന നിലവാരത്തിലുള്ള അഞ്ച് പരിശീലന ഗ്രൗണ്ടുകൾ അവർക്ക് സ്വന്തമാണ്. മറ്റ് അടിസ്ഥാനസൗകര്യങ്ങളും. വർഷങ്ങൾക്ക് മുമ്പ് ലോകകപ്പിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മികച്ച ഫുട്ബാൾ അക്കാഡമികളും ക്ളബുകളും ലീഗുകളും സ്ഥാപിക്കാനും പുതുതലമുറയെ കളിപഠിപ്പിക്കാനുമാണ് ഖത്തർ ശ്രമിച്ചത്. 2022ൽ ലോകകപ്പ് വേദിയായതിനാലാണ് ഖത്തർ ലോകകപ്പിൽ കളിച്ചതെങ്കിൽ ഇത്തവണ ഏഷ്യൻ യോഗ്യതാറൗണ്ട് മത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ചാണ് ടിക്കറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഇത്തരത്തിലൊരു അക്കാഡമിയോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഒരുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

ഐ.എസ്.എല്ലിൽ കളിക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള മിക്ക ക്ളബുകൾക്കും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ലൈസൻസ് പുതുക്കിനൽകാത്തത് പുതുതലമുറയെ പ്രോത്സാഹിപ്പിക്കാൻ നിർബന്ധമാക്കിയ ഗ്രാസ്റൂട്ട് ലെവൽ ഡെവലപ്മെന്റ് സ്കീമുകൾ നടപ്പിലാക്കാത്തതുകൊണ്ടു കൂടിയാണ്. ഇന്ത്യയെപോലെയൊരു രാജ്യത്ത് ഫുട്ബാൾ വളരാത്തതിനും പ്രതിഭകളെ കൈപിടിച്ചുയർത്താതിരിക്കുന്നതിനും ക്ളബുകളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മികച്ച അക്കാഡമികൾ സ്ഥാപിക്കാനും വിദേശത്തുനിന്നുൾപ്പെടെ മികച്ച പരിശീലകരെ കൊണ്ടുവരാനും സർക്കാരിന്റെ ക്രിയാത്മക ഇടപെടലുകളുണ്ടാവണം. ലോകകപ്പിലെ പങ്കാളികളുടെ എണ്ണം ഫിഫ 32ൽനിന്ന് 48ലേക്ക് ഉയർത്തിയത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെക്കൂടി പരിഗണിക്കാൻ വേണ്ടിയാണ്. പക്ഷേ ആ അവസരം പ്രയോജനപ്പെടുത്താൻ നമ്മളുംകൂടി തയ്യാറാകണം. ഖത്തറിന്റെ കുപ്പായത്തിലാണെങ്കിലും, മലയാളം പറയുന്ന, വളപട്ടണത്തെ വയലുകളിൽ പന്തുതട്ടിയിട്ടുള്ള തഹ്‌സിന് അഭിനന്ദനങ്ങൾ. ലോകകപ്പിൽ ഗോളടിച്ച് മലയാളിപ്പെരുമ ലോകമെങ്ങുമെത്തിക്കാൻ തഹ്‌സിന് കഴിയട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY