SignIn
Kerala Kaumudi Online
Thursday, 04 June 2026 3.04 AM IST

അവരെ മഴയത്ത് നിറുത്തരുത്

READ ENGLISH VERSION
s

ഭരണ നിർവഹണത്തിന് സമൂഹത്തിലെ ഏറ്റവും ബുദ്ധിപരമായ കഴിവുള്ളവരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യൻ സിവിൽ സർവീസ് എന്ന ഐ.സി.എസിന് രൂപം നൽകിയത് ബ്രിട്ടീഷുകാരായിരുന്നു. സ്വാതന്ത്ര്യ‌ത്തിന് ശേഷം ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ പേര് മാറ്റി അതേ മാതൃകയിൽ തന്നെ തുടർന്നതാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്ന ഐ.എ.എസ്. ഐ.സി.എസ് പരീക്ഷയുടെ നിലവാരം അറിയണമെങ്കിൽ ആ പരീക്ഷ പാസായിട്ടും സർവീസിൽ ചേരാതെ പോയ രണ്ട് പേരുകൾ ഓർമ്മിച്ചാൽ മതി- അരബിന്ദ ഘോഷും സുഭാഷ്ചന്ദ്രബോസും. ആ പാരമ്പര്യത്തിൽ കാലത്തിന്റേതായ മാറ്റങ്ങളും മൂല്യശോഷണങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും ബഹുമുഖ പ്രതിഭകൾക്ക് മാത്രം അംഗമാകാൻ കഴിയുന്ന 'എലീറ്റ് ക്ളബ്' തന്നെയാണത്.

ബ്രിട്ടീഷ് ഭരണകാലത്ത് ഭരണനിർവഹണ വിവരങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥർ മേലധികാരികളോട് മാത്രമേ പങ്കുവയ്ക്കാൻ പാടുള്ളൂ എന്ന കർശനമായ വ്യവസ്ഥ ഉണ്ടായിരുന്നു. അന്നത് ആവശ്യമായിരുന്നു. കാരണം ഒരു വിദേശ രാജ്യമാണ് ഇന്ത്യ ഭരിക്കുന്നത്. അവർക്കെതിരെയുള്ള വിവരങ്ങൾ ജനങ്ങൾ നേരിട്ട് അറിയരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. സ്വാതന്ത്ര്യ‌ം ലഭിച്ചുകഴിഞ്ഞിട്ടും ആ വ്യവസ്ഥകളിലൊന്നും വലിയ മാറ്റം വന്നിട്ടില്ല. ഐ.എ.എസ് ഉദ്യോഗസ്ഥർ ശബ്ദിക്കാൻ പാടില്ല എന്ന് നിർബന്ധം പിടിക്കുന്നത് പലപ്പോഴും പലതും ജനങ്ങളിൽ നിന്ന് ഒളിച്ചുവയ്ക്കാൻ ശ്രമിക്കുന്ന ഭരണാധികാരികളാണ്. സ്വാതന്ത്ര്യ‌ത്തിന്റെ ആദ്യ ദശാബ്ദത്തിന് ശേഷം അഴിമതി നാട്ടുനടപ്പാവുകയും ഇപ്പോഴത് ലക്ഷങ്ങളും കോടികളും ശതകോടികളുമായി മാറുകയും ചെയ്തതോടെ ഐ.എ.എസുകാരുടെ 'നിതാന്ത മൗനം' പലർക്കും ഒരു സൗകര്യമായി മാറിയിരിക്കുകയാണ്. ആധുനിക കാലമാണിത്. അവരും പരിധിക്കുള്ളിൽ നിന്ന് ചില സത്യങ്ങൾ ജനങ്ങളോട് പറയുന്നതിൽ തെറ്റൊന്നുമില്ല. ഇതൊക്കെ തടയാൻ പഴഞ്ചൻ ശൈലി പുലർത്തുന്നവർ ശ്രമിക്കുമ്പോഴാണ് രാജ്യത്ത് പാറ്റകളുടെയും ഉറുമ്പുകളുടെയുമൊക്കെ കൂട്ടംചേരൽ സംഭവിക്കുന്നത്.

ഇത്രയും പ്രതിപാദിക്കേണ്ടിവന്നത് നട്ടെല്ല് വളയ്ക്കാതെയും പാദസേവ ചെയ്യാതെയും ഭരണരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച മുതിർന്ന ഐ.എ.എസ് ഓഫീസറായ ഡോ.ബി.അശോകിനും മിടുക്കനായ യുവ ഐ.എ.എസ് ഓഫീസർ എൻ.പ്രശാന്തിനും സസ്‌പെൻഷനിൽ ഇനിയും തുടരേണ്ടിവരുന്ന സാഹചര്യത്തിലാണ്. മുൻ സർക്കാരാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്. അവരെ ഒന്നാകെ തന്നെ ജനങ്ങൾ സസ്‌പെൻഡ് ചെയ്തുകഴിഞ്ഞു. എന്നിട്ടും ഇവരെ ഇപ്പോഴും വീട്ടിൽ കയറ്റാതെ മഴയത്ത് നിറുത്തിയിരിക്കുന്നത് ഏതു സാങ്കേതിക പ്രശ്നത്തിന്റെ പേരിലായാലും ന്യായീകരിക്കാൻ കഴിയുന്നതല്ല. 'രക്ഷാപ്രവർത്തനം' നടത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പുതന്നെ ഇവരുടെ സസ്‌പെൻഷൻ പിൻവലിച്ചിരുന്നെങ്കിൽ അതിന് ലഭിക്കുന്ന ജനസ്വീകാര്യത, പ്രത്യേകിച്ചും പുതുതലമുറയുടെ ഇടയിൽ, എത്ര വലുതാകുമായിരുന്നു.

102 സീറ്റ് നൽകിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പതിനൊന്ന് ദിവസം താമസിച്ചപ്പോൾ ജനങ്ങൾക്കിടയിൽ ഉണ്ടായ അസ്വസ്ഥത ഭരണാധികാരികൾ മറക്കരുത്. ഈ രണ്ട് ഉദ്യോഗസ്ഥരെയും തിരിച്ചെടുക്കാൻ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനിക്കേണ്ടതായിരുന്നു. അതു വച്ച് താമസിപ്പിച്ച് ആറിയ കഞ്ഞി പഴങ്കഞ്ഞിയാക്കി മാറ്റുന്നത് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് ചേർന്നതല്ല. മാദ്ധ്യമങ്ങളിൽ വന്ന ഈ രണ്ട് ഉദ്യോഗസ്ഥരുടെയും അഭിമുഖങ്ങൾ കൂടി ഉൾപ്പെട്ടതാണ് യു.ഡി.എഫിന്റെ വൻ വിജയം. തുടർച്ചയായി ഭരണം കിട്ടുന്നവർക്ക് ഫാസിസ്റ്റ് മനോഭാവം വർദ്ധിക്കുന്നു എന്ന് ഡോ.അശോക് പറഞ്ഞില്ലെങ്കിൽപോലും അനുഭവത്തിലൂടെയും വാക് പ്രയോഗങ്ങളിലൂടെയും ജനങ്ങൾ അത് മനസിലാക്കിയതാണ്. സത്യം പറയുന്നവരെ ഏകാധിപത്യ ശൈലിയുള്ളവർ ക്രൂശിക്കുന്നത് നിയമവും ചട്ടവും മറ്റ് സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാവും. ആ വഴിയിലൂടെ തന്നെ യു.ഡി.എഫ് സർക്കാരും നീങ്ങുകയാണെന്ന തോന്നൽ തുടക്കത്തിലേ സൃഷ്ടിക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY