SignIn
Kerala Kaumudi Online
Thursday, 04 June 2026 3.04 AM IST

ആര്യാടൻ ഷൗക്കത്തിന്റെ രേഖയും പുയ്യാപ്ല കുടയും

s

നിയമസഭയിലെ 140 അംഗങ്ങളിൽ 102പേർ ഭരണപക്ഷത്ത്.​ അതിന്റെ നാലിലൊന്ന് അംഗങ്ങളുമായി ഒതുങ്ങി കഴിയുന്ന പ്രതിപക്ഷം. പത്തുവർഷം രാജാക്കന്മാരായി ഇരുന്നിട്ട് പ്രതീക്ഷിക്കാത്ത വീഴ്ച പറ്റിയതിന്റെ ക്ഷീണം ഒരുവഴിക്ക്. അതുകൊണ്ടു തന്നെ വന്നവരും നിന്നവരുമൊക്കെ കിട്ടുന്ന അവസരത്തിലെല്ലാം പ്രതിപക്ഷത്തെ തോണ്ടാൻ മടിച്ചുമില്ല.

തട്ടിയും മുട്ടിയും,​ കൊണ്ടും കൊടുത്തുമൊക്കെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയത്തിന്മേലുള്ള ചർച്ച കൊഴുക്കുന്നതിനിടെയാണ് കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്ത് ചെറിയൊരു തിരികൊളുത്തിയത്. മതേതര ജനാധിപത്യത്തിന്റെ കാവലാളുകൾ എന്ന് പ്രതിപക്ഷം സ്വയം ചമയുന്നതിലാണ് ആര്യാടൻ ഷൗക്കത്തിന് കട്ടക്കലിപ്പ്. ഇന്നോളമുണ്ടാവാത്ത തോൽവി നേരിട്ടിട്ടും പരിശോധിക്കാൻ എൽ.ഡി.എഫ് തയ്യാറാവുന്നില്ലെന്നതാണ് അദ്ദേഹത്തിന്റെ പരിഭവം.

1943ൽ കമ്മ്യൂണിസ്റ്ര് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി പി.സി.ജോഷി ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് മേധാവി റിജിനാൾഡ് മാക്സ് വെല്ലിന് അയച്ച കത്തിന്റെ പകർപ്പുയർത്തിക്കാട്ടിയാണ് ഷൗക്കത്ത് ആക്രമണം കടുപ്പിച്ചത്. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കാനും ഒളിത്താവളങ്ങളിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ കാട്ടിക്കൊടുക്കാനുമുള്ള നീക്കം നടത്തിയതിന്റെ തെളിവാണിതെന്ന് ഷൗക്കത്ത് നിർദ്ദയം പറഞ്ഞപ്പോൾ പ്രതിപക്ഷം ഒന്നു ഞെട്ടി.

1958ൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസംഘവുമായുണ്ടാക്കിയ കൂട്ടിന്റെയും 67ൽ യു.പിയിൽ ചരൺസിംഗിനെ മുഖ്യമന്ത്രിയാക്കാൻ ശ്രമിച്ചതിന്റെയുമൊക്കെ ചരിത്രം വിളമ്പിയതോടെ പ്രതിപക്ഷാംഗങ്ങൾക്ക് മിണ്ടാതിരിക്കാനാവാത്ത സ്ഥിതിയായി. അകാലിദളുമായും ജനസംഘവുമായും കുറുമുന്നണി ഉണ്ടാക്കിയ ചരിത്രവും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആര്യാടൻ ഷൗക്കത്തിന് മൂക്കുകയറിടാൻ ക്രമപ്രശ്നവുമായി കെ.വി.സുമേഷ് എത്തി. സിനിമയിൽ ശങ്കരാടി പറയുന്ന പോലുള്ള രേഖയാണ് ഷൗക്കത്ത് കാട്ടുന്നതെന്ന് സുമേഷ് പരിഹസിച്ചു. എന്നാൽ,​ പുയ്യാപ്ളയുടെ കുടയുടെ കഥ പറഞ്ഞാണ് സി.പി.എമ്മിലെ പി.മമ്മിക്കുട്ടി,​ ഷൗക്കത്തിന് മറുപ്രഹരം നൽകിയത്. പൊന്നാനിയിൽ നിക്കാഹ് കഴിക്കുന്ന പുതുമാപ്ളയ്ക്ക് കുട കൊടുക്കുന്ന പതിവുണ്ട്. 'പുയ്യാപ്ളക്കുട'എന്നാണ് ഇതിനെ പറയാറ്.

പുയ്യാപ്ളയ്ക്ക് 80 വയസ് കഴിഞ്ഞാലും കുടയുടെ പേരുമാറില്ല,​ പുറത്തേക്കിറങ്ങുമ്പോൾ കെട്ടിയോളോട് പറയും,​ 'ആ പുയ്യാപ്ള കുട ഇങ്ങെടുത്തേക്കാൻ'. തുണിയും കമ്പിയും കാലുമെല്ലാം പലവട്ടം മാറിയിട്ടുണ്ടാവുമെങ്കിലും പേരുമാത്രം പുയ്യാപ്ള കുടയെന്നാവും. ഇപ്പോഴത്തെ കോൺഗ്രസിന് പേരു മാത്രമേയുള്ളു,​ പഴയ കോൺഗ്രസ് അല്ലെന്ന് സമർത്ഥിക്കുകയായിരുന്നു മമ്മിക്കുട്ടി. മുണ്ട് മുറുക്കി ഉടുക്കൽ പ്രധാന പദ്ധതിയാക്കിയ എ.കെ.ആന്റണിയെയും അതിവേഗം ബഹുദൂരം പറഞ്ഞിട്ട് ക്ഷേമപെൻഷൻ 18 മാസം കുടിശികയാക്കിയ ഉമ്മൻചാണ്ടിയെയുമെല്ലാം മമ്മിക്കുട്ടി വാക്കുകളിലൂടെ അവതരിപ്പിച്ചപ്പോൾ ഭരണപക്ഷവും ഒന്നു നാവടക്കി.

പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് പറഞ്ഞ് തങ്ങളുടെ ഭരണകാലത്ത് പ്രതിപക്ഷം ആക്ഷേപിച്ചതിന്റെ ദേഷ്യം മുൻമന്ത്രി കെ.രാജന്റെ മനസിൽ ഇപ്പോഴുമുണ്ട്. മുൻധനമന്ത്രി കെ.എൻ.ബാലഗോപാൽ ഖജനാവിൽ വിട്ട പൂച്ച പെറ്റുകൂട്ടിയത് 5500 കോടിയാണ്. ആ പൂച്ച ഒന്നൊന്നര പൂച്ചയാണെന്നും സംസ്ഥാന ഖജനാവിലെ പൂച്ചയെ വനംമന്ത്രി അനുവദിച്ചാൽ തൃശൂർ സുവോളജിക്കൽ പാർക്കിൽ കൊണ്ടുപോകണമെന്നും കൂടി പറഞ്ഞാണ് രാജൻ അരിശം തീർത്തത്.

ശർക്കരചാക്കിൽ അവിശ്വാസികളെ കയറ്റി ട്രാക്ടറിൽ ശബരിമല കയറ്റുന്നതല്ല നവോത്ഥാനമെന്ന് പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചത് ആർ.എസ്.പിയുടെ പുതുമുഖം വിഷ്ണുമോഹനാണ്. അധികാരത്തിന്റെ മഞ്ഞപ്പിത്തം ബാധിച്ചതിനാലാണ് മഞ്ഞക്കുറ്റികൾ സ്ഥാപിച്ച് വീട്ടമ്മമാരെ ബുദ്ധിമുട്ടിച്ചതെന്നും അദ്ദേഹം വിശദമാക്കി. അടിസ്ഥാന വർഗത്തെ മറന്നതാണ് ഇടതുപക്ഷത്തിന്റെ ദയനീയ തോൽവിക്ക് കാരണമെന്നുള്ള ടി.കെ.ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകൾ സി.പി.എമ്മിനുള്ള അടിയായിരുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലുമൊക്കെ കമ്മ്യൂണിസ്റ്റുകാർ തന്നെയാണ് സി.പി.എമ്മിന് എതിരെ വോട്ടു ചെയ്തതെന്ന സത്യവും അദ്ദേഹം തുറന്നടിച്ചു. നേതൃത്വത്തിന് അധികാരത്തിന്റെ അന്ധത ബാധിച്ചതിന്റെ ഫലമാണ് ഇതെന്നും ഓർമ്മപ്പെടുത്തി.

എണ്ണത്തോണിയിൽ കിടക്കുന്ന വാതരോഗിയുടെ അവസ്ഥയാണ് സി.പി.എമ്മിന്റേതെന്നായിരുന്നു പഴകുളം മധുവിന്റെ പരിഹാസം. മഹാകവി കുമാരനാശാൻ വീണപൂവിൽ വിശേഷിപ്പിക്കുംപോലെയാണ് ഇപ്പോൾ സി.പി.എം. കമ്മ്യൂണിസ്റ്റ് തകർച്ചയെക്കുറിച്ച് പുസ്തകമെഴുതാൻ ഇപ്പോൾ ഏറ്റവും യോഗ്യൻ ജി.സുധാകരനാണെന്ന മെരിറ്റ് സർട്ടിഫിക്കറ്റും അദ്ദേഹം നൽകി. പ്രസംഗത്തിന്റെ സമയം അതിക്രമിച്ചത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓർമ്മപ്പെടുത്തിയപ്പോൾ, അങ്ങയുടെ നേർശിഷ്യനാണ്, അല്പം സമയം തരണമെന്നായി പഴകുളം മധു. നയരാഹിത്യമുള്ള നയപ്രഖ്യാപനം എന്നായിരുന്നു എം.എസ്.അരുൺകുമാറിന്റെ വിശേഷണം. പൂക്കി സർക്കാർ പുകഞ്ഞുപോകാതിരിക്കട്ടെ എന്ന് നിർദ്ദോഷമാം വിധത്തിൽ അദ്ദേഹം ആശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY