എ.ഐ വിപ്ലവം: നവീകരണവും ഉത്തരവാദിത്വവും

Thursday 04 June 2026 12:38 AM IST

​2047ഓടെ 'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ യാത്രയിൽ സാങ്കേതികവിദ്യയ്ക്ക് നിർണായക സ്ഥാനമാണുള്ളത്. ഈ സ്വപ്നങ്ങളുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി (AI) ആണ്. സാമ്പത്തിക വളർച്ച, ഭരണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ബിസിനസ് തുടങ്ങി സമസ്ത മേഖലകളെയും മാറ്റിമറിക്കാൻ ശേഷിയുള്ള ഒന്നായി AI ഇന്ന് മാറിക്കഴിഞ്ഞു.

​AI നൽകുന്ന അനന്തമായ സാദ്ധ്യതകൾക്കൊപ്പം തന്നെ വലിയ ഭീഷണികളും ഉയർന്നുവരുന്നുണ്ട്. ചാറ്റ് ജിപിടി (ChatGPT) പോലുള്ള പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിച്ച അത്യാധുനിക മൾട്ടിമോഡൽ ഇമേജ് ജനറേഷൻ മോഡലുകൾ AI വിപ്ലവത്തെ പുതിയൊരു തലത്തിലെത്തിച്ചു. ഗവേഷണ പ്രബന്ധങ്ങൾ, ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ, സ്കാൻ ചെയ്ത യഥാർത്ഥ രേഖകൾ എന്നിവയ്ക്ക് സമാനമായ, അക്ഷരങ്ങൾ അടങ്ങിയ ചിത്രങ്ങൾ നിർമ്മിക്കാൻ ഇവയ്ക്ക് കഴിയും. മുൻപ് വിനോദത്തിനും സോഷ്യൽ മീഡിയ ട്രെൻഡുകൾക്കും മാത്രമായി ഉപയോഗിച്ചിരുന്ന ടൂളുകൾ ഇന്ന് വിശ്വാസ്യത, നിയമസാധുത എന്നിവയെ ബാധിക്കുന്ന അതീവ സെൻസിറ്റീവ് മേഖലകളിലേക്ക് കടന്നുകയറിയിരിക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ന് ഇത്തരം AI നിർമ്മിത ഉള്ളടക്കങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഭൂരിഭാഗം ആളുകളും മൊബൈൽ ഫോണുകളിലൂടെയാണ് ഇവ കാണുന്നത് എന്നതിനാൽ, വ്യാജനെ തിരിച്ചറിയുക എളുപ്പമല്ല. ​വ്യക്തിത്വം മോഷ്ടിക്കലും ആൾമാറാട്ടവും വഴിയുള്ള സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചിട്ടുണ്ട്. പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങളും ശബ്ദവും അവരുടെ അനുമതിയില്ലാതെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പലരും കോടതികളെ സമീപിച്ചു കഴിഞ്ഞു. എന്നാൽ,​ ഇന്ത്യയിൽ ഇതിനെ പ്രതിരോധിക്കാൻ ശക്തമായ നിയമനിർമ്മാണം ഇനിയും വരേണ്ടതുണ്ട്.

​നിയമവ്യവസ്ഥ പോലും ഇതിൽനിന്ന് മുക്തമല്ല. കോടതികളിൽ സമർപ്പിക്കപ്പെടുന്ന തെളിവുകളിലും വാദങ്ങളിലും AI നിർമ്മിത വ്യാജ വിവരങ്ങൾ കടന്നുകൂടുന്നുണ്ട്. സുപ്രീംകോടതിയും ബോംബെ ഹൈക്കോടതി ഉൾപ്പെടെയുള്ള വിവിധ കോടതികളും AI നൽകുന്ന വ്യാജ കേസ് റഫറൻസുകൾ (citations) പരിശോധനയില്ലാതെ ഉപയോഗിക്കുന്ന വക്കീലന്മാർക്കെതിരെ ആശങ്ക രേഖപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

നിയമപരമായ പരിഹാരം,​

നിയന്ത്രണം ​ഇന്ത്യ ഇന്ന് നിൽക്കുന്നത് ഒരു നിർണായകമായ കവലയിലാണ്. ഒരുവശത്ത് സാങ്കേതിക നേതൃത്വമെന്ന ലക്ഷ്യം, മറുവശത്ത് AI വഴി ഉണ്ടാകുന്ന വഞ്ചനകളെ തടയുക എന്ന ഉത്തരവാദിത്വം. നവീകരണത്തെ തടസപ്പെടുത്താതെ, അതേസമയം പ്ലാറ്റ്‌ഫോമുകൾക്കും ഉപയോക്താക്കൾക്കും കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കുന്ന ഒരു സന്തുലിത നിയമചട്ടക്കൂടാണ് ഇന്ത്യയ്ക്ക് ആവശ്യം.

​ഈ ദിശയിലുള്ള നല്ലൊരു ചുവടുവയ്പ്പാണ് അടുത്തിടെ ഭേദഗതി ചെയ്ത വിവരസാങ്കേതികവിദ്യ (IT) നിയമങ്ങൾ- 2026. AI ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റംവരുത്തിയതോ ആയ ഉള്ളടക്കങ്ങൾ ഉപയോക്താക്കൾക്ക് മുൻപിൽ വെളിപ്പെടുത്തണമെന്ന് ഇത് നിർബന്ധമാക്കുന്നു. കോടതി ഉത്തരവോ സർക്കാർ നിർദ്ദേശമോ ലഭിച്ചാൽ നിശ്ചിതസമയത്തിനകം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന വ്യവസ്ഥയും ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കൃത്യമായ സമയപരിധി നിശ്ചയിച്ചതും ഈ നിയമത്തിന്റെ സവിശേഷതയാണ്.

ധാർമ്മിക കോഡും

പൊതുവിശ്വാസവും ​നിയമങ്ങൾമാത്രം കൊണ്ട് ഈ യുദ്ധം ജയിക്കാനാകില്ല. AI പ്ലാറ്റ്‌ഫോമുകൾക്കായി ഒരു ശക്തമായ ധാർമ്മിക കോഡ് (Code of Ethics) ഇന്ത്യ വികസിപ്പിക്കണം. വ്യാജ രേഖകളും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന ദൃശ്യങ്ങളും നിർമ്മിക്കുന്നതിൽ നിന്ന് AI ടൂളുകളെ തടയുന്ന സുരക്ഷാ സംവിധാനങ്ങൾ ഡെവലപ്പർമാർതന്നെ ഒരുക്കണം. വാട്ടർമാർക്കിംഗ്,​ ട്രെയ്സബിലിറ്റി (ഉറവിടം കണ്ടെത്തൽ) എന്നിവ ഉത്പന്നങ്ങളിൽ നിർബന്ധമാക്കണം. ഓൺലൈനിൽ കാണുന്ന കാര്യങ്ങൾ അന്ധമായി വിശ്വസിക്കുന്നതിന് മുൻപ് അവയെ യുക്തിപൂർവം വിലയിരുത്താൻ ജനങ്ങളെ പ്രാപ്തരാക്കണം.