മോദിയുടെ നയതന്ത്രജ്ഞതയും വിദേശ സന്ദർശനവും

Thursday 04 June 2026 12:54 AM IST

ലോകം രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അനിശ്ചിതത്വവും നേരിടുന്ന കാലഘട്ടത്തിൽ, നിശബ്‌ദമായി, മികച്ച നയതന്ത്രത്തിലൂന്നിയ ഫലപ്രാപ്‌തിയുള്ള വിദേശ സന്ദർശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 15 മുതൽ 20വരെ യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നടത്തിയത്. ആഗോള മാദ്ധ്യമങ്ങൾ വൻ തലക്കെട്ടുകൾക്കായി പാഞ്ഞ സമയത്ത് മോദി നടത്തിയ ഈ സന്ദർശനങ്ങളിലൂടെ ഊർജ സുരക്ഷ, നിർണായക സാങ്കേതികവിദ്യ, ഹരിത മൂലധനം, കണക്ടിവിറ്റി ഇടനാഴികൾ എന്നിവയിൽ ഇന്ത്യയുടെ സ്ഥാനം ക്രമാനുഗതമായി ശക്തിപ്പെടുത്തുകയായിരുന്നു. സുസ്ഥിരമായ നയ നിലപാടുകളെ കൃത്യമായ, തന്ത്രപരമായ നേട്ടങ്ങളാക്കി മാറ്റുന്ന അച്ചടക്കമുള്ള, രാഷ്ട്രതന്ത്രജ്ഞതയായിരുന്നു അത്.

യു.എ.ഇ കരാർ

ഇന്ത്യയും യു.എ.ഇയും തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനും നിർണായക ഊർജ കരാറുകൾക്കുമുള്ള ഒരു ചട്ടക്കൂടിൽ ഒപ്പുവച്ചു. പ്രധാന ഫലങ്ങൾ:

വിശാഖപട്ടണം, ചാണ്ടിഖോൾ തുടങ്ങിയ ഇടങ്ങളിൽ 30 ദശലക്ഷം ബാരൽ വരെ അസംസ്കൃത പെട്രോളിയം ശേഖരിക്കാൻ അബുദാബി നാഷണൽ ഒായിൽ കമ്പനിയുമായി ധാരണ. ദീർഘകാല എൽ.പി.ജി വിതരണ കരാറുകൾ.

അടിസ്ഥാന സൗകര്യം, ധനകാര്യം, നൂതന മേഖലകൾ എന്നിവയിലേക്ക് 5 ബില്യൺ ഡോളറിന്റെ പുതിയ യു.എ.ഇ നിക്ഷേപം.

12 വർഷത്തിനിടെ മോദി എട്ട് തവണ യു.എ.ഇ സന്ദർശിച്ചു. എണ്ണ ഇടപാടിൽ മാത്രമൊതുങ്ങിയ ബന്ധത്തെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റി. കരുതൽ ശേഖരം കൂട്ടി ആഗോള എണ്ണ പ്രതിസന്ധികളിൽ ഇന്ത്യയ്‌ക്ക് ആശങ്കയില്ലാതാക്കാൻ കരാർ സഹായിക്കും.

നെതർലൻഡ്‌സ്

സന്ദർശനം

നെതർലൻഡ്‌സ് സന്ദർശനത്തിനിടെ, നൂതന ചിപ്പുകൾക്ക് അത്യാവശ്യമായ എക്‌സ്ട്രീം അൾട്രാവയലറ്റ് ലിത്തോഗ്രാഫി മെഷീനുകളുടെ ലോകത്തിലെ ഏക നിർമ്മാതാവായ എ.എസ്.എം.എല്ലും ടാറ്റ ഇലക്ട്രോണിക്‌സും തമ്മിലുള്ള ഒരു നാഴികക്കല്ലായ കരാറിന് മോദി നേരിട്ട് മേൽനോട്ടം വഹിച്ചു. ഗുജറാത്തിലെ ധോളേരയിൽ ടാറ്റ 11 ബില്യൺ മുതൽമുടക്കിൽ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ 300 എം.എം സെമികണ്ടക്ടർ കേന്ദ്രത്തിനായാണിത്. ഈ പങ്കാളിത്തത്തിൽ സാങ്കേതികവിദ്യ കൈമാറ്റം, കഴിവുകളുടെ വികസനം, വിതരണ ശൃംഖല പിന്തുണ എന്നിവ ഉൾപ്പെടുന്നു.

കരാറിന്റെ പ്രധാന്യം:എ.എസ്.എം.എല്ലിന്റെ യന്ത്രങ്ങൾ എല്ലായിടത്തും ലഭ്യമല്ല. മെഷീനുകൾ കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എ.ഐ, പ്രതിരോധ സംവിധാനങ്ങൾ, ഭാവിയിലെ കമ്പ്യൂട്ടറുകൾ എന്നിവയെ രൂപപ്പെടുത്തുന്ന നിർണായക സെമികണ്ടക്ടർ മേഖലകളിൽ ഇന്ത്യ ഇപ്പോൾ പ്രവേശനം നേടിയിട്ടുണ്ട്.

സ്വീഡൻ: എ.ഐയും

സാങ്കേതിക പങ്കാളിത്തവും

ഗോഥെൻബർഗിൽ, മോദി സ്വീഡനുമായുള്ള ബന്ധത്തെ പൂർണ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തി. 2026-2030 കാലത്തെ ജോയിന്റ് ആക്‌ഷൻ പ്ളാനിനൊപ്പം സ്വീഡൻ-ഇന്ത്യ ടെക്‌നോളജി ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോറിഡോറും ആരംഭിച്ചു.

അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കൽ, എ.ഐ, 5ജി/6ജി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, നിർണായക ധാതുക്കൾ എന്നിവയിലെ സഹകരണം ഉൾപ്പെടെയാണ് ലക്ഷ്യങ്ങൾ.

നോർവേ: ഗ്രീൻ

സ്ട്രാറ്റജിക് പങ്കാളിത്തം

ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സോവറിൻ വെൽത്ത് ഫണ്ട് ഉടമയായ (1.8 ട്രില്യൺ ഡോളർ)​ നോർവേയുമായി മോദി ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തം ഉറപ്പിച്ചു. 43 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത്. ശുദ്ധമായ ഊർജം, ഹരിത ഹൈഡ്രജൻ, ബ്ളൂ ഇക്കോണമി, ഗ്രീൻ ഷിപ്പിംഗ്, നിർണായക ധാതുക്കൾ, ആർട്ടിക് ഗവേഷണം. ബഹിരാകാശം, ആരോഗ്യം, ഡിജിറ്റൽ വികസനം തുടങ്ങിയ മേഖലകളിൽ കരാറുകളും ഒപ്പുവച്ചു.

നോർവേയിൽ നിന്നുള്ള മൂലധനം ഇന്ത്യയുടെ വളർച്ചയിൽ നിർണായകമാകും.

ഇറ്റലിയും സാമ്പത്തിക

ഇടനാഴിയും

റോമിൽ, ഇന്ത്യ-മിഡിൽഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ (ഐ.എം.ഇ.സി) കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സഹകരണം തന്ത്രപരമായ പങ്കാളിത്തമാക്കാൻ ധാരണയായി. ഉഭയകക്ഷി വ്യാപാര ലക്ഷ്യം- 2029ഓടെ 20 ബില്യൺ യൂറോ.

വിതരണ ശൃംഖലകൾ, പ്രതിരോധ വ്യവസായ ബന്ധങ്ങൾ, ശുദ്ധമായ സാങ്കേതിക വിദ്യ, സെമികണ്ടക്ടറുകൾ എന്നിവയിൽ ഊന്നൽ.

40 ബില്യൺ ഡോളർ

നിക്ഷേപ ഉറപ്പുകൾ

പര്യടനത്തിലുടനീളം, മോദി 50ലധികം ആഗോള കമ്പനികളുടെ മേധാവിമാരുമായി ഇടപെട്ടു (അവരുടെ കമ്പനികളുടെ സംയോജിത വിപണി മൂല്യം 2.7- 3 ട്രില്യൺ ഡോളർ). ഫലം- സെമികണ്ടക്ടറുകൾ, പ്രതിരോധം, ഊർജം, ലോജിസ്റ്റിക്സ്, എ.ഐ എന്നിവയിലായി ഇന്ത്യയിലേക്ക് 40 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപ ഉറപ്പുകൾ ലഭിച്ചു. ഈ സ്ഥാപനങ്ങളിൽ നിന്ന് നിലവിൽ 180 ബില്യൺ ഡോളർ നിക്ഷേപമുണ്ട്.

മോദി എന്ന നയതന്ത്രജ്ഞൻ

പ്രധാനമന്ത്രി നടത്തിയത് വെറുമൊരു സന്ദർശനമായിരുന്നില്ല. ആഗോള മൂലധനത്തെ സുഖകരമാക്കുന്ന സാമ്പത്തിക പ്രതിരോധശേഷിയും പരിഷ്കരണ വിശ്വാസ്യതയും കെട്ടിപ്പടുക്കുക, എല്ലാ പ്രധാന ശക്തികളുമായും സൗഹൃദപരമായ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുക, വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള നേതാക്കളിൽ വിശ്വാസം വളർത്തിയെടുക്കുക തുടങ്ങിയ നയതന്ത്രമായിരുന്നു അത്. ബഹളമയമായ ലോകത്ത്, നിശബ്ദവും സ്ഥിരതയുള്ളതുമായ രാഷ്ട്രതന്ത്രജ്ഞതയാണ് ദീർഘകാല വിജയം നേടുന്നതെന്ന് മോദി നേതൃത്വം നൽകുന്ന ഇന്ത്യ തെളിയിക്കുകയാണ്. ശക്തമായതും സ്ഥിരതയുള്ളതും സഹകരണ സ്വഭാവമുള്ളതുമായ ഇന്ത്യയ്‌ക്കൊപ്പം നിൽക്കാതെ തരമില്ലെന്ന് വൻ ശക്തികൾ മനസിലാക്കുന്നു.